ക്വീന്‍ എലിസബത്തായി മീര ജാസ്മിന്‍ന്റെ തിരിച്ചു വരവ്

ഡോ ജോസ് ജോസഫ്

കമല്‍ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം ഹിറ്റ് ജോഡികളായ മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്.ഈ ജോഡികളുടെ അച്ചുവിന്റെ അമ്മ, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകളില്‍ മീരാ ജാസ്മിന്‍ നായികയായി തിരിച്ചെത്തിയിരുന്നുവെങ്കിലും ചിത്രം ക്ലിക്കായില്ല. നായികാ പ്രാധാന്യമുള്ള ചിത്രമാണ് ക്വീന്‍ എലിസബത്ത്. മീരയുടെ എലിസബത്ത് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ആദ്യാവസാനം നീങ്ങുന്നത്. വൈകാരിക രംഗങ്ങളിലൂടെ ശക്തമായ തിരിച്ചുവരവിന് മീര ശ്രമിച്ചിട്ടുണ്ട്. ജോസഫ്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എം പത്മകുമാറാണ് ക്വീന്‍ എലിസബത്തിന്റെ സംവിധായകന്‍. ഫീല്‍ ഗുഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ടു മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

കഠിനചിത്തയും അഹങ്കാരിയുമായ നായികയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ മനംമാറ്റം വരുന്നത് മൈ ബോസ് പോലുള്ള ചിത്രങ്ങളില്‍ മുമ്പും കണ്ടിട്ടുണ്ട്. അത്തരമൊരു ട്രാക്കിലാണ് അര്‍ജുന്‍ പി സത്യന്‍ ക്വീന്‍ എലിസബത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആരോടും അടുപ്പമില്ലാത്ത ലേഡി ബോസാണ് കൊച്ചി നഗരത്തില്‍ ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനം നടത്തുന്ന എലിസബത്ത് ഏഞ്ചല്‍ സൈമണ്‍(മീരാ ജാസ്മിന്‍ ). ഏറെക്കുറെ സ്വതന്ത്രയായി ജീവിക്കുന്ന എലിസബത്ത് കെട്ടുപ്രായം കഴിഞ്ഞിട്ടും അവിവാഹിതയായി ജീവിക്കുകയാണ്.വീട്ടുകാരോടും അകല്‍ച്ചയിലാണ്.ഫ്രണ്ട്‌സ് സര്‍ക്കിളിലോ വാട്ട്‌സ് അപ് ഗ്രൂപ്പുകളിലോ ഒന്നും അവളില്ല. ഏഞ്ചല്‍ എന്നാണ് പേര് എങ്കിലും ഫ്‌ലാറ്റിലും ഓഫീസിലും അറിയപ്പെടുന്നത് ‘ഡെവിള്‍’ എന്നാണ്. കൗമാര പ്രായം മുതലെ സ്വതന്ത്രയായി ജീവിക്കണമെന്നതായിരുന്നു എലിസബത്ത് ഏഞ്ചലിന്റെ ആഗ്രഹം.

നായികയുടെ ശവസംസ്‌ക്കാര യാത്രയോടെയാണ് ചിത്രത്തിന്റെ തുടക്കം. വളരെ ഗൗരവമേറിയ തുടക്കത്തിനു ശേഷം എലിസബത്തിന്റെ സ്വഭാവ വിശേഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.കോമഡിയുടെ മേമ്പൊടിയോടെയാണ് എലിസബത്തിന്റെ ”അരഗന്റായ ‘ സ്വഭാവം ചിത്രീകരിച്ചിരിക്കുന്നത്. എലിസബത്തിന്റെ ഓഫീസുള്ള അതെ കോംപ്ലക്‌സില്‍ തന്നെ ഷോപ്പു നടത്തുന്ന അലക്‌സിന് ( നരേന്‍ ) എലിസബത്തിനോട് വല്ലാത്ത പ്രേമമാണ്. അവളാകട്ടെ തിരിഞ്ഞു നോക്കുന്നതേയില്ല.കോയമ്പത്തൂരില്‍ ഒരു ബിസിനസ് മീറ്റിന് പോകുന്നതോടെ എലിസബത്തിന്റെ ജീവിതം മാറി മറിയുന്നു.ചിത്രം അതോടെ ട്രാജഡിയുടെ ട്രാക്കില്‍ കയറുകയാണ്. നായികയുടെ സ്വഭാവവും പെട്ടെന്ന് നേര്‍ വിപരീതമായി മാറി.എന്നാല്‍ പ്രേക്ഷകനെ അത്രയൊന്നും സ്പര്‍ശിക്കാത്ത ക്ലൈമാക്സിലെ ട്വിസ്റ്റോടെ എലിസബത്തിന്റെ ജീവിതം വീണ്ടും ദിശമാറി ഒഴുകുകയാണ്.

നിങ്ങള്‍ പെട്ടെന്നു മരിക്കുമെന്നുറപ്പായാല്‍ എന്തു ചെയ്യുമെന്ന സ്റ്റീവ് ജോബ്‌സിന്റെ ചോദ്യത്തിനുത്തരം നല്‍കാന്‍ തിരക്കഥാകൃത്ത് ഇടയ്ക്കു ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ അവസാനത്തെ ട്വിസ്റ്റ് അത്ര വിശ്വസനീയമല്ല. പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ദഹിച്ചെന്നു വരില്ല. അമിത പ്രതീക്ഷകളൊന്നുമില്ലാതെ കാണേണ്ട ചിത്രമാണ് ക്വീന്‍ എലിസബത്ത്.രണ്ടു മണിക്കൂറെ ദൈര്‍ഘ്യമുള്ളുവെങ്കിലും തിരക്കഥയില്‍ ചെറിയ ഇഴച്ചില്‍ അനുഭവപ്പെടും.ശിക്കാര്‍, ജോസഫ്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലൂടെ ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പ് തെളിയിച്ചിട്ടുള്ള സംവിധായകന്‍.എം പത്മകുമാറിന്റെ മേക്കിംഗ് മികവാണ് പ്രേക്ഷകനെ ചിത്രത്തിന്റെ അവസാനം വരെ പിടിച്ചിരുത്തുന്നത്.

ക്വീന്‍ എലിസബത്തായി മീരാ ജാസ്മിന്റേത് മികച്ച പ്രകടനമാണ്. എന്നാല്‍ ‘ഡയലോഗ് ഡെലിവറി ഏറെ മെച്ചപ്പെടാനുണ്ട്.നരേന് ‘ എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ ‘എന്ന ക്ലാസ്‌മേറ്റ്‌സ് ഇമേജാണ് നല്‍കിയിരിക്കുന്നത്.ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ജോണി ആന്റണി,മല്ലികാ സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്,ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഹൈറേഞ്ചും കൊച്ചി നഗരവും ഭംഗിയേറിയ ഫ്രെയിമുകളിലൂടെ ജിത്തു ദാമോദരന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നു. വെള്ളം, അപ്പന്‍, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് ക്വീന്‍ എലിസബത്ത്.