December 12, 2024 8:11 pm

സുന്ദർമേനോന് പത്മശ്രീ; ഇടപെടാൻ ആവില്ലെന്ന് ഹൈക്കോടതി

കൊച്ചി : പ്രവാസി വ്യവസായി ആയിരുന്ന ഡോ. ടി. എ. സുന്ദർ മേനോന് രാഷ്ട്രപതി പത്മശ്രീ ബഹുമതി സമ്മാനിച്ചതിന് എതിരെ സമർപ്പിച്ച പൊതുതാല്പര ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.

ഹർജിയിൽ ഉന്നയിച്ച വിവരങ്ങളുടെ ഗുണദോഷ വശങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്നും, ഈ വിഷയം ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നിൽ കൊണ്ടുവന്ന് പരിഹാരം കാണാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

തൃശൂർക്കാരനായ സുന്ദർ മേനോൻ, ഇപ്പോൾ തൃശൂർ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ടാണ്. കോഴിക്കോട് സ്വദേശി സി.കെ. പത്മനാഭൻ, തൃശൂർ അയ്യന്തോൾ സ്വദേശി വി. ആർ ജ്യോതിഷ് എന്നിവരായിരുന്നു ഹർജിക്കാർ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരും ആയിരുന്നു സുന്ദർമേനോനെ കൂടാതെയുള്ള എതിർകക്ഷികൾ. വസ്തുതകൾ വേണ്ട രീതിയിൽ പരിശോധിക്കാതെ, അനധികൃതമായി പദ്മശ്രീ നൽകി എന്നായിരുന്നു ആരോപണം. അതു കൊണ്ട് ഈ ബഹുമതി പിൻവലിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണം എന്നായിരുന്നു പൊതുതാല്പര്യ ഹർജിയിലെ ആവശ്യം. എന്നാൽ ഇതിൽ പൊതുതാല്പര്യമില്ലെന്നും, ഇത്തരം ഹർജികളിൽ ഇടപെടാൻ ആവില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.

സുന്ദർ മേനോനു വേണ്ടി സീനിയർ അഭിഭാഷകനായ എസ്. ശ്രീകുമാർ, എം. പ്രേംചന്ദ് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News