മലയാള സിനിമയിലെ ഒരു സ്ത്രീയോടും സുരേഷ് മോശമായി പെരുമാറിയിട്ടില്ല

In Featured, Special Story
October 29, 2023

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി. മലയാള സിനിമാ മേഖലയിലുള്ള ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള ഒരു വ്യക്തിയല്ല സുരേഷ് ഗോപിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മീഡിയ വൺ ചാനലിലെ ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിമയിലേയ്ക്ക് എത്തിപ്പെട്ട കാലത്തെ ഒരു സുരേഷ് ഗോപിയുണ്ട്. ഇത്രയും പാവം പിടിച്ച അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് വരേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതിൽ രാഷ്ട്രീയമുണ്ടോ എന്നുള്ള കാര്യം എനിക്കറിയില്ല. ഒരു രാഷ്ട്രീയ പ്രവർത്തകന് വേണ്ട തഴക്കവും പഴക്കവും അദ്ദേഹത്തിന് ഇപ്പോഴും വന്നിട്ടില്ല. താനൊരു രാഷ്ട്രീയക്കാരനാണെന്നത് അദ്ദേഹം പലപ്പോഴും മറക്കുന്നു.

ഞങ്ങൾക്കെല്ലാം അതറിയാം. സത്യത്തിൽ ഇവിടെ സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് എല്ലാവരും വിമർശിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയെ സിനിമാക്കാരനായിട്ട് മാത്രമേ എനിക്ക് കാണാൻ കഴിയൂ. അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്റെ പല പ്രസ്താവനകളെയും ഞാൻ എതിർക്കാറുണ്ട്. അതിന്റെ പേരിൽ കാണുമ്പോഴൊക്കെ ഞങ്ങൾ തമ്മിൽ വഴക്കിടാറുമുണ്ട്. പക്ഷേ, ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.’ – ഭാഗ്യലക്ഷ്മി പറഞ്ഞു.

‘അദ്ദേഹം ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് എല്ലാ സ്ത്രീകളോടും സംസാരിക്കുന്നത് മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളു. ആ കുട്ടിയോട് സംസാരിച്ചപ്പോൾ ഞങ്ങളോട് പെരുമാറുന്നതുപോലൊരു രീതി സ്വീകരിച്ചു എന്നത് മാത്രമാണ് എനിക്ക് തോന്നിയത്.

സുരേഷ് ഗോപി തോളത്ത് കൈവച്ചത് തെറ്റായ ചിന്തയോടെയാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ സംഭവം നടന്നപ്പോഴും ആ കുട്ടി ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. ബുദ്ധിമുട്ടുള്ളതായി തോന്നിയെങ്കിൽ അവിടെ വച്ച് തന്നെ പ്രതികരിക്കണമായിരുന്നു. അവിടെ വച്ച് ചിരിച്ചിട്ട് പിന്നീട് അതിനെ വാർത്തയാക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ മകളുടെ പ്രായമാണ് ഈ മാധ്യമപ്രവർത്തകയ്ക്ക്. അവിടെ ഒരു രാഷ്ട്രീയക്കാരനായിട്ടല്ല അദ്ദേഹം പെരുമാറിയത്. പിന്നീട് മാപ്പ് പറഞ്ഞ രീതിയും അങ്ങനെയാണ്.’- ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.