February 15, 2025 7:16 pm

പിണറായി വിജയനെ ഇരുത്തിപ്പൊരിച്ച് എം.ടി.വാസുദേവൻ നായർ

കോഴിക്കോട്: അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആയിമാറിയെന്നും ഇ.എം.എസ് നമ്പൂതിരിപ്പാടിനെ ഒരു നേതൃപൂജകളിലും കണ്ടിട്ടില്ലെന്നും പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെ വേദിയിലിരുത്തിയായിരുന്നു ഈ വിമർശനം.

എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആയി മാറി.അധികാരമെന്നത് ജനേസവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുമൂടി. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലായിരുന്നു എം.ടിയുടെ വിമര്‍ശനം.

ഭരണാധികാരികള്‍ എറിയുന്ന ഔദാര്യതുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ല. ഇ.എം.എസിന് കേരളത്തെ കുറിച്ച്‌ ഉത്കണ്ഠയുണ്ടായിരുന്നു. ഇ.എം.എസിനെ ഒരു നേതൃപൂജ വേദികളിൽ കണ്ടിട്ടില്ല .

രാഷ്ട്രീയത്തിലെ മൂല്യച്ചൂതിയെ കുറിച്ച്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണു .

നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്.നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്‌, എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം.

അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News