കോഴക്കേസിൽ കെ സുരേന്ദ്രൻ ഹാജരാവണം

കാസർകോ‍‍ട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നാല് തവണയും കേസ് പരി​ഗണിച്ചപ്പോൾ കെ സുരേന്ദരൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ തങ്ങൾ വിടുതൽ ഹർജി നൽകുകയാണ്, അതുകൊണ്ടാണ് ഹാജരാകാത്തത് എന്നായിരുന്നു പ്രതികളുടെ അഭിഭാഷകർ കോടതിയോട് വ്യക്തമാക്കിയത്. കഴിഞ്ഞ നാലാം തീയതി വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് വാദം നടന്നിരുന്നു. അതിലാണിപ്പോൾ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

സുരേന്ദ്രൻ അടക്കമുള്ള 6 പ്രതികളും അടുത്ത തവണ കോടതി കേസ് പരി​ഗണിക്കുമ്പോൾ ഹജരാകണമെന്നാണ് ഇപ്പോൾ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 25നാണ് വിടുതൽ ഹർജി കോടതി പരി​ഗണിക്കുക. വാദം കേട്ടതിന് ശേഷമായിരിക്കും ഈ കേസ് ഒഴിവാക്കണമോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കുക.

 

കേസ് അനധികൃതമായി കെട്ടിച്ചമച്ചതാണ്, അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കണമെന്നാണ് സുരേന്ദ്രന്റെയും മറ്റ് പ്രതികളുടെയും അഭിഭാഷകർ വാദിക്കുന്നത്. 25 ന് വാദം കേട്ടതിന് ശേഷമായിരിക്കും മഞ്ചേശ്വരം കോഴക്കേസിന്റെ തുടർനടപടികളിലേക്ക് കോടതി കടക്കുക.

മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രനാണ് ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികൾ. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് നാലാം പ്രതി. ബിജെപി മുൻ ജില്ലാ പ്രസിഡൻറ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവർ അഞ്ചും ആറും പ്രതികൾ.

പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾക്ക് പുറമേ അന്യായമായി തടങ്കലിൽ വയ്ക്കൽ, തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

മണികണ്ഠറൈ, സുരേഷ് നായിക്, സുനിൽ നായിക് എന്നിവരാണ് സുന്ദരയുടെ വീട്ടിലെത്തി പണം കൈമാറിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥാനാർതിത്വം പിൻവലിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത് ബാലകൃഷ്ണ ഷെട്ടിയും മൊബൈൽ ഫോൺ വാങ്ങി നൽകിയത് ലോകേഷ് നോണ്ടയുമാണ്. ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News