ഗാസയെ വളഞ് ഇസ്രയേൽ; കരയുദ്ധം ഉടനെ ?

In Main Story
October 11, 2023

ഗാസ: ഒന്നരലക്ഷം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേൽ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി. 600 പോർ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.ഇരുപക്ഷത്തുമായി മൂവായിരം പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഗാസ അതിർത്തിയിൽ നിന്ന് മാത്രം 1500 ഹമാസ് ഭീകരരുടെ മ‌ൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് ഭീകരർ വധിച്ചവരുടെ എണ്ണം ആയിരമായെന്നാണ് വിവരം.

ഇന്നലെ വെളുപ്പിന് നടന്ന ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ സാമ്പത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

ആക്രമണം നിറുത്തിയില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ഗാസയോടു ചേർന്ന അഷ്‌കലോൺ നഗരത്തിൽ നിന്ന് ഒഴിയാൻ ഇസ്രയേലുകാർക്ക് അന്ത്യശാസനവും നൽകി. സ്‌ത്രീകൾ ഉൾപ്പെടെ 150 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ വെളിപ്പെടുത്തി.

ഭീകരരെ വധിച്ച് ഗാസ അതിർത്തിയുടെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇസ്രയേലിൽ കടന്ന ഭീകരരെ സേന പിന്തുടർന്ന് വെടിവച്ചു വീഴ്ത്തുന്ന വീഡിയോകളും പുറത്തുവന്നു.

കഴിഞ്ഞ രാത്രി മുഴുവൻ ഗാസയിൽ വ്യോമാക്രമണം നടത്തിയ ഇസ്രയേൽ ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. അൽ ഫുർഖാനിലെ 100 കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി.ഗാസയ്ക്ക് നേർക്കുള്ള ഓരോ ആക്രമണത്തിനും ഓരോ ബന്ദിയെ വധിക്കുമെന്നും അത് തത്സമയം സംപ്രേഷണം ചെയ്യുമെന്നും തിങ്കളാഴ്ച രാത്രിയാണ് ഹമാസിന്റെ സൈനിക വക്താവ് ഭീഷണി മുഴക്കിയത്.