രാഹുൽ ഗാന്ധിയുടെ ആസ്തി 20 കോടി രൂപ; വരുമാനം ഒരു കോടി

കല്പററ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് രണ്ടാം തവണ മൽസരിക്കുന്ന കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തി 20 കോടി രൂപ. വാർഷിക വരുമാനം ഒരു കോടി രൂപ.

നാമനിർദ്ദേശപത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തിൽ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022-23 സാമ്പത്തിക വർഷത്തിൽ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും വ്യക്തമാക്കുന്നുണ്ട്.

ബാങ്കിൽ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ട്. 4.33 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകളിൽ 3.81 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. അതേസമയം സോവറിൻ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 15.2 ലക്ഷം രൂപയാണ്. ഇവയ്ക്ക് പുറമെ 4.2 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്.

ഇത് കൂടാതെ എൻഎസ്എസ്, തപാൽ സേവിംഗ്, ഇൻഷുറൻസ് പോളിസികളിലായി ഏകദേശം 61.52 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.

9,24,59,264 രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രാഹുൽ ഗാന്ധിക്കുള്ളത്. ഇത്തരത്തിൽ അദ്ദേഹത്തിൻ്റെ ആകെ ആസ്തി 20,38,61,862 രൂപയാണ്. ഇവയ്ക്കൊപ്പംതന്നെ അദ്ദേഹത്തിന് ഏകദേശം 49,79,184 രൂപയുടെ ബാധ്യതയുണ്ട്.

2004-ലാണ് രാഹുൽ ഗാന്ധി തൻ്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തിൻ്റെ ആകെ ആസ്തി 55 ലക്ഷം രൂപയായിരുന്നു.