‘മസാജ്’ ചെയ്യാനെത്തിയ മലയാളി ഡോക്ടര്‍ ജയിലിലേക്ക്

In Editors Pick, Featured, Special Story
August 01, 2023

ലണ്ടൻ: ചികിത്സ കഴിഞ്ഞു പോയ യുവതിക്ക് ‘മസാജ്’ ചെയ്യാന്‍ വീട്ടിലെത്തിയ യുവ മലയാളി ഡോക്ടര്‍ ജയിലിലേക്ക്.

തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ്ബോൺ ഡിസ്ട്രിക്റ്റ് ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന 34 കാരനായ സൈമൺ എബ്രഹാം ആണ് അകത്തായത്.

കേസിന് ആധാരമായ സംഭവം  2020 ഒക്ടോബറിലാണ് നടന്നത് . തുടര്‍ച്ചയായ തലവേദനയേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിയെ യുവ ഡോക്ടര്‍ വീട്ടില്‍ എത്തി ചികില്‍സിക്കാന്‍ തയ്യറാവുകയായിരുന്നു . സഹപ്രവര്‍ത്തക ആണ് ഡോക്ടറോട് യുവതിയുടെ നിലയില്‍ ആശങ്ക ഉണ്ടെന്നു പറയുന്നത്. തുടർന്ന് സൈമൺ യുവതിയെ ബന്ധപ്പെട്ട് താന്‍ ‘മസാജിങ്’ ചികിത്സയില്‍ ഇന്ത്യയില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് എന്ന്  അവകാശപ്പെട്ടു.ഇതോടെ വീട്ടിലെത്തി മസാജിന് യുവതി അനുമതി നൽകി.

എന്നാല്‍ വീട്ടില്‍ എത്തി മസാജിങ് നടത്തവേ അസ്വസ്ഥകരമായ പെരുമാറ്റമാണ് ഡോക്ടറില്‍ നിന്നും ഉണ്ടായെന്നാണ് ആരോപണം.വീട്ടിലൊരു അഥിതി എത്തിയതോടെയാണ് ചികിത്സ മതിയാക്കി സൈമൺ പോയത് .വീട്ടിലെ ചികിത്സാ അധിക സമയം നീണ്ടു നിന്നില്ലെങ്കിലും അതേക്കുറിച്ചു ഫോണിലൂടെ ഡോക്ടര്‍ വീണ്ടും കാര്യങ്ങള്‍ തിരക്കാന്‍ ശ്രമിച്ചതും വിനയായി. ഔദ്യോഗികമായി യുവതി ഡോക്ടര്‍ സൈമണിന്റെ രോഗി അല്ലാതിരുന്നിട്ടും വിശദാംശങ്ങള്‍ ശേഖരിച്ചു ചികില്‍സിക്കാന്‍ ശ്രമിച്ചതില്‍ കോടതി ദുരുദ്ദേശം കണ്ടെത്തി.

ആദ്യം കുറ്റം നിഷേധിച്ച ഈസ്റ്റ് ബോണിലെ സൈമണ്‍ എബ്രഹാം ഒടുവില്‍ മസാജിന് പോയ കാര്യംഏറ്റു പറഞ്ഞു.എന്നാല്‍ ലൈംഗിക ദുരുദ്ദേശത്തോടെ തൊട്ടിട്ടില്ല എന്നും സൈമൺ ആവര്‍ത്തിച്ചു. 18 മാസത്തെ ശിക്ഷക്ക് ആണ് വിധേയന്‍ ആയതെങ്കിലും ജയിലില്‍ ഒന്‍പതു മാസം കിടന്നാല്‍ മതിയാകും. എന്നാല്‍ പത്തു വര്‍ഷത്തേക്ക് ലൈംഗീക കുറ്റവാളികളുടെ ലിസ്റ്റില്‍ സൈമണിന്റെ പേര് ഉള്‍പ്പെടുത്താൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് വർഷം ഇരയായ യുവതിയെ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി നിർദ്ദേശം ഉണ്ട്‌.