രാജാ രവിവർമ പുരസ്കാരം’ സുരേന്ദ്രൻ‍ നായർക്ക്

ആർ.ഗോപാലകൃഷ്ണൻ

ചിത്രകലാ രംഗത്ത്‌ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരത്തിന് പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായർ അർഹനായി. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക. 2022 വര്‍ഷത്തെ പുരസ്‌കാരമാണിത്.

ഇപ്പോൾ ഗുജറാത്തിലെ വഡോദരയിൽ താമസിച്ച് കലാസപര്യ തുടരുന്ന സുരേന്ദ്രൻ നായർ,ലോകപ്രശസ്തി നേടിയ മലയാളി ചിത്രകാരനാണ്; ലോകമെമ്പാടുമുള്ള പുരണ- ഇതിഹാസങ്ങളിലെ മൂർത്തരൂപങ്ങൾ സുരേന്ദ്രൻ നായരുടെ ആവിഷ്ക്കാരങ്ങളുടെ ഉപദാനങ്ങളും രൂപകങ്ങളായും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇവയെല്ലാം സമകാലിക സംവേദനത്തിനുള്ള ആവിഷ്ക്കരണങ്ങൾ ആയി ധ്വനിപ്പിക്കാൻ ചിത്രകാരൻ അസാധാരണ വൈഭവം പ്രകടിപ്പിക്കുന്നു. ഇത്തരം ഭാരതീയ ചിത്രങ്ങളും രൂപകങ്ങളും അവയുടെ അർത്ഥങ്ങളും സൂചനങ്ങളും തിരിച്ചറിയാത്ത മതമൗലികവാദികളുടെ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

 

🌏

എറണാകുളം ജില്ലയിലെ ഓണക്കൂറിൽ ജനിച്ചു.തിരുവനന്തപുരം ഫൈൻ ആട്സ് കോളേജിൽ നിന്ന് ചിത്രകലാ ബിരുദം നേടുന്നത്; ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആട്സ് ബിരുദാനന്തര ബിരുദവും നേടി.

1990 ൽ ‘കോളറി ഓഫ് മിഥോളജീസ്’ എന്ന ചിത്രപരമ്പര വരക്കാൻ തുടങ്ങിയതോടെ സുരേന്ദ്രൻ നായരുടെ പ്രശസ്തി ദേശീയതലത്തിലും ദേശാന്തരങ്ങളിലും പടർന്നു. ഇദ്ദേഹത്തിൻ്റെ രചനകൾ, ഫുക്ക്’വോക്ക ഏഷ്യൻ മ്യൂസിയം, ക്യൂൻസ് ലാൻ്റ് ആർട്ട് ഗ്യാലറി, നാഷണൽ ഗ്യാലറി ഓഫ് ആസ്ട്രേലിയ, നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട് (ന്യൂഡൽഹി) തുടങ്ങിയ പ്രസിദ്ധ ശേഖരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

🌏

ചിത്രകലയിലെ ദൃശ്യാവിഷ്ക്കാരത്തിലെ മികവ്, സ്ഥിരതയാർന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരത്തിന് സുരേന്ദ്രൻ‍ നായര്‍ക്ക്‌ ഈ പുരസ്കാരം നല്കുന്നത് എന്ന് ജൂറിമാർ നിരീക്ഷിച്ചു. സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയ, രാജ്യാന്തര തലങ്ങളിൽ അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്നും പുരസ്കാര നിർണയ ജൂറി വിലയിരുത്തി.

 

 

പ്രശസ്ത എഴുത്തുകാരനും ആര്‍ട്ട്‌ ക്യുറേറ്ററുമായ സദാനന്ദ മേനോന്‍ ചെയര്‍മാനും നീലിമ ഷെയ്ഖ്, ഷിബു നടേശന്‍, കെ.എം മധുസൂദനന്‍, അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളും അടങ്ങുന്നതായിരുന്നു പുരസ്‌കാര നിര്‍ണ്ണയ സമിതി

————————————————————————————————————————————————————————-

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

_________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക