സിനിമാ വ്യവസായത്തിന്റെ തലവരമാറ്റാന്‍ ഡി.എന്‍.എഫ്.ടി

കൊച്ചി: ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് മുടക്കുമുതലിന്റെ ഒരംശം തിരികെ വരുമാനമായി നേടാമെന്ന് പ്രതീക്ഷയാണ് ഇപ്പോഴും നിര്‍മ്മാതാക്കളെ സിനിമാ രംഗത്ത് പിടിച്ചു നിര്‍ത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസിന്റെ ജാലകം കൂടി തുറക്കുകയാണ്. പേര് ഡി.എന്‍.എഫ്.ടി. സിനിമാ വ്യവസായത്തിന് കൂടുതല്‍ റൈറ്റ്‌സ് പ്രതിഫലം വാഗ്ദാനം ചെയ്യുകയാണ് ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കണ്‍ അഥവാ ഡിഎന്‍എഫ്ടി.

ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം. സുഭാഷ് മാനുവല്‍ എന്ന മലയാളി സംരംഭകനാണ് ഇതിന് പിന്നില്‍. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനാണ് പ്ലാറ്റ്ഫോമില്‍ എത്തുന്ന ആദ്യ ചിത്രം. ഒടിടി റൈറ്റ്സ് പോലെ, പ്രൊമോഷണല്‍ വീഡിയോസിന്റെയും സ്റ്റില്‍സിന്റെയുമെല്ലാം എന്‍എഫ്ടി റൈറ്റ്സാണ് ഡിഎന്‍എഫ്ടി സ്വന്തമാക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ഇത് അധിക വരുമാനസ്രോതസാണ്.

ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും ക്രിപ്റ്റോകറന്‍സിയും ഉപയോഗപ്പെടുത്തി ഡിഎന്‍എഫ്ടിയിലൂടെ ആഗോള സിനിമാ വ്യവസായത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ട്. സിനിമാ നിര്‍മാതാക്കള്‍ക്ക് പുതിയ വരുമാനസ്രോതസ് തുറക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒടിടി അവകാശത്തിന് സമാനമായി നിര്‍മാതാക്കള്‍ക്ക് ഡിഎന്‍എഫ്ടി അവകാശം വില്‍ക്കാം എന്നതിനപ്പുറത്തേക്ക് സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കാം.

ഡിഎന്‍എഫ്ടി അധിഷ്ഠിത വിനോദ ബിസിനസില്‍ ക്രിപ്റ്റോകറന്‍സിയും വാലറ്റുമെല്ലാം ഏറ്റവും നിര്‍ണായകമാണ്. ഇന്ത്യയില്‍ 11.5 കോടി ക്രിപ്‌റ്റോ നിക്ഷേപകരുണ്ടെന്നാണ് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ കുകോയിന്റെ 2022ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാധ്യതകളും സിനിമാ വ്യവസായത്തിന് ഉപയോഗപ്പെടുത്താമെന്നതാണ് പ്രത്യേകത. ഈ വര്‍ഷം മലയാളത്തിനു പുറമെ പ്രശസ്ത താരങ്ങളുടെ ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് കമ്പനിയുടെ നീക്കം. ഏതായാലും ഡിഎന്‍എഫ്ടി റൈറ്റ്‌സിന്റെ വരവോടെ സിനിമാരംഗത്തുണ്ടാകുന്ന വിപ്ലവമാറ്റങ്ങള്‍ കണ്ടുതന്നെ അറിയണം.