ഭരണകൂടങ്ങള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍..

In Special Story
August 17, 2023

കൊച്ചി: കോടതികള്‍ മാത്രമാണ് ഇന്ന് ജനങ്ങള്‍ക്ക് ഏക ആശ്രയമെന്ന് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആര്‍. പരമേശ്വരന്‍ അഭിപ്രായപ്പെടുന്നു.

അതുകൊണ്ട്, 130 കോടി ജനങ്ങള്‍ കൂപ്പുകയ്യുകളോടെ ബഹുമാനപ്പെട്ട കോടതികളോട് അഭ്യര്‍ത്ഥിക്കുന്നത് നീതിയുക്തമായും വേഗത്തിലും നീതിയന്ത്രം പ്രവര്‍ത്തിപ്പിക്കേണമേ എന്നാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു:

പ്രത്യക്ഷമായും സംഘപരിവാര്‍ ഭരണകൂടത്തിന് അനുകൂലമായ വിധികള്‍ പുറപ്പെടുവിച്ച മൂന്നുനാല് ബഹുമാനപ്പെട്ട ജഡ്ജിമാരെ ഗുജറാത്തില്‍ നിന്ന് സ്ഥലം മാറ്റിയ സുപ്രീംകോടതിയുടെ നടപടി വളരെ അഭിനന്ദനീയമാണ്.

ആ വിധികള്‍ ചിലത് അസംബന്ധം നിറഞ്ഞതും പക്ഷപാതപരവും ആണെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തിയിരുന്നു. ഈ സ്ഥലംമാറ്റനടപടിക്കുശേഷവും ഇന്നലെ പോലും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള കെജ്രിവാളിന്റെ വിവരാവകാശഅന്വേഷണഅപേക്ഷ ‘ വളരെ കുറ്റകരം തന്നെ’ എന്ന് ഉറപ്പിച്ച ഒരു അപ്പീല്‍ വിധി ഉണ്ടായി!

സ്വതന്ത്ര ജുഡീഷ്യറി എന്ന സങ്കല്‍പം കരിഞ്ഞു പോകാതിരിക്കാന്‍ കോടതികളുടെ അച്ചടക്കപരമായ ഈ മേല്‍കീഴ്ബന്ധം കേരളത്തിലും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കത്തക്ക വിധത്തിലുള്ള പല സംഭവങ്ങളും ഇവിടെയും ഉണ്ടാകുന്നുണ്ട്.

ഭരണകൂടത്തിലുള്ള ഒരു സംഘം കുറ്റവാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെസ്റ്റ് നമ്പര്‍ ഇട്ട് പരമ്പരയായി കള്ള കേസുകള്‍ കൊടുക്കുന്നതിന്റെ വിശാലചിത്രം കോടതികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ എന്ന് സാധാരണ ജനങ്ങള്‍ ആശിച്ചു പോകും.

ഈയിടെ അക്കൂട്ടത്തില്‍ പെട്ട ഒരു മാധ്യമപ്രവര്‍ത്തകന്റെ പേരിലുള്ള പ്രത്യക്ഷത്തില്‍ തന്നെ വ്യാജമായ ദളിത് പീഡന ആരോപണകേസില്‍ കേരളത്തിലെ രണ്ടു കോടതികളില്‍ രക്ഷ കിട്ടാതെ സുപ്രീം കോടതിയിലാണ് പ്രതിക്ക് ആശ്വാസം ലഭിച്ചത് എന്നത് ദുഃഖകരമാണ്.

പാവപ്പെട്ട ജനങ്ങള്‍ നൂറുറുപ്പികയും ഇരുന്നൂറുറുപ്പികയും ഒക്കെയായി സംഭാവന ചെയ്തു ഉണ്ടായതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിന്റെ ദുര്‍വിനിയോഗത്തെ കുറിച്ച് ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ മൂന്ന് നാല് കൊല്ലം മുന്‍പ് കൊടുത്ത പൊതു താല്‍പര്യഹര്‍ജിയുടെ ദുര്‍വിധി പൊതുസമൂഹം ഏറെക്കാലമായി കണ്ടുകൊണ്ടിരിക്കുകയാണ്.

ജനവഞ്ചനയുടെ മെറിറ്റും അന്തസ്സത്തയും പരിഗണിക്കപ്പെടും എന്ന് ആശിച്ച് ലോകായുക്തയെ സമീപിക്കുമ്പോള്‍ സാങ്കേതികത്വങ്ങള്‍ ആണ് മറുപടി. തന്നെയുമല്ല,പരാതിക്കാരനും അദ്ദേഹത്തിന്റെ പരിചയസമ്പന്നനായ അഭിഭാഷകനും പരിഹസിക്കപ്പെടുകയും ശാസിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം തിക്താനുഭവം അന്തിമ വിധിയുടെ ഒരു മുന്‍കൂര്‍ രുചി നല്‍കുന്നുണ്ട്.

ഇത്തരം നീതി നടത്തിപ്പിന്റെ ഗഹനതയെ മനസ്സിലാക്കാന്‍ സാധാരണ പൗരന്മാരുടെ സാമാന്യബുദ്ധിക്ക് കഴിയാതെ പോകുന്നു.

പൗരനെതിരായ പക്ഷപാതപരമായ വിധികള്‍ തീവ്രവാദബോംബ്‌സ്‌ഫോടനത്തേക്കാള്‍ ആപല്‍ക്കരം ആണെന്ന് ഞാന്‍ മുന്‍പ് പറയുകയുണ്ടായി. കാരണം ജനകീയ പ്രശ്‌നങ്ങളിലെ ഒരു പക്ഷപാതപരമായ വിധി നാടിന്റെ അടിത്തറയെ തന്നെ തകര്‍ക്കുന്നതും ദുരധികാരികള്‍ ചെയ്യുന്ന അനീതിക്കെതിരെ കോടതിയെ സമീപിക്കാന്‍ പൗരനെ നിരുത്സാഹപ്പെടുത്തുന്നതും ആകും. അത്തരം ഒരു അവസ്ഥ ഇപ്പോള്‍തന്നെ ഉണ്ടായിട്ടുണ്ട്.

പത്തിരുപത് കൊല്ലം മുന്‍പ് വരെ നമ്മുടെ വനംകയ്യേറ്റക്കാര്‍ക്കും ജലസ്രോതസ്സുകളെ മലിനീകരിക്കുന്ന വന്‍ വ്യവസായികള്‍ക്കും എതിരായി ധാരാളം പൊതുതാല്‍പര്യകേസുകള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കാറുണ്ട്.ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിട്ടുള്ളത് പരിസ്ഥിതി ധ്വംസകരുടെ വധഭീഷണികളേക്കാള്‍ കോടതികളുടെ മനോഭാവമാണ് അവര്‍ക്ക് ഭയാനകം ആയി തോന്നിയിട്ടുള്ളത് എന്നാണ് .ഇന്ന് പരിസ്ഥിതി ചൂഷണം അന്നത്തേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുള്ളപ്പോഴും പൊതുതാല്‍പര്യ ഹര്‍ജികളുമായി കോടതികളെ സമീപിക്കുന്നവരുടെഎണ്ണം കുറവായി വരികയാണ്.

സര്‍വ്വകലാശാലകളിലെ നിരവധിയായ വഴിവിട്ട നിയമനങ്ങളെ കുറിച്ചും ദുരിതാശ്വാസനിധി ദുര്‍വിനിയോഗം പോലെ ഉള്ള ഗൗരവാവഹമായ കാര്യങ്ങളെക്കുറിച്ചും കോടതിയെ സമീപിക്കുന്ന ആര്‍.എസ് .ശശികുമാറിനെപോലുള്ളവര്‍ ചെയ്യുന്നത് നമ്മുടെ ഉറങ്ങുന്ന പ്രതിപക്ഷവും ദാസ്യവേല ചെയ്യുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും ചെയ്യേണ്ടുന്ന ജോലിയാണ്.

തുടരെത്തുടരെ കോടതികളില്‍ നിന്ന് നിരാശാജനകമായ തിരിച്ചടികള്‍ ലഭിച്ചുകഴിയുമ്പോള്‍ ഉത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളും ക്രമേണ ഇല്ലാതാവും .അഞ്ച് ലക്ഷത്തോളം വിചാരണത്തടവുകാര്‍ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇതില്‍ നല്ലൊരു ശതമാനം പേര്‍ നിരപരാധികള്‍ പോലും ആവാം .ഈ അവസ്ഥ ഒരു രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ ആരോഗ്യകരമായ സൂചികയല്ല.

കേന്ദ്രങ്ങളിലായാലും സംസ്ഥാനങ്ങളിലായാലും ഭരണകൂടസ്ഥാപനങ്ങളും ബ്യൂറോക്രസിയും നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന കാഴ്ചകളാണ് ഇന്ന് കാണുന്നത് .കോടതികള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഇന്ന് ഏക ആശ്രയം .130 കോടി ജനങ്ങള്‍ അതുകൊണ്ട് കൂപ്പുകയ്യുകളോടെ ബഹുമാനപ്പെട്ട കോടതികളോട് അഭ്യര്‍ത്ഥിക്കുന്നത് നീതിയുക്തമായും വേഗത്തിലും നീതിയന്ത്രം പ്രവര്‍ത്തിപ്പിക്കേണമേ എന്നാണ് .