പൊരുതി നേടുംഹിന്ദുസ്ഥാൻ….

പി.രാജൻ

‘ചിരിച്ചു നേടും പാക്കിസ്ഥാൻ, പൊരുതി നേടും ഹിന്ദുസ്ഥാൻ’ എന്നൊരു മുദ്രാവാക്യം സ്വാതന്ത്ര്യപ്പുലരിയിൽ പോലും മുസ്ലിം ലീഗുകാർ വിളിച്ചിരുന്നു.

ഹിന്ദിയിലുള്ള ഈ മുദ്രാവാക്യം വിളിച്ചു കൊണ്ട് പഴയ മുസ്ലിം ലീഗുകാർ കോഴിക്കോട്ട് പ്രകടനം നടത്തിയിട്ടുണ്ട്.ചരിത്രത്തോട് കലഹിച്ചിട്ട് കാര്യമില്ല.പക്ഷെ സത്യം വിസ്മരിക്കാനുമാവില്ല.

മഹാപണ്ഡിതനായ ഡോ.അംബേദ്ക്കർ, 1946 ൽ പോലും ബ്രിട്ടീഷുകാർ ഇന്ത്യ വിടരുതെന്ന് കമ്പിയടിച്ചയാളാണ്.സ്വതന്ത്ര ഭാരതത്തിൽ ഐത്തം പോലും അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയാറാകുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല.

പക്ഷെ അംബേദ്ക്കർ ഭരണഘടനാ നിർമ്മാണത്തിൻ്റെ നേതൃസ്ഥാനത്തെത്തുന്നതിനു മുമ്പേ തന്നെ ഐത്തം നിരോധിക്കുന്ന പ്രമേയം കേന്ദ്ര ജനപ്രതിനിധി സഭ അംഗീകരിച്ചിരുന്നു. സവർക്കറെ അധിക്ഷേപിക്കാൻ ഇടത് പക്ഷക്കാരും ജിഹാദികളും നടത്തുന്ന തീവ്രശ്രമവും വിപരീത ഫലമേയുണ്ടാക്കൂ.

സവർക്കർ ഐത്തത്തിനെതിരായി പോരാടിയ ആളാണ്.താൻ മരിച്ചാൽ മതാചാരമൊന്നുമില്ലാതെ വൈദ്യുതിയുപയോഗിച്ച് ശരീരം ദഹിപ്പിക്കണം എന്ന് ആവശ്യപ്പെട്ടയാളാണ് സവർക്കർ .അദ്ദേഹം ഒരു ഹിന്ദു മുല്ലാക്കയല്ല. ഹിന്ദു ദേശീയതയുടെ വക്താവാണ്.ലോകത്തിൻ്റെ മറു ഭാഗങ്ങളിൽ ജനാധിപത്യവും പാരാവകാശങ്ങളും എത്രത്തോളം അംഗീകരിക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിക്കൊണ്ടു ള്ള ചരിത്രപഠനമാണ് ആവശ്യം.

യൂറോപ്പിൽ ഫാസിസം പിടിമുറുക്കുന്ന കാലത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൗരാവകാശങ്ങൾ ഉറപ്പ് നൽകുന്ന സ്വതന്ത്ര ഭാരതം വിഭാവനം ചെയ്യുന്ന കറാച്ചി പ്രമേയം അംഗീകരിച്ചത്. സ്ത്രീകളെ പാർളിമെൻ്റംഗമാക്കുന്നതിനു തന്നെ എതിരായിരുന്ന വിൻസ്റ്റൺ ചർച്ചിലിനെ ആഗോളാടിസ്ഥാനത്തിൽ ജനാധിപത്യത്തിനു സർവ്വകലാശാല ഉണ്ടാക്കുന്നപക്ഷം വൈസ് ചാൻസലറാക്കണം എന്നാണ് നമ്മുടെ സുകുമാർ അഴിക്കോട് പറഞ്ഞത്.

ആധുനിക വിദ്യാഭ്യാസം നേടാൻ ഭാഗ്യമുണ്ടായ സവർണ്ണർ, പിന്നാക്കക്കാരുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ചില്ലെന്നു പറയുന്നതും ചരിത്ര സത്യമല്ല. ജാതിവിവേചനത്തിനും ഐത്തത്തിനും എതിരായി സമരം ചെയ്യാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനേ പ്രേരിപ്പിച്ചതിൽ ടി.കെ. മാധവൻ്റെ സംഭാവന ചരിത്രകാരന്മാർ അംഗീകരിച്ചിട്ടുണ്ട്.

എന്നാൽ കോൺഗ്രസ്സിൻ്റെ ആവിർഭാവത്തിനു മുമ്പ് കൽക്കത്തയിൽ ചേർന്ന ഭാരത മഹാജനസഭയുടെ സമ്മേളനത്തിൽ സംബന്ധിച്ചിട്ടുള്ള ചെങ്കുളത്ത് വലിയ കുഞ്ഞിരാമമേനോൻ തൻ്റെ പത്രത്തിൽ , ജാതിയും ഐത്തവും അവസാനിപ്പിക്കണമെന്നു മുഖപ്രസംഗമെഴുതിയത് വേണ്ടുംവണ്ണം ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

മാത്രമല്ല,നായർ സർവ്വീസ് സൊസൈറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ സാധുജന സേവനം ഉൾപ്പെടുത്തിയത് അയ്യങ്കാളിയുടെ പ്രക്ഷോഭണത്തിൻ്റെ സ്വാധീനത്താലല്ലേയെന്നു പഠിക്കേണ്ടതാണ്.ഗാന്ധിജിയുടെ ഹരിജൻ എന്ന വാക്കല്ലാ, അയ്യങ്കാളിയുടെ സാധുജനമെന്ന വാക്കാണ് എൻ.എസ്സ്.എസ്സ് കോൺഗ്രസ്സിനു മുമ്പേ അംഗീകരിച്ചത്.

മതപരിവർത്തനവും കൊളോണിയൽ സാമ്രാജ്യത്വവും കൊടികുത്തിവാഴുന്ന കാലത്ത് നായർ സർവ്വീസ് സൊസൈറ്റിയുടെ ഉദ്ദശ ലക്ഷ്യങ്ങളിൽ സാധുജന സേവനം സ്ഥാനം നേടിയെന്നത് മാനവികതക്കുള്ള മഹത്തായ സംഭാവനയായി അംഗീകരിക്കപ്പെടാവുന്നതാണ്.

ലോക ചരിത്രത്തിൽ മറ്റേതെങ്കിലുമൊന്ന് സ്വസമുദായത്തിനപ്പുറമുള്ള സേവനത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ലോക ചരിത്രത്തെ ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കു മുള്ള മുന്നേറ്റമായി വ്യാഖ്യാനിക്കുകയാണ് വേണ്ടത്. മാറാത്ത മതഗ്രന്ഥങ്ങൾക്കു വേണ്ടി വാശി പിടിക്കുന്നത് ചരിത്രത്തെ പിന്നോട്ടു വലിക്കുകയേയുള്ളൂ.

———————————————————————————————————

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക