ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണം തടസ്സപ്പെടുത്താൻ ഗവർണർമാർക്ക് അധികാരം ഇല്ലെന്ന് ചീഫ് ജസ്ററിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണ്. യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ്.നിയമസഭ പാസാക്കി അംഗീകാരത്തിനായി അയച്ച ബില്ലിനോടു ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ വീണ്ടും പരിഗണിക്കാനായി തിരിച്ചയയ്ക്കണം.

ഗവര്‍ണര്‍ ബില്‍ ഒപ്പിട്ടില്ലെങ്കില്‍ തുടര്‍നടപടി എന്താണെന്നു ഭരണഘടനയുടെ 200-ാം വകുപ്പ് വ്യക്തത നല്‍കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധി ഏറെ നിര്‍ണായകമാണ്.ഈ വകുപ്പ് പ്രകാരം ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുക, നല്‍കാതിരിക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക എന്നീ മൂന്ന് മാര്‍ഗങ്ങളാണ് ഗവര്‍ണറുടെ മുന്നിലുള്ളത്.

ബില്ലിന് അംഗീകാരം നല്‍കുന്നില്ലെങ്കില്‍ നിയമസഭ വീണ്ടും പരിഗണിക്കുന്നതിനായി തിരിച്ചയയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ നിയമസഭാ നടപടികള്‍ അട്ടിമറിക്കാന്‍ ഗവര്‍ണര്‍മാര്‍ക്കു കഴിയും.

ഭരണഘടനയുടെ 200-ാം വകുപ്പിലെ വ്യവസ്ഥകള്‍ കൃത്യമായി വ്യാഖ്യാനിക്കപ്പെട്ടില്ലെങ്കില്‍, തിരഞ്ഞെടുപ്പിലൂടെയല്ലാതെ സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്ക് ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവര്‍ത്തനത്തെ വീറ്റോ ചെയ്യാനുള്ള സാഹചര്യമുണ്ടാകും.

പാര്‍ലമെന്ററിഘടനയിലുള്ള ഭരണനിര്‍വഹണത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.