ചൈന ഫുട്ബോള്‍ മുന്‍ തലവന് ജീവപര്യന്തം തടവ്

ബൈജിംഗ് : കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കുന്ന കേസിൽ ചൈനയുടെ ദേശീയ ഫുട്ബോള്‍ ടീം മുന്‍ തലവന്‍ ചെന്‍ സ്യൂയാന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

കായികരംഗത്തെ ഏറ്റവും വലിയ അഴിമതിക്കേസാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ഫുട്ബോളില്‍ നിക്ഷേപം, സംഘാടനം, പ്രൊജക്ട് കരാർ തുടങ്ങിയവയില്‍ വഴിവിട്ട് സഹായിച്ചുവെന്നതാണ് ചെന്നിനെതിരായ കുറ്റങ്ങള്‍.

അഴിമതി മൂലമാണ് ചൈന ഫുട്ബോളിന് തകർച്ച സംഭവിച്ചതെന്നാണ് ആരാധകരില്‍നിന്നുയർന്ന ആരോപണം.

2019ല്‍ ചൈന ഫുട്ബോള്‍ അസോസിയേഷന്റെ (സിഎഫ്എ) ചെയർമാന്‍ സ്ഥാനത്ത് എത്തിയതിന്റെ തലേദിവസം രണ്ട് പ്രാദേശിക ഫുട്ബോള്‍ ഉദ്യോഗസ്ഥർ തന്നെ സമീപിച്ചതായും മൂന്ന് ലക്ഷം യുവാന്‍ (34.6 ലക്ഷം രൂപ) കോഴ നല്‍കിയതായും ചെന്‍ ഏറ്റുപറഞ്ഞിരുന്നു.

2010 മുതല്‍ 2023 വരെ ചെന്‍ വിവിധ തസ്തികകള്‍ ദുരുപയോഗം ചെയ്തതായി സെന്‍ട്രല്‍ ഹുബെയ് പ്രവശ്യയിലെ കോടതി കണ്ടെത്തി. കായികമേഖലയിലെ നിക്ഷേപം, പ്രൊജക്ട് കരാർ തുടങ്ങിയവയില്‍ വഴിവിട്ട് സഹായിച്ചതായാണ് കണ്ടെത്തല്‍.

വഴിവിട്ട സഹായത്തിനുപകരമായി പണവും വസ്തുക്കളും ചെന്‍ സ്വീകരിച്ചതായാണ് റിപ്പോർട്ട് പറയുന്നത്. ഇത് ഏകദേശം 81 ദശലക്ഷം യുവാന് (93.5 കോടി രൂപ) മുകളില്‍ വരും.

സിഎഫ്എ മുന്‍ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ചെന്‍ യോങ്‌ലിയാങ്, മുന്‍ വൈസ് ഹെഡ് യു ഹോങ്ചെവ്‍, സൂപ്പർ ലീഗ് മുന്‍ ജനറല്‍ മാനേജർ ഡോങ് ഷെങ് എന്നിവരും അന്വേഷണം നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.യോങ്‌ലിയാങ്ങിന് 14 വർഷവും യുവിന് 13 വർഷവും ഡോങ്ങിന് എട്ട് വർഷവുമാണ് ജയില്‍ശിക്ഷ.