എൻ്റെ കഥ’യുടെ പിന്നാലെ ‘എൻ്റെ ലോകം’

ആർ. ഗോപാലകൃഷ്ണൻ

🌀

🔸ൻ്റെ കഥ’യിലൂടെ നിലക്കാത്ത ചലനങ്ങൾ സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ‘എൻ്റെ ലോക’ത്തിൻ്റെ പരസ്യമാണ് ഇതോടൊപ്പം: ‘മലയാളനാട്’ വാരിക.
എന്നാലിത് യാതൊരു കോളിളക്കവും സൃഷ്ടിച്ചില്ല; പത്രാധിപർ പ്രതീക്ഷിച്ചതു പോലെ ഒരു ‘അഗ്നിപ്പുഴ’യും ഒഴുക്കിയതുമില്ല!
‘മലയാളനാട്’ വാരിക 1976 നവംബര്, 28 മുതൽ ‘എൻ്റെ ലോകം’ പ്രസിദ്ധീകരിച്ചു തുടങ്ങി. (അതിന് മൂന്നു ലക്കം മുമ്പ്, നവംബർ 7-ന് വന്ന പരസ്യമാണിത്.)

🌏
‘എൻ്റെ കഥ’ പ്രണയത്തെക്കുറിച്ച് ഉറക്കെ സംസാരിച്ച കൃതിയാണ്; അനുഭവങ്ങളെ വെളിപാടുകളുമായി വിളക്കിച്ചേർത്ത മറുമൊഴികൾ! ഒരേസമയം ആത്മകഥയും സ്വപ്നസമാന കല്പനാ പ്രവാഹവുമായി തിമിർത്താടിയ രചന.
മാധവിക്കുട്ടിയുടെ (കമലാ ദാസ്) ‘എന്റെ കഥ’ എന്ന കൃതി പിറന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ‘മലയാളനാട്’ വാരികയുടെ 1971-ലെ ഓണപ്പതിപ്പിലാണ് കൃതി ഖണ്ഡഃശ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 1973-ൽ ‘എന്റെ കഥ’ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. എല്ലാ തലമുറയുടെയും വായനലഹരിയായി മാറിയ ‘എന്റെ കഥ’യ്ക്ക് ഇതുവരെ 72-ലധികം എഡിഷനുകൾ പുറത്തിറങ്ങിയിട്ടുണ്ട്.
1920 മാർച്ച് 16-ന് ‘എൻ്റെ കഥ’യുടെ ഇംഗ്ലീഷ് പതിപ്പിൻ്റെ 42-ാം പിറന്നാളിന് ഗൂഗുൾ ഒരു doodle കൊണ്ട് ക്രോമോ ഹോംപേജ് അലങ്കരിച്ചിരുന്നു. ഗൂഗിളിലെ കലാകാരനായ മഞജിത് ഥാപ്പ് ആണ് ഇതൊരുക്കിയത്.

1976-ൽ (നവംബർ 28) മുതൽ ‘എന്റെ ലോകം’ എന്നത് ഒരു പംക്തിയായിയാണ് ‘മലയാളനാടി’ൽ എഴുതിയെന്നാണ് ഓർമ്മ. എന്റെ കഥയുടെ തുടര്ച്ചയായിരുന്നു എന്റെ ലോകം എന്നതിലെ എഴുത്ത്; എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹിക ഇടപെടലുകളും ഈ അനുഭവാഖ്യാനത്തില് കടന്നു വരുന്നു. ഈ കൃതിയും പുസ്തകമായി പ്രസിദ്ധീകൃതമായി.

🌏

അനുബന്ധം: ‘എൻ്റെ ലോകം’ – ഒരു ഖണ്ഡം :
“എന്റെ വീടും വീടിന്റെ മുറ തെറ്റാത്ത ദിനചര്യയും ഉപേക്ഷിച്ച് കന്യാകുമാരിയില് ഞാന് വന്നത് എന്റെ ചേതനയുടെ വ്രണങ്ങള് ഇവിടത്തെ നിശ്ശബ്ദതക്ക് സുഖപ്പെടുത്താന് കഴിയുമെന്ന ആശയത്തോടെയാണ്. നഗ്നവും അപാരവുമായ ഈ നിശ്ശബ്ദതക്കു മേല് കടല്മാത്രം ഇടയ്ക്കിടയ്ക്ക് തന്റെ നിശ്വാസങ്ങളാകുന്ന നേര്ത്ത ഉത്തരീയങ്ങള് ചാര്ത്തുന്നു.

“ഇവിടെ പ്രകൃതി തികച്ചും അനാഡംബരയാണ്. പൂച്ചെടികള് ഇവിടെ വളരുന്നില്ല. പക്ഷികള്ക്ക് വര്ണ്ണച്ചിറകുകളില്ല. പക്ഷേ, കടല്ക്കരയില്ക്കൂടി ധൃതിയില് പൃഷ്ഠം കുലുക്കിക്കൊണ്ടു നടക്കുന്ന ചെട്ടിച്ചികള് കടുംപച്ചയും കടുംചുവപ്പും ധരിക്കുന്നു. കടലിന്റെ കടുംനീലയെ അവരുടെ തൊലിയും പ്രതിഫലിപ്പിക്കുന്നു. മണ്പൊടി പുരണ്ട മുടിയുള്ള ഈ പെണ്കിടാങ്ങളുടെ പുഞ്ചിരിക്ക് വല്ലാത്ത വശ്യതയുണ്ട്. ഞാന് ഇവരെ അനുകരിക്കുവാന് വേണ്ടി നാഗര്കോവിലില് ചെന്നു മൂന്ന് കടുംനിറസാരികള് വാങ്ങി.
“സാധാരണ ചുറ്റുപാടില് എന്നെ സ്‌നേഹിക്കുന്നവരില് നിന്നും ഭക്ത്യാദരങ്ങളില് നിന്നും ഞാന് ഓടിപ്പോന്നതാണ്. മറ്റൊരാളാവാന് കാംക്ഷിച്ച്, ഞാന് ചുവന്ന വേഷം ധരിക്കുന്നു. കറുത്ത കണ്ണട ധരിക്കുന്നു. കഴുത്തില് പളുങ്കുമണിമാലകള് അണിയുന്നു. ചൂരല്ക്കസാലയില്ക്കിടന്ന് കടലിനെ നോക്കുമ്പോള് എന്റെ നേര്ക്ക് കൗതുകത്തോടെ നോക്കുന്നവര്ക്ക് ഞാന് അപരിചിതയാണ്. അതു മാത്രമല്ല, ഞാന് ഇപ്പോള് എനിക്കു തന്നെ അപരിചിതയാണ് !”
 —————————————————————————————————————

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക