വികസനം വന്നേ, കോടികൾ കൊയ്യാൻ പോകുന്നേ!!

കൊച്ചി:”ടിവിയിൽ വന്ന് ഇവിടെ വികസനം വന്നേ, കോടികൾ കൊയ്യാൻ പോകുന്നേ എന്നൊക്കെ ആർത്തു വിളിക്കുന്നവർ എങ്ങനെയാണ് ഈ തുറമുഖം ഇവിടെ വികസനം കൊണ്ട് വരുന്നത് എന്ന് മാത്രം പറയുന്നില്ല. ഇവിടെ വ്യവസായം വരുമെന്നാണോ? എന്ത് വ്യവസായം?…”
മുൻ ഐക്യ രാഷ്ട്രസഭ ഉദ്യോഗസ്ഥനായ പ്രമോദ്‌കുമാർ ഫേസ്ബുക്കിലെഴുതുന്നു.

“അല്ലെങ്കിൽ തന്നെ ചൈന മോഡൽ മാനുഫാക്ച്ചറിങ് കൊണ്ട് ഇനി രക്ഷപ്പെടാനാവില്ല എന്ന് ഇക്കണോമിസ്റ്റുകൾ പറയുന്ന സമയത്ത് ഉല്പാദനത്തിന്റെയോ, നിര്മാണത്തിന്റെയോ ഒരു അഡ്ഡ്രസ്സുമില്ലാത്ത ഒരു സ്ഥലം പെട്ടെന്ന് അങ്ങനെ മാറുമോ? അങ്ങനെ ഒരു ചരിത്രം ലോകത്തെവിടെയെങ്കിലുമുണ്ടോ? ഇന്ത്യയിലെ മറ്റുള്ള സ്ഥലങ്ങളിൽ ആഴക്കടൽ പോർട്ടുകൾ ഉണ്ടായിട്ടാണോ വ്യാവസായിക ഉല്പാദനങ്ങൾ നടന്നത്? ഇന്ത്യയുടെ ഏറ്റവും ഫാക്ടറികൾ കിടക്കുന്നത് ഇന്ന് തമിഴ് നാട്ടിലാണ്, അവിടെ മദ്രാസ് പോർട്ടും, തൂത്തുക്കുടിയും ഒക്കെയോ ഉളളൂ”…പ്രമോദ്‌ തുടരുന്നു.

 

 

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-


വിഴിഞ്ഞത്ത് മറ്റ് ആഴക്കടൽ തുറമുഖങ്ങളിലൂടെ പൊയ്ക്കൊണ്ടിരുന്ന കുറെ കണ്ടെയ്‌നറുകൾ ഇറങ്ങിക്കയറി പോവും, പ്രധാനമായും ഇന്ത്യയിൽ നിന്ന് ഇപ്പോൾ കൊളംബോ വഴിയും, സിംഗപ്പൂർ വഴിയും, UAE വഴിയും ഒക്കെ പോകുന്നവ. വേറൊന്നും കൊണ്ടല്ല, അദാനി ആണ് ഇത് നടത്തുന്നത് എന്നത് കൊണ്ട്. അല്ലെങ്കിൽ വര്ഷങ്ങളായി കൊളംബോ വഴിയും ഒക്കെ establish ചെയ്ത ഒരു ലോജിസ്റ്റിക്‌സ് സിസ്റ്റം ഇന്ത്യയിലെ വൻകിട exporters മാറ്റേണ്ട കാര്യമില്ലല്ലോ. വിഴിഞ്ഞം വരുമ്പോൾ കൊളംബോ തീർച്ചയായും ഇപ്പോഴുള്ള കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ എന്തെങ്കിലുമൊക്കെ വൻ ആനുകൂല്യങ്ങൾ ചെയ്യുകയും ചെയ്യും, കാരണം 70 ശതമാനം അവരുടെ കാർഗോയും ഇവിടെ നിന്നാണ്. അത് പോട്ടെ. കൊളംബോ പോളിയും, വിഴിഞ്ഞം കലക്കും എന്ന് തന്നെ വയ്ക്കാം.

പക്ഷെ ഈ ടിവിയിൽ വന്ന് ഇവിടെ വികസനം വന്നേ, കോടികൾ കൊയ്യാൻ പോകുന്നേ എന്നൊക്കെ ആർത്തു വിളിക്കുന്നവർ എങ്ങനെയാണ് ഈ തുറമുഖം ഇവിടെ വികസനം കൊണ്ട് വരുന്നത് എന്ന് മാത്രം പറയുന്നില്ല. ഇവിടെ വ്യവസായം വരുമെന്നാണോ? എന്ത് വ്യവസായം?

മദർഷിപ്പിൽ കയറ്റി കൊണ്ട് പോകാനും, അല്ലെങ്കിൽ ഇറക്കാനും, വേണ്ട ചരക്കുകൾ ഉണ്ടാകുന്ന തരത്തിൽ എന്ത് വ്യവസായങ്ങൾ ആണ് ഇവിടെ ഉണ്ടാകാൻ സാധിക്കുക? കാറുകൾ? യന്ത്ര സമഗ്രഹികൾ? വൻതോതിൽ ഇലക്ട്രോണിക്സ്? ഗാര്മെന്റ്സ്? എന്താണ്? അല്ലെങ്കിൽ തന്നെ ചൈന മോഡൽ മാനുഫാക്ച്ചറിങ് കൊണ്ട് ഇനി രക്ഷപ്പെടാനാവില്ല എന്ന് ഇക്കണോമിസ്റ്റുകൾ പറയുന്ന സമയത്ത് ഉല്പാദനത്തിന്റെയോ, നിര്മാണത്തിന്റെയോ ഒരു അഡ്ഡ്രസ്സുമില്ലാത്ത ഒരു സ്ഥലം പെട്ടെന്ന് അങ്ങനെ മാറുമോ? അങ്ങനെ ഒരു ചരിത്രം ലോകത്തെവിടെയെങ്കിലുമുണ്ടോ?

ഇനി അഥവാ മാറണമെങ്കിൽ വല്ലാർപാടം ആ മാറ്റം കൊണ്ട് വരണമായിരുന്നു. കപ്പലുകൾക്ക് ഇത്രയും വലുപ്പമില്ലാന്നല്ലേ ഉള്ളൂ, അവിടെയും കണ്ടെയ്നർ വരാനും പോകാനും നല്ല സൗകര്യമല്ലേ? എന്തെ അവ നിറച്ച് സാധനങ്ങൾ ഉണ്ടാക്കി അയക്കാൻ സാധിച്ചില്ല? മദർഷിപ്പ് വന്നാലേ ഉത്തേജനം ഉണ്ടാകൂ എന്നാണോ? ഇന്ത്യയിലെ മറ്റുള്ള സ്ഥലങ്ങളിൽ ആഴക്കടൽ പോർട്ടുകൾ ഉണ്ടായിട്ടാണോ വ്യാവസായിക ഉല്പാദനങ്ങൾ നടന്നത്? ഇന്ത്യയുടെ ഏറ്റവും ഫാക്ടറികൾ കിടക്കുന്നത് ഇന്ന് തമിഴ് നാട്ടിലാണ്, അവിടെ മദ്രാസ് പോർട്ടും, തൂത്തുക്കുടിയും ഒക്കെയോ ഉളളൂ.

വിഴിഞ്ഞത്ത് കപ്പൽ സംബന്ധിയായ എന്തെങ്കിലുമൊക്കെ പരിപാടികൾ, അറ്റകുറ്റപ്പണികൾ, പിന്നെ കുറേപ്പേരുടെ താമസം തുടങ്ങി കൊളംബോയിൽ നടക്കുന്ന പോലെ, നടക്കും. 2024-ൽ 77 ലക്ഷം കണ്ടെയ്‌നറുകൾ വന്നു പോയ കൊളംബോ തുറമുഖത്തിനു പുറത്തു പോയി നോക്കുക. അവിടെ എന്ത് വ്യവസായമോ, ഉല്പാദന പ്രക്രിയയോ ആണ് നടക്കുന്നത് എന്ന്.
എത്ര ആയിരം കോടിയാണ് വാരാൻ പോകുന്നത് എന്ന് കൂടെ പറയാമോ? 1991-ൽ IT തുടങ്ങിയിടത്ത് ഇപ്പോഴും 20000-30000 കോടിയിൽ കിടക്കുകയാണ്, മറ്റു സംസ്ഥാനങ്ങൾ ലക്ഷങ്ങൾ കഴിഞ്ഞിട്ടും. ചൗശേഷ്ക്കു പണ്ട് റൊമേനിയയെ വികസനം നടത്തി നന്നാക്കിയെടുത്തത് ഓര്മ വരുന്നു. വാചകമടി ഒരു ഇന്ഡസ്ട്രിയാക്കി മാറ്റിയ സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News