കാലങ്ങളായി ജീവിക്കുന്നവരുടെ മെക്കിട്ടു കേറുമെങ്കിൽ ചെറുക്കും

In Editors Pick, Featured
September 30, 2023

തൊടുപുഴ: മൂന്നാറില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘം വരുന്നതില്‍ എതിര്‍പ്പില്ലെന്ന് എം.എം.മണി എംഎല്‍എ.  കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുടെ മെക്കിട്ടു കേറാനാണു പരിപാടി എങ്കില്‍ ഏതു ദൗത്യസംഘമായാലും ചെറുക്കുക തന്നെ ചെയ്യും.

അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അതിനു തടസം നില്‍ക്കേണ്ട കാര്യമില്ല. ദൗത്യസംഘത്തെ വച്ചതില്‍ ഭയപ്പാടില്ല. നിയമപരമല്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ ദൗത്യസംഘത്തെ തുരത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും എം.എം.മണി പറഞ്ഞു. 

ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചതിനോടു പ്രതികരിക്കുകയായിരുന്നു എംഎല്‍എ. കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടിയിരുന്നു. ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്.

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, കാര്‍ഡമം അസി.കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണു ടീം രൂപീകരിച്ചിരിക്കുന്നത്. ദൗത്യസംഘത്തിന്റെ പ്രതിവാര പുരോഗതി ജോയിന്റ് കമ്മിഷണര്‍ വിലയിരുത്തും. ഭൂ സംരക്ഷണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തഹസില്‍ദാര്‍ക്കു (ഭൂരേഖ) പുറമേ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ദൗത്യസംഘത്തിനു റജിസ്‌ട്രേഷന്‍, വനം, മരാമത്ത്, തദ്ദേശ വകുപ്പുകള്‍ സഹായം നല്‍കണം. ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.