എസ്.കെ. മാരാർ ഓർമ്മയായിട്ട്  18 വർഷം…. 

ആർ. ഗോപാലകൃഷ്ണൻ 

🔸🔸
ക്ഷേത്രങ്ങളും ക്ഷേത്രോപജീവികളും ഉൾപ്പെട്ട ഒരു പാരമ്പര്യ ജീവിത വൃത്തത്തിൽ ഒതുങ്ങി നിന്നെങ്കിലും ജീവിതവ്യഥകളെ മിഴിവോടെ ആവിഷ്കരിച്ച ഒരു മലയാള സാഹിത്യകാരനായിരുന്നു എസ്. കെ. മാരാർ.  അദ്ദേഹം ഓർമ്മയായിട്ട്  18 വർഷം….

എസ്.കെ. മാരാർ, ആശാൻ സ്മാരക സാഹിത്യ വേദി, പെരുമ്പാവൂർ നൽകിയ സമാദരണ ചടങ്ങിൽ (പെരുമ്പടവം ശ്രീധരനെയും കാണാം)
🌀
ആദ്യം പറയട്ടെ, എൻ്റെ നാട്ടിലെ പുഴയെക്കുറിച്ചു മാരാർ കുറിച്ചത് എനിക്ക് മറക്കാനാവില്ല: “ജീവിതത്തിൽ ഞാൻ ശാരീരികമായി നന്നായിരുന്നത് മൂവാറ്റുപുഴയിലെ താമസക്കാലത്തായിരുന്നു. ജോലിഭാരമുണ്ടായിരുന്നു. ജോലിക്കുശേഷമുള്ള അലഞ്ഞുതിരിയൽ ധാരാളമുണ്ടായിരുന്നു. ഹോട്ടൽഭക്ഷണം സുഖകരമായിരുന്നില്ല. എന്നിട്ടും ആരോഗ്യം അത്രയും മെച്ചപ്പെടാനുള്ള കാരണം മൂവാറ്റുപുഴയാറ്റിലെ കുളി തന്നെ. പെരുമ്പടവം ശ്രീധരനോടൊന്നിച്ച് പുഴക്കരക്കാവിനു സമീപത്തെ ത്രിവേണിസംഗമത്തിൽ കുളിച്ചുകയറുമ്പോൾ അന്നൊക്കെ തോന്നിയിരുന്ന ഉന്മേഷം ഗംഗയിലും പമ്പയിലും കുളിച്ചപ്പോൾ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ.”- എസ്.കെ.മാരാർ (‘മൂവാറ്റുപുഴയും ഞാനും ഓർമ്മകളിൽ ചിലതും’)
2015-ൽ പെരുമ്പാവൂരിൽ വച്ച് സാഹിത്യ അക്കാദമി നടത്തിയ ഒരു സാഹിത്യ സമ്മേളനത്തിൽ എസ്.കെ.മാരാരെ അനുസ്മരിച്ചത് ഞാൻ ഓർക്കുന്നു.
🌏
1930 സെപ്‌റ്റംബർ 13-ന്‌ ചേർത്തല താലൂക്കിലെ എരമല്ലൂരിൽ ജനിച്ചു. മുഴുവൻ പേര്: എസ്. കൃഷ്ണന്കുട്ടി മാരാര്. തൊട്ടയിൽ ശങ്കരമാരാരും ശ്രീപാർവ്വതി അമ്മയുമാണ് മാതാപിതാക്കൾ. പ്രാഥമികവിദ്യാഭ്യാസം എരമല്ലൂർ എൻ.എസ്‌.എസ്‌.സ്‌കൂളിൽ ചെയ്തശേഷം സ്വകാര്യ വിദ്യാഭ്യാസമായിരുന്നു ലഭിച്ചത്.
ബാല്യം മുതൽ യൗവനത്തിന്റെ നല്ല ഭാഗംവരെ പാരമ്പര്യമനുസരിച്ചുളള ക്ഷേത്രോപജീവനമായിരുന്നു ചെയ്തു വന്നിരുന്നത്. പ്രധാനമായും പെരുമ്പളം ക്ഷേത്രത്തിലായിരുന്നു ജോലി. പെരുമ്പളത്തെ കലാസംഘടനകളിലും വായനശാലകളിലുമുളള പ്രവർത്തനങ്ങളിലും നാടകാഭിനയത്തിലും കൂടിയാണ്‌ സാംസ്‌കാരികരംഗത്തേക്കു വന്നത്‌. മൂന്നു ദശാബ്‌ദത്തിലധികം വിദ്വാൻ പോലുള്ള ഉയർന്ന പരീക്ഷകൾക്ക്‌ തയ്യാറെടുക്കന്ന വിദ്യാർത്ഥികളെ, ഹിന്ദിയും മലയാളവും പഠിപ്പിച്ചിരുന്നു. കവിത, ഉപന്യാസം, ഹിന്ദിയിൽനിന്നുളള വിവർത്തനം തുടങ്ങിയവയിലൂടെയാണ്‌ സാഹിത്യത്തിലേക്കു കടന്നത്‌.

🌍
‘കേരളദ്ധ്വനി’നടത്തിയ കഥാമത്സരത്തിൽ സമ്മാനം ലഭിച്ചതോടെ കഥയെഴുത്തും നോവലെഴുത്തുമായി മുഖ്യപ്രവർത്തനം. പതിനെട്ടോളം നോവലുകളും നാലു കഥാസമാഹാരങ്ങളും മൂന്നു നാടകങ്ങളും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ശരപ്പൊളിമാല’യാണ് മാരാരുടെ നോവലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്; ഏറ്റവും പ്രസിദ്ധം ‘പെരുംതൃക്കോവിൽ’ ആണെന്ന് തോന്നുന്നു.
‘ശ്രീവാഴും കോവിൽ’; ‘ഇലത്താളവും നിലവിളക്കും’; ‘പഞ്ചാരി’; ‘അനുയാത്ര’; ‘അഞ്‌ജനശില’; ‘ഇനി’; ‘എവിടെ ഏതൊക്കെ; ‘ഭൂതത്താൻകെട്ട്’, ‘കുങ്കുമരേഖ’ തുടങ്ങിയവ മറ്റുചില നോവലുകളാണ്. ‘ശക്തി’; ‘അക്ഷമായണം’ തുടങ്ങിയവ നാടകങ്ങൾ; ‘ആത്മാവുകൾ ശരീരങ്ങൾ’ ചെറുകഥാ സമാഹാരം; ‘നോവിന്റെ മുത്തുകൾ’ കവിത സമാഹാരം.
പല സാഹിത്യ സംഘടനകളിലും സാരഥ്യം വഹിച്ചിട്ടുണ്ട്‌. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്‌ടർ ബോർഡിലും എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു.

ഇദ്ദേഹത്തിന് 2002-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1971-ൽ ജെ.ഡി.തോട്ടാൻ സംവിധാനം ചെയ്ത ‘വിവാഹസമ്മാനം’ എന്ന ചലച്ചിത്രത്തിന് ‘ശരപ്പൊളിമാല’യുടെ കഥയാണെടുത്തിരിക്കുന്നത്. (സ്ക്രിപ്റ്റ്: എസ് എൽ. പുരം)
പെരുമ്പാവൂരിലാണ് വാസമുറപ്പിച്ചത്. അദ്ദേഹത്തിന്റെ ‘പാഞ്ചജന്യം’ എന്ന വീടിരുന്ന ഭാഗത്തെ ഒരു റോഡിന് ഇദ്ദേഹത്തിന്റെ പേരിട്ടിട്ടുണ്ട്. പി. ജഗദമ്മയെയാണ് ഭാര്യ. മിനി, ശ്രീരഞ്‌ജൻ, ജയൻ എന്നിവരാണ് മക്കൾ. 2005 ഡിസംബർ 18-ന്‌ നിര്യാതനായി.

                               (കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക