‘ഇന്ത്യ’ ; ഏകോപന സമിതിയിൽ പ്രതിനിധി വേണ്ടെന്ന് സി.പി.എം

ദില്ലി : പ്രതിപക്ഷ മുന്നണി ‘ഇന്ത്യ”യുടെ ഏകോപന സമിതിയിൽ തത്‌കാലം പ്രതിനിധി വേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനം. എന്നാൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്‌മ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള നടപടികളിൽ സഹകരിക്കാൻ പി.ബി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗം 27മുതൽ 29 വരെ ചേരും.

‘ഇന്ത്യ”യിൽ സീറ്റ് പങ്കിടൽ അടക്കം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് കക്ഷി നേതാക്കളാണ്. അത്തരം തീരുമാനങ്ങൾക്ക് തടസമായ കാര്യത്തിൽ സംഘടനാ സംവിധാനങ്ങൾ പാടില്ല. അതിനാൽ ഏകോപന സമിതിയിൽ പ്രതിനിധിയുടെ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി.

അതേസമയം ‘ഇന്ത്യ”യ്‌ക്കൊപ്പം സി.പി.എം ശക്തമായി നിലകൊള്ളും. മുന്നണി വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകും. ബി.ജെ.പിയെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാകണം. ഭോപ്പാലിൽ തീരുമാനിച്ച സംയുക്ത റാലി കോൺഗ്രസ് നേതാവ് കമൽനാഥ് ഇടപെട്ട് റദ്ദാക്കിയതിലെ അതൃപ്‌തി  യോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ എതിർക്കും. ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ ദുർബലമാക്കുന്ന വിധത്തിൽ കേന്ദ്രനിയമം കൊണ്ടുവരുന്നത് ജനാധിപത്യ വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ സർക്കാർ സ്വാധീനം ഉറപ്പിക്കും വിധം കൊണ്ടുവരുന്ന ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെടുത്താൻ യോഗം ‘ഇന്ത്യ”കക്ഷികളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News