രാജ്യത്തെ 90 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍: 4 മരണം

ന്യൂഡൽഹി : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

199 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 1523 ആയി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനത്തോളവും സംസ്ഥാനത്താണ്. ഉത്തർ പ്രദേശിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.

79 കാരിക്കായിരുന്നു കഴിഞ്ഞ ദിവസം കേരളത്തില്‍ ജെഎന്‍1 സ്ഥിരീകരിച്ചത്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ ചെറിയ ലക്ഷണങ്ങളായിരുന്നു രോഗിയില്‍ പ്രകടമായത്. രോഗി സുഖം പ്രാപിച്ചിട്ടുണ്ട്.

ഇതിനു മുന്‍പ് ഇന്ത്യയില്‍നിന്നുള്ള ഒരു യാത്രികന് സിംഗപ്പൂരില്‍ വച്ച് ജെഎന്‍1 സ്ഥിരീകരിച്ചിരുന്നു. ഇവയ്ക്കു ശേഷം ജെഎന്‍1 ന്റെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍ 1 കേരളത്തില്‍ സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വൈറസ് വകഭേദം ആദ്യം തന്നെ കണ്ടെത്താനായി. കേരളത്തിലെ ആരോഗ്യസംവിധാനങ്ങള്‍ മികച്ചതാണെന്നും ജാഗ്രതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജെഎന്‍1ന്‌റെ വകഭേദം ആദ്യം കണ്ടെത്തിയത് ലക്‌സംബര്‍ഗിലായിരുന്നു. ശേഷം മറ്റു പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിഡിന്‌റെ പിറോള വൈറസിന്റെ പിന്‍ഗാമിയാണ് ജെഎന്‍1.

സാര്‍സ് കോവ്2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ മ്യൂട്ടേഷനുകള്‍ ഒരുപാട് സംഭവിക്കുന്നുണ്ട്. ഇതാണ് വര്‍ധിച്ച അണുബാധയ്ക്കും രോഗപ്പകര്‍ച്ചയ്ക്കും ഇടയാക്കുന്നത്. ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍.1. സ്പൈക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരുവകഭേദങ്ങള്‍ക്കുമുള്ളത്. കോവിഡ് വാക്സിനുകളെല്ലാം ഈ സ്പൈക് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

വാക്‌സീനുകളും ശരിയായ ചികിത്സ തേടലും കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പിന്തുടരുകയുമാണ് ജെഎന്‍1-ല്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം. ആഗോളതലത്തില്‍ 3608 കേസുകളാണ് ജെഎന്‍1 ഉപവിഭാഗത്തിന്റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും യൂറോപ്പിലും വടക്കേഅമേരിക്കയിലുമാണ്.

 

health minister Veena George, COVID-19, omicron,kerala

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News