സച്ചിന്‍ സാവന്തുമായി ബന്ധം: നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു

മുംബൈ: ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു. സാവന്തുമായി ബന്ധം കണ്ടെത്തിയതോടെയാണ് നവ്യയെ ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങി നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

ഈ വര്‍ഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്തവിധം 2.46 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സാവന്തിനും കുടുംബാംഗങ്ങള്‍ക്കും എതിരേയുള്ള സി.ബി.ഐ.യുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇ.ഡി. അന്വേഷിക്കുന്നത്.

കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇ.ഡി. അന്വേഷണത്തില്‍ സാവന്ത്, നവ്യാ നായര്‍ക്ക് ആഭരണങ്ങളുള്‍പ്പെടെ ചില സമ്മാനങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങള്‍ കൈപ്പറ്റിയതെന്നും നവ്യാ നായര്‍ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.

സൗഹൃദത്തിന്റെ അടയാളമായി സച്ചിന്‍ തനിക്ക് ചില ആഭരണങ്ങള്‍ സമ്മാനിച്ചതായി നവ്യ തന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വസതികളില്‍ താമസിച്ചപ്പോള്‍ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂര്‍ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിന്‍ സമ്മാനം നല്‍കിയിട്ടുണ്ട്. താന്‍ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ.ഡി.യെ അറിയിച്ചിട്ടുമുണ്ട് – നവ്യാ നായര്‍ പ്രതികരിച്ചു.

2011-ല്‍ സാവന്ത് കുടുംബത്തിന്റെ ആകെ ആസ്തി 1.4 ലക്ഷം രൂപയായിരുന്നു. 2022-ല്‍ ഇത് 2.1 കോടി രൂപയായി ഉയര്‍ന്നു. ഈ കേസില്‍ സാവന്തിനെതിരേ അഴിമതി പരാതി ലഭിച്ചതിനു പിന്നാലെയാണ് അനധികൃത സ്വത്തുസമ്പാദനത്തിന് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്. സാവന്തിനെ നേരത്തേ മുംബൈ സോണല്‍ ഓഫീസില്‍ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News