പിണറായി വിജയൻ ലോകായുക്തയുടെ കഴുത്ത് ഞെരിക്കുമ്പോൾ

തിരുവനന്തപുരം: വളരെ പുരോഗമനപരവും ചരിത്രത്തിലെ നാഴികക്കല്ലെന്നും പറഞ്ഞ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ കൊണ്ടു വന്ന നിയമമാണ് കാല്‍ നൂറ്റാണ്ടിന് ശേഷം അതേ കമ്യൂണിസ്റ്റുകാര്‍ തന്നെ കുഴിച്ചു മൂടുന്നത് – ലോകായുക്തയുടെ പല്ലു കൊഴിച്ച പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചു കൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള കൗമുദിയുടെ പൊളിററിക്കൽ എഡിറററുമായിരുന്ന ബി.വി. പവനൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

ബി.വി. പവനൻ

 

കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:

 

തെറ്റു തിരുത്തലല്ല, ശരി തിരുത്തല്‍

 

തെറ്റു തിരുത്തുന്നതില്‍ അസാധാരണ പ്രവീണ്യമുള്ളവരാണല്ലോ കമ്യൂണിസ്റ്റുകാര്‍. ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയല്ല. ചെയ്തതു തെറ്റാണെന്ന് തോന്നിയാല്‍ അത് ഏറ്റു പറയാനും തിരുത്താനും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു മടിയുമില്ല. തിരുത്താന്‍ ധാരാളം തെറ്റുകളായാല്‍ പ്‌ളീനം വിളിച്ചു കൂട്ടി, നാട് നീളെ അലങ്കരിച്ച്, കലാ പരിപാടികളുടെ അകമ്പടിയോടെ തെറ്റു തിരുത്താറുമുണ്ട്.തെറ്റു തിരുത്തുന്നതിലും ആഘോഷം അത്യാവശ്യം.

പക്ഷേ തെറ്റു മാത്രമല്ല, ശരിയും തിരുത്താനാവുമെന്നാണ് ലോകായുക്തയെ ശരിപ്പെടുത്തിയതിലൂടെ കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. വളരെ പുരോഗമനപരവും ചരിത്രത്തിലെ നാഴികക്കല്ലെന്നും പറഞ്ഞ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ കൊണ്ടു വന്ന നിയമമാണ് കാല്‍ നൂറ്റാണ്ടിന് ശേഷം അതേ കമ്യൂണിസ്റ്റുകാര്‍ തന്നെ കുഴിച്ചു മൂടുന്നത്.

ഒരു കാര്യം സമ്മതിക്കാതെ വയ്യ. തെറ്റ് തെറ്റാണെന്ന് തിരിച്ചറിയാനും അത് തിരുത്താനും സാധാരണ കാല്‍ നൂറ്റാണ്ട് എടുക്കാറുണ്ട്. ശരിയെ തിരുത്താന്‍ എടുക്കുന്നതും അതേ കാലയളവ് തന്നെയാണ്.കാല്‍ നൂറ്റാണ്ട്.

1999 ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ നിയമം പാസ്സാക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ആവേശഭരിതനായിരുന്നു. അഴിമതിയുടെ തായ് വേരാണ് അറുക്കുന്നതെന്നും അത് പൂര്‍ണ്ണമായി അറുത്തുമാറ്റാന്‍ നിയമത്തിന് ഇനിയും മൂര്‍ച്ച കൂട്ടണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നിയമം പാസ്സായ ശേഷം ആരെങ്കിലും അഴിമതി എന്ന് പറഞ്ഞാല്‍, വെറുതെ വാചകമടിക്കാതെ ലോകായുക്തയില്‍ പൊയ്ക്കൂടെ എന്ന് അദ്ദേഹം വെല്ലുവിളിക്കുന്നതും പതിവാക്കിയിരുന്നു.

1999 ഫെബ്രുവരി 1 ന് നിയമസഭയില്‍ ബില്ലവതരിപ്പിച്ചത് സ്വാത്വിക കമ്യൂണിസ്റ്റായ ഇ.ചന്ദ്രശേഖരന്‍ നായരായിരുന്നു.അഴിമതിയുടെ നിഴല്‍ പോലും വീഴാത്ത ശുഭ്ര വ്യക്തി.

ദോഷം പറയരുതല്ലോ… ചന്ദ്രശേഖരന്‍ നായര്‍ കൊണ്ടു വന്ന ബില്ലില്‍ ലോകായുക്തയുടെ ഉത്തരവുകള്‍ പരിശോധിക്കാന്‍ മറ്റൊരു സമിതി വേണമെന്ന വകുപ്പുണ്ടായിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ ജനുസില്‍ പെടുന്ന ഒരു ഐറ്റം. ഇങ്ങനെ ഒരെണ്ണം ഉണ്ടെങ്കില്‍ പിന്നെന്തിനാ ഈ നിയമം പാസ്സാക്കുന്നതെന്ന് അന്ന് ചോദിച്ച് ക്ഷുഭിതരായത് മറ്റാരുമല്ല, സി.പി.എമ്മുകാര്‍ തന്നെ.

ഈയിടെ അന്തരിച്ച നമ്മുടെ ആനത്തലവട്ടം ആനന്ദനും ജി.സുധാകരനും ശക്തിയായാണ് ഈ വകുപ്പ് എടുത്തു കളയണമെന്ന് അന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷത്ത് നിന്ന് ആര്യാടന്‍ മുഹമ്മദ്, ടി.എം.ജേക്കബ്ബ്, കെ.എം.മാണി എന്നിവരും സി.പി.എമ്മിന്റെ ആവശ്യത്തെ പിന്തുണച്ചതോടെ അത് സഭയുടെ പൊതു വികാരമായി. അതോടെ അന്ന് സ്പീക്കറായിരുന്ന എം.വിജയകുമാര്‍ ആ വകപ്പ് തത്ക്കാലം മാറ്റി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇ.ചന്ദ്രശേഖരന്‍ നായര്‍ അതിന് വഴങ്ങി.

പകരം ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തുന്ന പൊതുപ്രവര്‍ത്തകന്‍ ആരായാലും അദ്ദേഹം ആ സ്ഥാനത്ത് തുടരരുതെന്ന മാരകമായ പതിനാലാം വകുപ്പ് ബില്ലിന്റ ക്ലാസ് ബൈ ക്‌ളാസ് ചര്‍ച്ചാ വേളയില്‍ മന്ത്രി ചന്ദ്രശേഖരന്‍നായര്‍ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കുകയാണ് ചെയ്തത്. അഴിമതിക്കെതിരായ യുദ്ധം ജയിച്ച മട്ടില്‍ ഹര്‍ഷാരവത്തടെയാണ് അന്ന് ബില്‍ സഭ പാസ്സാക്കിയത്.

അന്ന് അവര്‍ തുള്ളിച്ചാടുമ്പോള്‍ പില്‍ക്കാലത്ത് തങ്ങളുടെ തന്നെ പിന്തുടര്‍ച്ചക്കാരായ മന്ത്രിമാര്‍ നിയമത്തില്‍ കുരുങ്ങുമെന്നും രാജി വയ്‌ക്കേണ്ടി വരുമെന്നും അറിഞ്ഞിരുന്നില്ലല്ലോ? കഷ്ടമായിപ്പോയി.

പക്ഷ അത് അന്നത്തെ ശരിയായിരുന്നു. കാല്‍ നൂറ്റാണ്ടിന് ശേഷം അതേ കമ്യൂണിസ്റ്റുകാര്‍ തന്നെ ആ ശരിയെ തിരുത്തുകയാണ് ചെയ്തത്. ലോകായുക്ത വിധിയില്‍ മന്ത്ിമാര്‍ രാജി വയ്‌ക്കേണ്ടി വരുന്ന പതിനാലാം വകുപ്പ് എടുത്തു കളഞ്ഞു. പകരം ലോകായുക്തയുടെ ഉത്തരവുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളുടെ നിയമനാധികാരി പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്ന വകുപ്പ് കൂട്ടിച്ചര്‍ത്തു.

മന്ത്രിമാര്‍ക്കെതിരെ ഉത്തരവ് വന്നാല്‍ മുഖ്യമന്ത്രി പരിശോധിച്ച് തീരുമാനം എടുക്കണം. മുഖ്യമന്ത്രിക്കെതിരെയാണെങ്കില്‍ ഗവര്‍ണ്ണറെ ചുമതലപ്പെടുത്താനാണ് ആദ്യം ഉദ്ദേശിച്ചത്. ഇപ്പോഴത്തെ അവസ്ഥയല്‍ അത് അതിലും വലിയ റിസ്‌ക്കായതിനാല്‍ നിയമസഭയ്ക്ക് വിട്ടു. സഭയാകുമ്പോള്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം സേഫാണ്.

കാലം മാറി വരികയാണ്. അഴിമതിയുടെ തായ് വേരറുക്കുന്നതായിരുന്നു കാല്‍ നൂറ്റാണ്ട് മുന്‍പ് പുരോഗമനപരം. ഇന്നോ ?