റിവ്യൂ ഏഴല്ല, 70 ദിവസം കഴിഞ്ഞാലും പാടില്ല; ഹൈക്കോടതി

In Featured, Special Story
October 11, 2023

കൊച്ചി: സിനിമകളെ നശിപ്പിക്കുന്ന റിവ്യൂ ഏഴല്ല, 70 ദിവസം കഴിഞ്ഞാലും പാടില്ലെന്നാണ് നിലപാടെന്ന് ഹൈക്കോടതി. സിനിമാ വ്യവസായത്തെ തകർക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഒരു മൊബൈലുണ്ടെങ്കിൽ എന്തുമാകാമെന്ന അവസ്ഥയാണ്. അതേസമയം ആരോഗ്യകരമായ നിരൂപണത്തിന് ഇത് തടസ്സമല്ല. റിവ്യൂവിലൂടെ സിനിമാപ്രവർത്തകരെ ബ്ളാക്ക് മെയിൽ ചെയ്യുന്ന വ്ളോഗർമാരാണ് ഉത്തരവിനെ ഭയക്കേണ്ടതെന്നും വിശദീകരിച്ചു.

സിനിമാ നിരൂപണങ്ങളുടെ മറവിൽ ബ്ളാക്ക് മെയിൽചെയ്തു പണം തട്ടുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശവും നൽകി.സിനിമകളെ തകർക്കുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് “ആരോമലിന്റെ ആദ്യപ്രണയം” എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് ഇക്കാര്യം പറഞ്ഞത്.

സിനിമാക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ചില വ്ളോഗർമാർ ശ്രമിക്കുന്നുണ്ടെന്നും പണം കൊടുത്തില്ലെങ്കിൽ മോശംറിവ്യൂ നൽകി സിനിമ പരാജയപ്പെടുത്തുമെന്നും ഹർജിക്കാർ വാദിച്ചു. ഇക്കാര്യത്തിൽ ഡി.ജി.പി എന്തുനടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാൻ കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നിർമ്മാതാക്കൾ, സംവിധായകർ തുടങ്ങി സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പ്രോട്ടോക്കോൾ ഉണ്ടാക്കുമെന്നും ഇതിനായി സമയംവേണമെന്നും സർക്കാർ അഭിഭാഷകൻ ഇന്നലെ അറിയിച്ചു. തുടർന്ന് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. പൊലീസ് നടപടിക്ക് പ്രോട്ടോക്കോൾ വരുംവരെ കാത്തുനിൽക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

സിനിമകൾ റിവ്യൂചെയ്ത് തകർക്കുന്നതിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഹർജി നൽകി. കോടതി ഇടപെടുംവരെ അസോസിയേഷൻ എവിടെയായിരുന്നെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാന്റേഡ്‌സ് പ്രകാരം ബിസ് റിവ്യൂ അഡ്‌മിനിസ്ട്രേറ്റർ എന്ന തസ്തികയുണ്ടെന്നും ഇത് നടപ്പാക്കണമെന്നുമാണ് അസോസിയേഷൻ വാദിച്ചത്. എന്നാൽ ഇതെത്രത്തോളം ഫലപ്രദമാകുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് കേന്ദ്രസർക്കാരും വിശദീകരണത്തിന് സമയംതേടി.