മുരളീധരന് ചാട്ടം പിഴച്ചപ്പോൾ…..

കൊച്ചി: അച്ഛൻ കെ. കരുണാകരൻ മെല്ലെ മൂക്കുകുത്തി തെന്നിവീണ മണ്ണിൽ മകൻ മുരളീധരൻ ദയനീയമായി തോററമ്പിയതിൻ്റെ കാരണമെന്തെന്ന് തിരക്കുന്നു രാഷ്ടീയ നിരീക്ഷകനും കേരള കൗമുദി പത്രത്തിൻ്റെ പൊളിററിക്കൽ എഡിറററുമായിരുന ബി.പി.പവനൻ.

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

 

ലീഡറും മുരളിയും

പിന്നില്‍ നിന്നല്ല, മുന്നില്‍ നിന്നു തന്നെയാണ് കുത്തിയത്.’ തൃശ്ശൂരില്‍ ഇത് പോലൊരു പരാജയമുണ്ടായപ്പോള്‍ കെ.മുരളീധരന്റെ പിതാവ് സാക്ഷാല്‍ ലീഡര്‍ പറഞ്ഞ വാക്കുകളാണ്. 1996 ല്‍. അതും മത്സരം ലോക്‌സഭയിലേക്കായിരുന്നു.

എ ഗ്രൂപ്പുകാരും തിരുത്തലുകാരും ചേര്‍ന്ന് ലീഡറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആഘോഷപൂര്‍വ്വം താഴെയിറക്കുകയും തുടര്‍ന്ന് നരസിംഹറാവു ഒരു സമാശ്വാസമെന്ന മട്ടില്‍ കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രിയൊക്കെ ആക്കുകയും ചെയ്ത ശേഷമായിരുന്നു ലീഡറുടെ ലോക്‌സഭാ മത്സരം. ഇന്ന് കെ.മുരളീധരന്റെ തോല്‍വിയുമായി ചെറിയ സാമ്യമുണ്ടായിരുന്നു അന്നത്തെ ലീഡറുടെ പരാജയത്തിനും.

ഇന്ന് കേരളത്തിലെ ഒന്നൊഴികെ എല്ലാ സീറ്റിലും യു.ഡി.എഫ് തൂത്തുവാരിയപ്പോഴാണല്ലോ മുരളീധരന്‍ മാത്രം തോറ്റു പോയത്. അന്ന് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡല പരിധിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് തൂത്തു വാരിയപ്പോഴായിരുന്നു അതേ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന ലോക്‌സഭാാ മണ്ഡലത്തില്‍ ലീഡര്‍ തറപറ്റിയത്.

അന്ന് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു തിരഞ്ഞെടുപ്പ്. അതായത് പോളിംഗ് ബൂത്തില്‍ കയറി നിയമസഭയിലേക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്ത തൃശ്ശൂരുകാര്‍ അതേ ശ്വാസത്തില്‍ ലോക്‌സഭയിലേക്ക് കോണ്‍ഗ്രസിനെതിരായും കുത്തി. അതാണ് തൃശ്ശൂരുകാര്‍.

സി.പി.ഐയുടെ വി.വി.രാഘവനായിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ഥി. പരമ സ്വാത്വികനായ കമ്യൂണിസ്റ്റുകരന്‍. സാധാരണക്കാരില്‍ സാധാരണക്കരന്‍. വൈകിട്ട് ഭാരത് ഹോട്ടലില്‍ നിന്ന് ചായയും കുടിച്ച് ഭാര്യക്ക് ഒരു മസാല ദോശ പാഴ്‌സലും വാങ്ങി കാണുന്നവരോടെല്ലാം കുശലം പറഞ്ഞ് ഫുട്പാത്തിലൂടെ നടന്നു പോകുന്ന വി.വി.രാഘവന്‍. മറുവശത്ത സര്‍വ്വപ്രതാപിയായ ലീഡര്‍. എന്നാല്‍ ഈ അന്തരമല്ല, ലീഡറെ വീഴ്ത്തിയത്. ക്‌ളീനായ കാലുവാരല്‍ ആയിരുന്നു.

അന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊന്നുമില്ല.കൗണ്ടിംഗും റീകൗണ്ടിംഗിമെല്ലാം കഴിഞ്ഞപ്പോള്‍ പിറ്റേന്ന് നേരം പുലര്‍ന്നു. അന്ന് ഞാന്‍ കേരള കൗമുദിയുടെ തൃശ്ശൂര്‍ ജില്ലാ ലേഖകന്‍. ലീഡറുമായി നല്ല അടുപ്പമുണ്ടെങ്കിലും തോറ്റ ലീഡറെ രാവിലെ ഒറ്റയ്ക്ക് പോയി കാണാന്‍ മടി തോന്നി. ഇന്ത്യന്‍ എക്‌സപ്രസിലെ എന്‍.വി ഡേവിസിനെക്കൂടി കൂട്ടു പിടിച്ചു. രാവിലെ രാമനിലയത്തിലെ ലീഡറുടെ ഒന്നാം നമ്പര്‍ മുറിയിലെത്തുമ്പോള്‍ നേരം പരപരാ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പതിവിന് വിരുദ്ധമായി രാമനിലയവും ഒന്നാം നമ്പര്‍ മുറിയും വിജനം.

ചാരുകസേരയില്‍ കാലുകള്‍ കയറ്റി വച്ച് ഏകനായി ലീഡര്‍ ഇരിക്കുന്നു. മുന്‍വശത്ത് ടിവി.ചാനലില്‍ ‘കരുണാകരന്‍ തോറ്റു’ എന്ന വാര്‍ത്ത ഫ്‌ളഷായി മിന്നി മറയുന്നു. നിര്‍വികാരനായ ആ ഫ്‌ളാഷില്‍ തന്നെ നോക്കിയിരിക്കുന്ന ലീഡറോട് ഞാന്‍ മെല്ലെ ചോദിച്ചു. ‘ പിന്നില്‍ നിന്ന് കുത്തി അല്ലേ?’ ‘പിന്നില്‍ നിന്നല്ല, മുന്നില്‍ നിന്നു തന്നെയാണ് കുത്തിയത്.

‘ ഒരു നിമിഷം വൈകാതെ ലീഡറുടെ മറുപടി വന്നു. തോല്‍വിയുടെ കാരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചില്ല. ആ ഒറ്റ വാചകത്തില്‍ എല്ലാം ഉണ്ടായിരുന്നു. വെറും 1480 വോട്ടുകള്‍ക്കായിരുന്നു പരാജയം.തികഞ്ഞ പോരാളിയായിരുന്നു ലീഡര്‍. അദ്ദേഹം പിന്നീട് തിരുവനന്തപുരത്ത് നിന്നും മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച് തന്റെ പരാജയത്തെ മറികടന്നു.

തൃശ്ശൂരില്‍ മുരളിയെയും പിന്നില്‍ നിന്നോ മുന്നില്‍ നിന്നോ കുത്തിയോ എന്ന് എനിക്കറിയില്ല. പക്ഷേ അസാധാരണമായ എന്തോ അവിടെ സംഭവിച്ചിട്ടുണ്ട്. കെ.മുരളീധരനും കരുണാകരനെപ്പോലെ തികഞ്ഞ പോരാളിയാണ്. ഇന്നലെ തൃശ്ശൂരിലെ തോല്‍വിക്ക് ശേഷം അദ്ദേഹം വൈകാരികമായി പ്രതികരിക്കുന്നത് കേട്ടു.

തത്ക്കാലം ഇനി മത്സരിക്കാനില്ലെന്നും പൊതു രംഗത്തു നിന്ന് മാറി നില്‍ക്കുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അത്രത്തോളം പോകേണ്ട കാര്യമില്ല. സാധാരണ ജയവും തോല്‍വിയുമൊന്നും അങ്ങനെ ബാധിക്കാത്ത നേതാവാണ് മുരളീധരന്‍. ഏറ്റവും കൂടുതല്‍ തവണ മത്സരിക്കുകയും ഏറ്റവും കൂടുതല്‍ തവണ തോല്‍ക്കുകയും ചെയ്ത നേതാവാണല്ലോ മുരളി.

യഥാര്‍ത്ഥത്തില്‍ മുരളിയെപ്പോലെ ഇത്രയധികം വെല്ലുവിളികള്‍ അതിജീവിക്കേണ്ടി വന്ന മറ്റൊരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴുണ്ടോ എന്നു സംശയമാണ്. മുന്‍പിന്‍ നോക്കാതെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ കെല്പുള്ള മറ്റേത് നേതാവാണ് കോണ്‍ഗ്രസില്‍ ഉള്ളത്? വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മുരളീധരന്‍ പോകുന്ന രംഗം ഓര്‍മ്മ വരുന്നു.

സി.പി.എമ്മിന്റെ പടക്കുതിര പി.ജയരാജനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം.പി മുല്ലപ്പള്ളി വടകരയില്‍ വീണ്ടും മത്സരിക്കാന്‍ വിസ്സമ്മതിച്ചു. വടകര ഏറ്റെടുക്കാന്‍ ആരുമില്ലാതിരുന്ന അവസ്ഥ. അപ്പോഴണ് ധൈര്യപൂര്‍വ്വം മുരളീധരന്‍ ആ വെല്ലുവിളി ഏറ്റെടുത്തത്. അന്ന് വട്ടിയൂക്കാവില്‍ എം.എല്‍.എ ആയി സുരക്ഷിതനായി ഇരിക്കുകയായിരുന്നു അദ്ദേഹം.

വട്ടിയൂര്‍ക്കാവില്‍ ഇനിയാര്‍ക്കും അദ്ദേഹത്തെ പരാജയപ്പെടുത്താനാവില്ലെന്ന് വരെ തോന്നിച്ചിരുന്ന അവസ്ഥ. അത്രത്തോളം ജനസമ്മതനായിക്കഴിഞ്ഞിരുന്നു അദ്ദേഹം. വര്‍ഷങ്ങളുടെ കഠിന പ്രയത്‌നം കൊണ്ട് നേടിയെടുത്ത ആ ജനസമ്മിതി ഉപേക്ഷിച്ചാണ് അദ്ദേഹം വടകരയിലേക്ക് പോയി പി.ജയരാജനെ നേരിട്ടത്. 84000 വോട്ടിന്റെ നല്ല മാര്‍ജിനില്‍ ജയിച്ച് അത്ഭുതം കാട്ടുകയും ചെയ്തു.

Seminar organised by CPM was a total failure, says K Muraleedharan - KERALA - POLITICS | Kerala Kaumudi Online

വടകരയില്‍ അങ്ങനെ പച്ച പിടിച്ചു നില്‍ക്കുമ്പോഴായിരുന്നു നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുക എന്ന വലിയ വെല്ലുവിളി നേരിടന്‍ മുരളിയെ അങ്ങോട്ട് വിട്ടത്. തിരഞ്ഞെടുപ്പ് രംഗം ചൂടായിക്കഴിഞ്ഞ ശേഷമായിരുന്നു മുരളി നേമത്ത് എത്തിയത് തന്നെ. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ മുരളിക്ക് കഴിഞ്ഞു എങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടു.

തങ്ങളാണ് പൂട്ടിച്ചതെന്ന് സി.പി.എം ഇപ്പോള്‍ പറയുമെങ്കിലും മുരളിയാണ് ബ.ജെ.പിയെ നേമത്ത് തറപറ്റിച്ചതെന്ന് വോട്ട് നില വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകും. അതും കഴിഞ്ഞാണ് ഇപ്പോള്‍ സ്വന്തം സീറ്റായ വടകര നിന്ന് തൃശ്ശൂരിലേക്ക് ഓടിച്ചത്. കോണ്‍ഗ്രസിലേയോ യു.ഡി.എഫിലേയോ മുതിര്‍ന്ന മറ്റേതെങ്കിലും ഒരു നേതാവ് ഇങ്ങനെ നിരന്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധമാവുമോ? അതും സുരക്ഷിതമായ സ്വന്തം ഇരിപ്പടം വിട്ട്.

പിതാവായ ലീഡറുടെ തണല്‍ പറ്റിയാണ് മുരളി രഷ്ട്രീയത്തിലെത്തിയതെങ്കിലും സാഹസികമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. ഒരു പക്ഷേ എ.കെ.ആന്റണിക്ക് ശേഷം കേരളത്തില്‍ മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് മുരളിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ കെ.പി.സി.സി പ്രസിഡന്റായ മുരളീധരനെ പര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തേക്ക് വരെ ലീഡര്‍ എത്തിച്ചതാണ്.

പക്ഷേ പിന്നീട് ഒരു ചുവട് പിഴച്ചു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കളഞ്ഞ് വൈദ്യുതി മന്ത്രിയായി. അവിടെയാണ് പാളിയത്. പിന്നീട് വടക്കാഞ്ചേരിയിലെ പരാജയം, ഡി.ഐ.സി രൂപീകരണം, എന്‍.സി.പി പ്രവശേനം, കോണ്‍ഗ്രസിലേക്കുള്ള ക്‌ളേശകരമായ തിരിച്ചു വരവ്… അങ്ങനെ ഗുലുമാലുകള്‍.

 

May be an image of one or more people and beardബി.പി.പവനൻ

 

ഇതിനൊക്കെ മുന്‍പ് കല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധവുമായി ബന്ധപ്പെട്ട ചടങ്ങിനിടയില്‍ തൃശ്ശൂരില്‍ മുരളീ മന്ദിരത്തില്‍ വച്ച് മുരളീധരനെ സൗകര്യമായി അടുത്തു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചതായിരുന്നു. കോണ്‍ഗ്രസ് വിട്ട് പുറത്തു പോകുന്നത് ബുദ്ധിയാണോ എന്ന്.ഒന്ന് പുറത്തു പോയി വരുന്നതാണ് നല്ലത് എന്നാണ് അന്ന് മുരളി മറുപടി നല്‍കിയത്.

എ.കെ.ആന്റണി ഉള്‍പ്പടെ കുറെ നേതാക്കളുടെ കഥയും എന്നെ ഓര്‍മ്മിപ്പിച്ചു. പക്ഷേ മുരളീധരന് പാളിപ്പോയിരുന്നു. ഇന്ന് നേതാക്കള്‍ ആവശ്യപ്പെടുമ്പാള്‍ കേട്ട പാതി കേള്‍ക്കാത്തത് പാതി എന്ന മട്ടില്‍ തെക്ക വടക്ക് ഓടേണ്ടി വരുന്നതും ആ ചാട്ടം പിഴച്ചതു കൊണ്ടാകാം.