തെരഞ്ഞെടുപ്പു വേളയിൽ മുഖ്യമന്ത്രിയെ അറസ്റ്റു ചെയുമ്പോൾ

കോഴിക്കോട് : ആയിരക്കണക്കിനു കോടി രൂപയുടെ ബോണ്ടിടപാടുകൾ നടത്തി അത് ഒളിച്ചുവെക്കാൻ ശ്രമിച്ച ബി ജെ പിയുടെയും നരേന്ദ്ര മോദിസർക്കാറിന്റെയും തട്ടിപ്പ് സുപ്രീംകോടതിയാണ് പൂറത്തെത്തിച്ചതെന്ന് പ്രമുഖ ഇടതുപക്ഷ നിരീക്ഷകനായ ഡോ.ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.പലവിധ കേസുകളിൽ പെട്ടവരോ നികുതിവെട്ടിപ്പ് നടത്തുന്നവരോ ആയ കമ്പനികളിൽനിന്ന് കോടികളുടെ ബോണ്ട് കൈപ്പറ്റിയത് ഒറ്റനോട്ടത്തിൽ തന്നെ അഴിമതിയാണെന്ന് വ്യക്തം.

ഡോ ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററ് പൂർണരൂപത്തിൽ :

ബി ജെ പി ആവുക, അല്ലെങ്കിൽ ബി ജെ പിയ്ക്ക് ഒപ്പം നിൽക്കുക എന്ന സന്ദേശമാണ് കേന്ദ്ര സർക്കാർ അന്വേഷണ സംവിധാനങ്ങൾ നൽകുന്നത്. ഏത് അഴിമതിക്കേസും ബി ജെ പി പക്ഷത്തേക്കു നീങ്ങിയാൽ ഉടൻ ഇല്ലാതാവും.

എതിർപക്ഷത്താണ് നിലയെങ്കിൽ ഏതു വിധത്തിലും വേട്ടയാടപ്പെടും. പകയും അസഹിഷ്ണുതയും പ്രതികാര നടപടിയും കൈക്കൊണ്ട് ഉറഞ്ഞു തുള്ളുകയാണ് ഏജൻസികൾ. സർക്കാറിനെയല്ല ബി ജെ പിയെയാണ് അവർ അനുസരിക്കുന്നത് എന്നു വ്യക്തം.

ഭൂരിപക്ഷ ജനസമ്മതിയോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന മുഖ്യമന്ത്രിക്കുമേൽ നടത്തുന്ന ഉദ്യോഗസ്ഥ കയ്യേറ്റം ജനാധിപത്യത്തിനു മേലുള്ള കടന്നാക്രമണം തന്നെയാണ്. മുഖ്യമന്ത്രിപദത്തോടു പുലർത്തേണ്ട ആദരവ് പാലിക്കാൻ അവർ തയ്യാറായില്ല.

കോടതി അനുവാദത്തോടെ ചോദ്യം ചെയ്യാനും നിഗമനങ്ങളിലെത്താനും അന്വേഷണ ഏജൻസികൾക്കു കഴിയുമല്ലോ. കുറ്റം ബോദ്ധ്യപ്പെട്ടു കുറ്റപത്രം സമർപ്പിക്കുമ്പോൾ പോലും ആവശ്യമുണ്ടെങ്കിൽ മാത്രമല്ലേ അറസ്റ്റും റിമാന്റും വേണ്ടൂ?

അരവിന്ദ് കെജ്രിവാളിനെ ഇന്നലെ അറസ്റ്റു ചെയ്ത രീതി സംശയം ജനിപ്പിക്കുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയമാണ്. രാജ്യ തലസ്ഥാനത്ത് ബി ജെ പിക്ക് കടന്നു കയറാൻ കഴിയാത്ത സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് കെജ്രിവാൾ. അദ്ദേഹത്തെ വലിയ അവമതിപ്പിൽ പെടുത്തി ജയിലിലയച്ചാൽ ജനങ്ങൾ അദ്ദേഹത്തിന് എതിരാവുമെന്ന് ബി ജെ പി കരുതുന്നുണ്ടാവും.

മാത്രമല്ല തങ്ങളുടെ കനിവിൽ മാത്രം അന്വേഷണത്തിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുന്ന മുഖ്യമന്ത്രിമാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി നിർത്താനും ഈ അറസ്റ്റുകൊണ്ട് സാദ്ധ്യമാകുമെന്നും ബി ജെ പി വിചാരിക്കുന്നുണ്ടാവും.

പ്രീണിപ്പിച്ചോ ഭയപ്പെടുത്തിയോ സ്വപക്ഷത്തെ ശക്തിപ്പെടുത്താം എന്ന തന്ത്രമാണ് മോദി-അമിത് ഷാ നേതൃത്വം കൈക്കൊള്ളുന്നത്. കോൺഗ്രസ് നേതാക്കളെ ഈ വിധത്തിൽ കൂറുമാറ്റി സ്വപക്ഷത്തേക്കു കൊണ്ടുവരാൻ അവർക്ക് തടസ്സമില്ല. അഴിമതി തുടങ്ങിയുള്ള ഏതു ക്രിമിനൽക്കേസും ഒറ്റ കൂറുമാറ്റത്തിൽ മായ്ച്ചുകളയാം.

ആയിരക്കണക്കിനു കോടി രൂപയുടെ ബോണ്ടിടപാടുകൾ നടത്തി അത് ഒളിച്ചുവെക്കാൻ ശ്രമിച്ച ബി ജെ പിയുടെയും മോദിസർക്കാറിന്റെയും തട്ടിപ്പ് സുപ്രീംകോടതിയാണ് പൂറത്തെത്തിച്ചത്.

പലവിധ കേസുകളിൽ പെട്ടവരോ നികുതിവെട്ടിപ്പ് നടത്തുന്നവരോ ആയ കമ്പനികളിൽനിന്ന് കോടികളുടെ ബോണ്ട് കൈപ്പറ്റിയത് ഒറ്റനോട്ടത്തിൽ തന്നെ അഴിമതിയാണ്. ഭരണപക്ഷത്തെ പ്രീണിപ്പിക്കാനും കേസുകളിൽനിന്ന് ഒഴിവാവാനും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാനുമാണ് കമ്പനികൾ കോടികളുടെ ബോണ്ടു നൽകുന്നുണ്ടാവുക. ബി ജെ പിക്ക് അഴിമതി ഒരു പ്രശ്നമേയല്ല. അതു തങ്ങളുടെ അവകാശമാണെന്നാവും അവർ ധരിച്ചു വശായിരിക്കുന്നത്.

ചില കേസുകളിൽ ഇ ഡി ഒച്ചിനെ തോൽപ്പിക്കുന്ന വേഗമാണ് സ്വീകരിക്കുന്നത്. പണം കടത്തോ ഡോളർ കടത്തോ സ്വർണക്കടത്തോ മാസപ്പടിയോ അവർക്കു പ്രശ്നമല്ലാതാവുന്നത് അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഒരു വാതിൽ അവിടെ തുറന്നുകിടക്കുന്നു എന്നു ബോദ്ധ്യമുള്ളതുകൊണ്ടാണ്.

അത് അടയുകയാണെങ്കിൽ കെജ്രിവാളിന്റെ അനുഭവം വരുമെന്ന് അവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ദില്ലിയിലെ അറസ്റ്റ്. ബി ജെ പിയും സംഘപരിവാരങ്ങളും ഇന്ത്യാമുന്നണിയുടെ മുന്നിൽ പതറിയിട്ടുണ്ട്. ആ ഇടർച്ചയാവണം ഇപ്പോഴത്തെ എടുത്തുചാട്ടങ്ങൾക്കുള്ള പ്രേരണ. ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പു വേളയിൽ അറസ്റ്റു ചെയ്ത് ഭയാശങ്കകൾ വിതക്കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണ്. ജനങ്ങളെ വെല്ലുവിളിക്കലാണ്.