വളച്ചുകെട്ടലുകളില്ലാത്ത പോലീസ് സ്റ്റോറി അന്വേഷിപ്പിൻ കണ്ടെത്തും

ഡോ ജോസ് ജോസഫ്
 ലയാള സിനിമയിൽ ഇത് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് പോലീസ് സ്റ്റോറികളുടെ പ്രളയകാലമാണ്. പോലീസ് സ്റ്റോറികൾക്ക് എക്കാലവും പ്രേക്ഷകരിൽ  വലിയൊരു ആരാധകവൃന്ദമുണ്ട്. വലിക്കെകഴിഞ്ഞ മാസം പുറത്തിറങ്ങിയ ജയറാം- മമ്മൂട്ടി ചിത്രം ഒസ്ലറിന് ശേഷം റിലീസാകുന്ന മറ്റൊരു പോലീസ് സ്റ്റോറിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.
.1990കളുടെ ആദ്യം നടക്കുന്ന ഒരു കൊലപാതകം. അതിനും 6 വർഷം മുമ്പു നടന്ന മറ്റൊരു കൊലപാതകം. ഒരു സിനിമയ്ക്കുള്ളിൽ  പരസ്പര ബന്ധമില്ലാത്ത രണ്ടു കൊലപാതകങ്ങളുടെ അന്വേഷണ കഥ പറയുന്ന സിനിമയാണ് ഡാർവിൻ കുര്യാക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും. വ്യത്യസ്തമായ  സമയങ്ങളിൽ നടന്ന രണ്ട് കൊലപാതകങ്ങളുടെ വളച്ചുകെട്ടില്ലാത്ത, നേരെയുള്ള  ക്രൈം ഇൻവെസ്റ്റിഗേഷൻ നടപടിക്രമമാണ് ചിത്രം.
മികവുള്ള അന്വേഷണം, നല്ല സിനിമയുടെ കണ്ടെത്തൽ; 'അന്വേഷിപ്പിൻ കണ്ടെത്തും' റിവ്യു | Anweshippin Kandethum Movie Review | Tovino Thomas | Latest Malayalam Movie | Malayala Manorama Online News
ഈ രണ്ട് സംഭവങ്ങളെയും  കോർത്തിണക്കുന്ന ഏക ഘടകം  ഒരേ പോലീസ് ടീം അന്വേഷിക്കുന്നു എന്നതു മാത്രമാണ്. സംശയത്തിൻ്റെ നിഴലിൽ കുറെപ്പേരെ നിർത്തി  യഥാർത്ഥ പ്രതിയെ അവസാന നിമിഷം വരെ ഒളിപ്പിച്ചു വെയ്ക്കുന്ന ട്രിക്കാണ് ചിത്രത്തിൽ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം  പ്രയോഗിച്ചിരിക്കുന്നത്. 145 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ക്വാഡാണ് അന്വേഷിച്ചതെങ്കിൽ ഇവിടെ ടൊവിനോ തോമസ് നയിക്കുന്ന നാലംഗ പോലീസ്  സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.
  നായകനായ സബ് ഇൻസ്പെക്ടർ ആനന്ദ് നാരായണൻ്റെ (ടൊവിനോ തോമസ്) രണ്ടാം വരവോടെയാണ് ചിത്രത്തിൻ്റെ തുടക്കം. പ്രമാദമായ ലൗലി മാത്തൻ കൊലപാതക കേസ് അന്വേഷണത്തെ തുടർന്ന് സസ്പെൻഷനിലായ ആനന്ദ് തിരികെ ജോലിയിൽ പ്രവേശിക്കാൻ കോട്ടയം എസ് പി ഓഫീസിൽ എത്തുന്നു.തുടർന്ന് ലൗലി മാത്തൻ  കൊലപാതക കേസ് അന്വേഷണമാണ് ഫ്ലാഷ് ബാക്കായി ചിത്രത്തിൻ്റെ ആദ്യ പകുതി.
കാലം തെളിയിക്കാത്ത സത്യങ്ങളുണ്ടോ? ഉദ്വേഗഭരിതം! ഗംഭീരം! 'അന്വേഷിപ്പിൻ കണ്ടെത്തും' റിവ്യൂ, anweshippin kandethum malayalam movie review, tovino thomas, darwin kuriakose, jinu v ...
1990 കളുടെ ആരംഭത്തിലെ കോട്ടയമാണ് പശ്ചാത്തലം. സഭാ തർക്കവും പള്ളിത്തർക്കവുമൊക്കെ രൂക്ഷമായി നിലനിൽക്കുന്ന കാലഘട്ടം.കോട്ടയം ചിങ്ങവനം സ്റ്റേഷൻ അതിർത്തിയിൽ നിന്നും ലൗലി എന്ന പെൺകുട്ടിയെ കാണാതാവുന്നു. പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങി കോളേജിൽ നിന്നും മടങ്ങിയെത്തിയ ലൗലിയെ വീടിനു സമീപത്തു നിന്നുമാണ് കാണാതായത്.
   അന്വേഷണം സബ് ഇൻസ്പെക്ടർ ആനന്ദ് ശരിയായ ദിശയിൽ കൊണ്ടു പോകുന്നതിനിടെ മേലുദ്യോഗസ്ഥർ ഇടങ്കോലിടുന്നു. കാണാതായ പെൺകുട്ടി ലൗലിയുടെ പിതാവ് മാത്തൻ്റെ (വെട്ടുകിളി’ പ്രകാശ് ) കുടുംബവും  സംശയ നിഴലിലുള്ള ക്രിസ്ത്യൻ ആശ്രമവും സഭാ തർക്കത്തിൽ എതിർവിഭാഗങ്ങളിൽപ്പെട്ടതു കൊണ്ട് കേസ് വഴി തിരിച്ചു വിടാനായിരുന്നു പോലീസിൻ്റെ ശ്രമം. കോട്ടയം നിന്നു കത്തുമെന്നായിരുന്നു സി ഐ സൈമണിൻ്റെയും (അസീസ് നെടുമങ്ങാട്) ഡി വൈ എസ് പി അലക്സിൻ്റെയും (കോട്ടയം നസീർ ) പേടി. പേരിന് ഒരു കൊലയാളിയെ കണ്ടെത്തി അവർ കേസ് ഒതുക്കി തീർക്കുന്നു.
  എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന രോഷാകുലനായ ഒരു ‘സൂപ്പർ കോപ് ‘ ഒന്നുമല്ല ടൊവിനോയുടെ ആനന്ദ്.മേലധികാരികളോട് എതിർപ്പുണ്ടെങ്കിലും അനുസരണ ശീലനും ശാന്തനുമാണ്. എടുത്തു ചാട്ടമില്ല.ലൗലി കൊലപാതകത്തിൻ്റെ അന്വേഷണം മേലാഫീസർമാർ നിർത്തിയിടത്തു നിന്ന്  ഒതുക്കത്തിൽ ആനന്ദ് ഏറ്റെടുക്കുന്നു.
അന്വേഷിപ്പിൻ കണ്ടെത്തും' ടൊവിനോയുടെ നായികയായി ആദ്യ പ്രസാദ് | tovino thomas movie Anveshippin Kandethum | Madhyamam
ഫോറൻസിക് വിഭാഗത്തിലെ പ്രഫുല്ലചന്ദ്രൻ്റെ (പ്രേംപ്രകാശ് ) സഹായത്തോടെയായിരുന്നു  സ്വന്തം നിലയ്ക്കുള്ള ആനന്ദിൻ്റെ അന്വേഷണം. ലൗലിയുടെ വചന ശേഖരത്തിൽ നിന്നും കണ്ടെടുത്ത “മുട്ടുവിൻ തുറക്കപ്പെടും ,അന്വേഷിപ്പിൻ കണ്ടെത്തും ” എന്ന ബൈബിൾ വചനത്തെ പിന്തുടർന്ന് അന്വേഷണം നടത്തിയ ആനന്ദ് യഥാർത്ഥ കുറ്റവാളികളിലേക്കെത്തുന്നു.
സർവ്വീസിൽ തിരിച്ചെത്തിയ ആനന്ദിനെയും സ്ക്വാഡിനെയും  6 വർഷം മുമ്പു നടന്ന ചെറുവള്ളി ശ്രീദേവി കൊലക്കേസ്സിൻ്റെ അന്വേഷണം എസ് പി രാജഗോപാൽ 
 ( സിദ്ദിഖ് ) ഏൽപ്പിക്കുന്നു.. ശ്രീദേവി കൊലക്കേസ്സ് അന്വേഷണമാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി. പല പോലീസ് സംഘങ്ങൾ പല കാലത്തായി. അന്വേഷിച്ചിട്ടും തുമ്പു കണ്ടെത്താതെ ഉപേക്ഷിച്ച കേസ്സാണത്. അന്വേഷിച്ചു കണ്ടെത്തുക ഇല്ലെങ്കിൽ എഴുതിത്തള്ളുക .ഇതായിരുന്നു ആനന്ദിനും സംഘത്തിനും എസ് പി നൽകിയ നിർദ്ദേശം. ചിത്രത്തിൻ്റെ ആദ്യ പകുതി ചടുലമായാണ് നീങ്ങുന്നതെങ്കിൽ രണ്ടാം പകുതി കുറെക്കൂടി സാവധാനമാണ് മുന്നോട്ടു പോകുന്നത്.
    ശ്രീ ദേവി കൊലക്കേസിൻ്റെ മുമ്പു നടന്ന അന്വേഷണങ്ങളിൽ തിക്താനുഭവങ്ങൾ നേരിട്ടിട്ടുള്ളവരാണ് നാട്ടുകാർ. അവരതൊന്നും മറന്നിട്ടില്ല. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും  (ബാബുരാജ് ) പൗരപ്രമുഖനായ സദാനന്ദൻ ചെറുവള്ളിയുടെയുമെല്ലാം ( ഷമ്മി തിലകൻ) എതിർപ്പുകളെ അവഗണിച്ചു കൊണ്ടാണ് ആനന്ദിൻ്റെയും സംഘത്തിൻ്റെയും അന്വേഷണം. ആദ്യ പകുതിയിലേതു പോലെ രണ്ടാം പകുതിയിലും പലരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തി അവസാനം യഥാർത്ഥ പ്രതിയെ പുറത്തു കൊണ്ടുവരുന്നതാണ് ട്വിസ്റ്റ്.
Dhee marks her Malayalam debut through 'Anweshippin Kandethum'
    നേരെ ചൊവ്വെയുള്ള റിയലിസ്റ്റിക്കായ അന്വേഷണമാണ് ചിത്രത്തിൻ്റെ കാതൽ. വില്ലന്മാർക്ക് കറുത്ത ചായക്കൂട്ടുകളുടെ സൈക്കോ മേക്ക് ഓവറില്ല. നായകന് പഞ്ച് ഡയലോഗുകളില്ല. അട്ടഹാസങ്ങളില്ല.രക്തച്ചൊരിച്ചിലുകളും വലിയ സംലട്ടനങ്ങളുമില്ല. പക്ഷെ, ഏറെ കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും പലരും പ്രേക്ഷകമായി കണക്ട് ആകുന്നില്ല.
   മിതത്വമുള്ള അഭിനയമാണ് ടൊവിനോ യുടേത്.ശാന്തനും കൂർമ്മബുദ്ധിയുമായ ആനന്ദിനെ ടൊവിനോ ഭംഗിയായി അവതരിപ്പിച്ചു.സ്ക്വാഡിലെ മറ്റ് പോലീസുകാരായെത്തിയ രാഹുൽ രാജഗോപാൽ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. മധുപാൽ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സാദ്ദിഖ്,നന്ദു, രമ്യ സുവി, ശരണ്യ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
   ആദ്യ ചിത്രത്തിൻ്റെ പാളിച്ചകളൊന്നുമില്ലാതെ മികച്ച രീതിയിലാണ് ഡാർവിൻ കുര്യാക്കോസ് അന്വേഷിപ്പിൻ കണ്ടെത്തും സംവിധാനം ചെയ്തിരിക്കുന്നത്.1980 കളിലെയും 1990 കളിലെയും പശ്ചാത്തലം പുന:സൃഷ്ടിക്കുന്നതിൽ കലാസംവിധായകൻ വിജയിച്ചു.ചിത്രത്തിൻ്റെ മൂഡിനു ചേർന്ന പശ്ചാത്തല സംഗീതമാണ് സന്തോഷ് നാരായണൻ നൽകിയിരിക്കുന്നത്.
തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ സംഗീതം നൽകുന്ന ആദ്യ മലയാള ചിത്രമാണിത്. രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ ഗ്രാമങ്ങളുടെ ചാരുത ക്യാമറാമാൻ ഗൗതം ശങ്കർ ഭംഗിയായി ഒപ്പിയെടുത്തു. ചില ഭാഗങ്ങളിൽ ലാഗ് അനുഭവപ്പെടുമെങ്കിലും ജിനു വി എബ്രഹാമിൻ്റെ തിരക്കഥയിൽ പാളിച്ചകളില്ല. കടുവയ്ക്കും കാപ്പയ്ക്കും ശേഷം ജിനുവിൻ്റെ വ്യത്യസ്തമായ മറ്റൊരു തിരക്കഥയാണ് അന്വേഷിപ്പിൻ കണ്ടെത്തും.
————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
————————————————
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

———————–——-—————————————-