സിദ്ധാര്‍ത്ഥൻ്റെ കണ്ഠനാളം തകർത്തത് കരാട്ടെ സിജോ

കൽപ്പററ: കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ ഒന്നാം പ്രതി സിൻജോ ജോൺസൻ്റെ മർദ്ദനത്തിലാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥൻ അവശനായതെന്ന വിവരം പുറത്ത്.

സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്.

മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി. ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും നടപ്പാക്കിയതും പിന്നീട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്.

ഇയാൾക്കൊപ്പം മറ്റൊരു പ്രതിയായ കാശിനാഥൻ സിദ്ധാർഥനെ ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. സൈക്കോയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാശിനാഥൻ മനോനില തെറ്റിയവരെ പോലെയാണ് സിദ്ധാർഥനെ മർദ്ദിച്ചത്. കേസിൽ മുഖ്യപ്രതി സിന്‍ജോ ജോണ്‍ ഉള്‍പ്പെടെ എസ് എഫ് ഐക്കാരായ 18 പ്രതികളും പിടിയിലായിരുന്നു.

സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചുമാറ്റിയിരുന്നു.പ്രതികൾ തന്നെയാണ് മൃതദേഹം അഴിച്ചതെന്നും റിപ്പോർട്ടുണ്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ സിദ്ധാർഥന്റെ ഫോണും പ്രതികളുടെ കൈവശമായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികൾ ഫോൺ പിടിച്ചു വെക്കുകയായിരുന്നു.

സിദ്ധാർഥൻ ദിവസങ്ങളോളം മർദ്ദനത്തിന് ഇരയായിട്ടില്ലെന്ന് ഹോസ്റ്റൽ നിവാസികൾ പറഞ്ഞു. സിദ്ധാർഥനെ പട്ടിണിയ്ക്ക് ഇട്ടിട്ടില്ല. സിദ്ധാർഥന്റെ മുറിയിൽ കൊണ്ടുപോയി ഭക്ഷണം നൽകിയിരുന്നുവെങ്കിലും കഴിച്ചിരുന്നില്ല. കോളജ് ആന്റി റാഗിങ് സ്ക്വാഡിന്റെ കണ്ടെത്തലുകൾ തെറ്റാണ്. ഇത്രനാൾ പ്രതികരിക്കാതിരുന്നത് സിദ്ധാർഥന്റെ മരണത്തിലുള്ള ഞെട്ടൽ വിട്ടുമാറാത്തതിനാലാണെന്നും സിദ്ധാർഥന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും വിദ്യാർത്ഥിൾ പറഞ്ഞു.

സംഭവത്തിൽ യൂണിവൈഴ്സിറ്റി വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തതു. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു..