സാമൂഹ്യ സമത്വവും സ്വദേശാഭിമാനിയും

പി.രാജന്‍

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാമത് ചരമദിനമായിരുന്നു കഴിഞ്ഞ മാര്‍ച്ച് 28.  മഹാനായ പത്രാധിപര്‍ എന്ന നിലയില്‍ മാത്രമല്ല സമത്വ സുന്ദരമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച സാമൂഹിക പരിഷ്ക്കര്‍ത്താവ് എന്ന നിലയിലും അദ്ദേഹം സമാദാരണീയനാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില വിമര്‍ശകര്‍ക്ക് ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ നവീകരണാശയങ്ങളുടെ തത്വം മനസ്സിലാക്കാന്‍ കഴിയാതെ പോയി. മഹാനായ ആ ജനാധിപത്യവാദിയെ ജാതീയ വാദിയായി അവര്‍ മുദ്രകുത്തി. 
കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ടി.വേണുഗോപാലിന്‍റെ “സ്വദേശാഭിമാനി-രാജദ്രോഹിയായ രാജ്യസ്നേഹി” എന്ന ജീവചരിത്രം വായിച്ച ശേഷവും ഇത്തരം ആരോപണങ്ങള്‍ സ്വദേശാഭിമാനിക്കെതിരേ ഉന്നയിക്കുന്നവരെ ശക്തമായി അപലപിക്കാതിരിക്കാനാവില്ല. ആ വിമര്‍ശകര്‍ക്ക് ഗൂഢമായ ഉദ്ദേശങ്ങളുണ്ട്. അവര്‍ സത്യത്തോട് നീതിയും ബഹുമാനവും പുലര്‍ത്തുന്നില്ല. സ്വദേശാഭിമാനി ആഗ്രഹിച്ചത് സാമൂഹിക നവോത്ഥാന പ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ലന്ന് ചിന്തിക്കാതെ അദ്ദേഹത്തെ കരിവാരിത്തേക്കുന്നത് സാമുദായിക സംവരണത്തിന്‍റെ പ്രചാരകരാണ്.

ജനാധിപത്യമെന്നാല്‍ ഒരു വ്യക്തിക്ക് ഒരു വോട്ടവകാശം എന്നതിനപ്പുറം ചിന്തിക്കാന്‍ കഴിയാതിരുന്ന ഒരു കാലത്താണ് ജനാധിപത്യ നവീകരണത്തെക്കുറിച്ചുള്ള ആശയം അദ്ദേഹം അവതരിപ്പിക്കുന്നത്. സ്ത്രീ സമത്വത്തിനായി അദ്ദേഹം വാദിക്കുമ്പോള്‍ ജനാധിപത്യ രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന പല രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമുണ്ടായിരുന്നില്ല.

ജനാധിപത്യത്തിലേക്കും മതനിരപേക്ഷതയിലേക്കുമുള്ള സമൂഹത്തിന്‍റെ വികാസത്തില്‍ ഇന്‍ഡ്യയുടെ ചരിത്രപരമായ സ്ഥാനവും പ്രാധാന്യവും പഠിക്കേണ്ടതിന്‍റെ അനിവാര്യത സ്വദേശാഭിമാനി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.