അയോധ്യയും പ്രയാഗയും ഗണപതിവട്ടവും…

തൃശൂർ : സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണം എന്ന ബി ജെ പി നേതാവിൻ്റെ
ആവശ്യത്തെ  പരിഹസിച്ച്  എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ.
‘പൗരാണിക പ്രാധാന്യമുള്ള സ്ഥലങ്ങളായ അയോധ്യ, പ്രയാഗ എന്നിങ്ങനെയുള്ള പേരുമാറ്റം മനസ്സിലാക്കാം. രാജ്യത്തെ 80% വരുന്ന ഒരു സമൂഹത്തിന്റെ സുപ്രധാന സെൻസിറ്റിവിറ്റികൾ മാനിക്കുന്നത് നല്ല കാര്യമാണ്. തന്നെയുമല്ല,സംസ്കൃതത്തിന്റെ ജീനിയസ് മുഴുവനായും വെളിപ്പെടുത്തുന്ന പേരുകളാണ് അയോധ്യയും, പ്രയാഗയും.’ – അദ്ദേേഹം ഫേസ് ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേർക്കുന്നു:
പൊതുവേ, ചിരപരിചിതമായ റോഡുകളുടെയും സ്ഥലങ്ങളുടെയും പേരുകൾ നമ്മുടെ ആത്മാവിനോട് അടുത്തതാണ്. നമ്മുടെ ദൈനംദിന ഉപയോഗത്തിൽ നാം അതിൽ മതമോ അടിമത്ത ചരിത്രമോ കാണാറില്ല.
അവ വർഗീയമോ പ്രാദേശികമൊ മതപരമോ ആയ കാരണങ്ങളാൽ മാറ്റുന്നത് എനിക്കിഷ്ടമല്ല. പ്രതിമകളും വിവേചന ബുദ്ധിയില്ലാതെ മാറ്റുന്നത് ഇഷ്ടമല്ല. ‘ ഇഷ്ടമല്ല’ എന്ന് പറയുന്നത് ദുർബലനായ ഒരു പൗരന്റെ പ്രതിഷേധം മാത്രം.
പേരുകളും പ്രതിമകളും, രാജ്യത്തിൽ അധിനിവേശം നടത്തിയവരെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാക്കും എന്നതുകൊണ്ട് എന്താണ് കുഴപ്പം? നാളെ അടിമകൾ ആവാതിരിക്കാൻ അത്തരം ഓർമ്മകൾ നല്ലതാണ്.
മദ്രാസും ബോംബെയും മാറിയത് എനിക്കിഷ്ടമായിട്ടില്ല. മുഗൾസരായി മാറ്റിയത് ഒട്ടനവധി തലമുറകളിലെ ഇന്ത്യൻ റെയിൽ യാത്രികരുടെ ഓർമ്മകളുടെ മേലുള്ള ആക്രമണമാണ്
മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ മാത്രം മതി. ശബരിമല സ്ത്രീ പ്രവേശം ഞാൻ ഒരു പൗരൻ എന്ന നിലയിൽ ശക്തമായി എതിർത്തിരുന്നു.  മുഖ്യകാരണം മതപക്ഷപാതിയും സ്ത്രീയനുകൂല നയങ്ങളിൽ തികഞ്ഞ ഇരട്ടത്താപ്പുകാരനും ആയ പിണറായി വിജയൻ കേരള സമൂഹത്തിന് വളരെ ഹാനികരമാകും വിധം,ആ അവസരത്തെ കുടിലമായ മതപ്രീണനത്തിനും മത ധ്രുവീകരണത്തിനും ഉപയോഗിക്കുകയായിരുന്നു എന്നതുകൊണ്ടാണ്.
ഈ പ്രധാന കാരണത്തോടൊപ്പം, ക്ഷേത്രാരാധനയിൽ വിശ്വാസമില്ലാത്ത ആളാണെങ്കിലും, ഞാൻ ജനിച്ചു വളർന്ന സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകൾ നിരുപദ്രവം എന്ന് ഞാൻ കരുതുന്ന ഈ ആചാരത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു എന്ന വൈകാരികത കൊണ്ടു കൂടിയുണ്ടായിരുന്നു. മറിച്ച്,ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടവർ, ക്ഷേത്രത്തെ സംബന്ധിച്ച് എന്തെങ്കിലും എടുക്കാനോ കൊടുക്കാനോ ഇല്ലാത്ത,പൊളിറ്റിക്കൽ കറക്റ്റ് നെസ് മാത്രം തിന്നു ജീവിക്കുന്ന കപട ഫെമിനിസ്റ്റുകൾ ആയിരുന്നു. ഇക്കൂട്ടർ ഇടതുപക്ഷ സ്ത്രീ പീഡനങ്ങളെക്കുറിച്ച് അന്നും ഇന്നും വാ തുറക്കാറില്ല.
പൗരാണിക പ്രാധാന്യമുള്ള സ്ഥലങ്ങളായ അയോധ്യ, പ്രയാഗ എന്നിങ്ങനെയുള്ള പേരുമാറ്റം മനസ്സിലാക്കാം. രാജ്യത്തെ 80% വരുന്ന ഒരു സമൂഹത്തിന്റെ സുപ്രധാന സെൻസിറ്റിവിറ്റികൾ മാനിക്കുന്നത് നല്ല കാര്യമാണ്. തന്നെയുമല്ല,സംസ്കൃതത്തിന്റെ ജീനിയസ് മുഴുവനായും വെളിപ്പെടുത്തുന്ന പേരുകളാണ് അയോധ്യയും, പ്രയാഗയും.
മാറ്റങ്ങൾ ആ വിധത്തിൽ അപൂർവ്വമാകണം.എന്നാൽ അത്തരം പൗരാണിക പ്രാധാന്യം ഒന്നുമില്ലാത്ത സ്ഥലങ്ങളുടെ പേരുകൾ പോലും രാമായണമോ മഹാഭാരതമോ സംസ്കൃതമോ അടുത്തു കൂടി പോകാത്ത, ഗോഗുണ്ടകളുടെ സംസ്കാരം മാത്രമുള്ള അവിദഗ്ധർ മാറ്റുന്നത് അരോചകമാണ്.
AI, കാലാവസ്ഥ മാറ്റം, യുദ്ധങ്ങൾ എന്നിവ കൊണ്ട് ലോകം അവസാനിക്കുമോ എന്ന ആധുനിക ഭീതിയിൽ ആണ് മറ്റുള്ള രാജ്യങ്ങളിലെ ആളുകൾ. ഇവിടെ 1200 കൊല്ലം മുമ്പത്തെ ചരിത്രം പൊക്കിക്കൊണ്ട് വന്ന് പ്രഹസനം നടത്തുന്നു.
സുൽത്താൻബത്തേരി യുടെ പേരുമാറ്റം അവിടത്തെ 90% ഹിന്ദുക്കളും അംഗീകരിക്കില്ല. കാര്യങ്ങൾ അങ്ങനെയിരിക്കെ, നോട്ടയോട് മത്സരിക്കുന്ന ഈ ചപലൻ എന്തിനാണ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്?