ക്ഷത്രിയൻ
ആരാണ് മുഖ്യ ശത്രു സി.പി.എമ്മോ ബി ജെ പിയോ ? ഈ ചോദ്യത്തിനുത്തരം നൽകേണ്ടത് ഇന്ത്യാ മുന്നണിയിലെ കോൺഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാൽ.സി.പി.എമ്മിന്റെ എ.എം.ആരിഫിനെ തോൽപ്പിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത് ആലപ്പുഴയുടെ കളത്തിലിറങ്ങിയിരിക്കുകയാണ് കെ.സി.
പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ നാണം കെട്ട തീരുമാനം.സംസ്ഥാനത്തെ 20 സീറ്റിലും എൽ.ഡി.എഫിനെ തോൽപ്പിക്കുകയാണ് യു.ഡി.എഫിന്റെ ദൗത്യം.പക്ഷെ ആലപ്പുഴയിൽ എൽ.ഡി.എഫ് തോറ്റാൽ ജയിക്കുന്നത് യു.ഡി.എഫ് മാത്രമല്ല; ബി.ജെ.പി.കൂടിയാണ്.
ബി.ജെ.പി.ക്ക് രാജ്യസഭയിൽ ഒരാളെ സംഭാവന ചെയ്യേണ്ട ദൗത്യമാണോ കെ.സി.ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എം പി ആണ് വേണുഗോപാൽ. രാജ്യസഭയിൽ പാർടിയെ സേവിക്കാൻ ഇനിയും ഏതാനും വർഷങ്ങളുമുണ്ട്.
അപ്പോൾ ആലപ്പുഴയിൽ വേണുഗോപാൽ ജയിച്ചാൽ രാജസ്ഥാനിൽ നിന്ന് ബി ജെ പി ക്ക് ഒരു എം പിയെ സമ്മാനമായി കിട്ടും. ഉറപ്പ്. അവിടത്തെ നിയമസഭയിൽ ബി ജെ പി ക്ക് ആണല്ലോ ഭൂരിപക്ഷം.
രാജ്യസഭയിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷം തികയ്ക്കാൻ നാലു സീററിന്റെ കുറവ്. ആ കുറവ് പരിഹരിക്കാനുള്ള ദൗത്യമാണോ കെ.സി.ക്ക്. അല്ല എന്ന് ഉറപ്പിച്ചു പറയാനുള്ള ഉത്തരവാദിത്വവും കെ.സി.ക്കും എ.ഐ.സി.സിക്കുമുണ്ട്.
അടുത്ത കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥി താനാണെന്ന് പറയാതെ പറയാൻ വ്യഗ്രത കാട്ടുന്ന കെ.സി ക്ക് 2026 ൽ നടക്കുന്ന അടുത്ത നിയമസഭ തിരഞ്ഞെടുപ്പു വരെ കാത്തിരുന്നു കൂടെ. അതുവരെ രാജ്യസഭയിലും ഇരിപ്പിടമുണ്ടല്ലോ? പിന്നെ എന്തിന് ഈ ദൗത്യം.
സി.പി.എമ്മിന്റെ ജില്ലാ കമ്മറ്റി അംഗമായ ആരീഫിനെ തോൽപ്പിക്കാൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വേണോ? കെ.സി. മൽസരിക്കാതെ ആലപ്പുഴയിൽ കോൺഗ്രസ് തോറ്റാൽ പ്രത്യേകിച്ചും ഒന്നും സംഭവിക്കില്ല. സി.പി.എം സീറ്റ് നിലനിർത്തി എന്ന് മേനി പറയാം. ആരീഫ് അത്ര കരുത്താനാണെന്ന് ആരും കരുതുന്നില്ല. രാഹുൽ മാങ്കുട്ടത്തിലിപ്പോലെ നല്ലൊരു യുവതുർക്കി ആഞ്ഞടിച്ചാൽ മറിഞ്ഞു വീഴാവുന്ന കരുത്തേ ആരീഫിനുള്ളു.
ആരീഫിനെ തോൽപ്പിക്കാനുള്ള ദൗത്യമല്ല, കെ.സിക്കുള്ളത്. ഇന്ത്യയിൽ മൽസരിക്കുന്ന മുഴുവൻ കോൺഗ്രസ് സ്ഥാനാർത്ഥികളെയും ജയിപ്പിക്കാനുള്ള വലിയ ദൗത്യം അദ്ദേഹത്തിനുണ്ട്.
ആ ഉത്തരവാദിത്വം പൂർണ്ണമായി ഏറ്റെടുക്കാതെ സ്വന്തം നേട്ടം മാത്രം ലക്ഷ്യം വച്ചുള്ള ഇത്തരം അഖിലേന്ത്യന്മാരാണ് കോൺഗ്രസിന്റെ ശാപവും ശത്രുവും. പാർട്ടിയുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാൽ രാഹുൽ ഗാന്ധിക്ക് കഴിയാത്തതാണ് അതിലേറെ കഷ്ടം .