ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുറ്റപത്രം

കൊല്ലം : പണമുണ്ടാക്കാൻ വേണ്ടി ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം.

തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ലക്ഷ്യം സാമ്പത്തിക നേട്ടമായിരുന്നുവെന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നു.

കൊട്ടാരക്കര കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51), ഭാര്യ അനിതകുമാരി (39), മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍.

ഓയൂരില്‍ നിന്നു രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികള്‍ തയ്യാറാക്കിയിരുന്നു. കൃത്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കിയും വിപുലമായി ആസൂത്രണം ചെയ്തുമാണു തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്.

തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്‌സാക്ഷി. ഇതല്ലാതെ പുളിയറയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആള്‍, കുളമടയിലെ ചായക്കടയില്‍ പ്രതികള്‍ എത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, ചായക്കടയുടമയായ സ്ത്രീ, ഫാം ഹൗസ് ജീവനക്കാരി തുടങ്ങിയവരും സാക്ഷിപ്പട്ടികയിലുണ്ട്. തട്ടിക്കൊണ്ടു പോയശേഷം പണം ആവശ്യപ്പെട്ടു ഫോണ്‍ ചെയ്തത് അനിത കുമാരിയാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ട് 4.20 നാണ് മരുതമണ്‍പള്ളി കാറ്റാടിയിലെ വീടിനു സമീപത്തുനിന്ന് പദ്മകുമാറും കുടുംബവും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രിതന്നെ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണില്‍ വിളിക്കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു.ഡിസംബര്‍ ഒന്നിനാണു പ്രതികളെ തമിഴ്നാടിനടുത്തു പുളിയറയില്‍നിന്ന് അന്വേഷണസംഘം പിടികൂടിയത്.

കാറ്റാടിയില്‍നിന്ന് സഞ്ചരിച്ച വഴികള്‍, വ്യാജ നമ്ബര്‍ പ്ലേറ്റ് തയ്യാറാക്കിയ സ്ഥലം, ഫാം ഹൗസ്, കുട്ടിയുടെ പെന്‍സില്‍ ബോക്‌സ് വലിച്ചെറിഞ്ഞയിടം, തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നത്തെ വീട്, തെങ്ങുവിളയിലെ ഫാം ഹൗസ് എന്നിവിടങ്ങളില്‍നിന്നെല്ലാം ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് അനിതയും അനുപമയുമുള്ളത്. പദ്മകുമാര്‍ സെന്‍ട്രല്‍ ജയിലിലും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News