ഗവർണർ – മുഖ്യമന്ത്രി പോര്: ഭരണം കുത്തഴിയുന്നു ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്പോര് അതിരുവിടുന്നു. ഇരുവരും പരസ്പരം ചീത്തവിളിക്കുന്ന സാഹചര്യത്തിൽ എസ് എഫ് ഐയും രംഗത്തിറങ്ങിയതോടെ സ്ഥിതി ഗുരുതാവസ്ഥയിലേക്ക് നീങ്ങുന്നു.

നവകേരള സദസ്സ് നടക്കുന്നതു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തില്ലാത്തതു കൊണ്ട് സെക്രട്ടേറിയേററ് സ്തംഭനാവസ്ഥയിലാണ്. സർക്കാർ ഉദ്യോഗസ്ഥരെല്ലാം സദസ്സിൻ്റെ സംഘടനത്തിരക്കിലും. ഇതിനിടെ സെക്രട്ടേറിയേററിൽ ഫയലുകൾ കുന്നുകൂടുന്നു.

ഇതിനിടെ കാലിക്കററ്  സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനറുകള്‍ ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്‍ പ്രസ്താവനയിറക്കി. കേരളത്തിലെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും പ്രസ്താവനയില്‍ ആരോപിച്ചു.

ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും രാജ്ഭവന്‍ ആരോപിച്ചു. ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ലെന്നും കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നുമാണ് രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ടാണ് ഗവര്‍ണര്‍ അഴിപ്പിച്ചത്. എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് ഞായറാഴ്ച രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്.

അതിനിടെ, ബാനറുകള്‍ പോലീസ് നീക്കിയതിന് തൊട്ടുപിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ വീണ്ടും കെട്ടി. ഗവര്‍ണറുടെ കോലവും കത്തിച്ചു. പോലീസ് ബാരിക്കേഡിന് മുകളില്‍ കയറിനിന്നുകൊണ്ടാണ് ബാനര്‍ വീണ്ടും കെട്ടിയത്.

‘സംഘി ഗവര്‍ണര്‍ വാപസ് ജാവോ’ എന്ന ബാനര്‍ ഗവര്‍ണര്‍ പോലീസുകാരെ വിരട്ടി അഴിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ നേതൃത്വത്തില്‍ ബാനര്‍ ഉയര്‍ത്തിയത്. ‘ഡൗണ്‍ ഡൗണ്‍ ചാന്‍സിലര്‍’, ‘മിസ്റ്റര്‍ ചാന്‍സിലര്‍ ദിസ് ഈസ് കേരള’, ‘ഡോണ്ട് സ്പിറ്റ് ഹാന്‍സ് ആന്‍ഡ് പാന്‍ പരാഗ്’ എന്നീ ബാനറുകളാണ് ഉയര്‍ത്തിയത്. ഗവര്‍ണര്‍ക്ക് അനുകൂലമായി എബിവിപി ഉയര്‍ത്തിയ ബാനറും കൂടാതെ റോഡിലടക്കം ഗവര്‍ണര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും എഴുതി.

ബാനറുകൾ അഴിച്ചുമാറ്റിയാല്‍ വിവരമറിയുമെന്ന് ആർഷോ പ്രതികരിച്ചു. ബാനര്‍ നീക്കണമെന്ന തന്റെ ആവശ്യം അനുസരിക്കാത്തതില്‍ പോലീസിനോടു ക്ഷുഭിതനായാണ് ഗവര്‍ണര്‍ രാത്രിയോടെ ക്യാംപസില്‍ ഇറങ്ങി പോലീസിനെക്കൊണ്ടു തന്നെ ബാനറുകള്‍ അഴിപ്പിച്ചത്. തന്റെ നിര്‍ദേശത്തിന് പോലീസ് വിലകല്‍പിക്കാത്തതില്‍ മലപ്പുറം എസ് പി അടക്കമുള്ളവരെ ഗവര്‍ണര്‍ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.

അതേസമയം സര്‍വകലാശാലയില്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാന കവാടത്തിലൂടെയുള്ള പ്രവേശനം പോലീസ് വിലക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. പകരം ദേശീയ പാതയില്‍ പുതുതായി നിര്‍മിച്ച റോഡിലൂടെ എഡി ബ്ലോക്ക് വഴിയോ മറ്റ് വഴികളിലൂടെയോ സര്‍വകലാശാലയിലേക്ക് പ്രവേശിക്കണമെന്നാണ് നിര്‍ദേശം.