മന്ത്രിസ്ഥാനമില്ല; കളം വിട്ട് രാജീവ് ചന്ദ്രശേഖർ; പിന്നാലെ തിരുത്ത്

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പട്ടികയിൽ ഉൾപ്പെടുത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പ് സമൂഹ മാധ്യമത്തിലിട്ട് ബി ജെ പി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്ര ശേഖർ.മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനിററുകൾക്ക് മുമ്പായിരുന്നു കുറിപ്പ് പുറത്ത് വന്നത്.

പതിനെട്ടു വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പാണ് തിരുവനന്തപുരത്ത് ഡോ. ശശി തരൂരിനോട് തോററ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ വിവാദം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

പിന്നാലെ തന്റെ ടീമിലെ പരിചയ കുറവുള്ള ഒരാൾക്ക് സംഭവിച്ച പിഴവാണ് പോസ്റ്റിന് പിന്നിലെ തെറ്റിദ്ധാരണയെന്ന് അദ്ദേഹം വീണ്ടും കുറിപ്പിട്ടു.

ശശി തരൂരിനോട് 16,077 വോട്ടുകള്‍ക്ക് ആണ് അദ്ദേഹം പരാജയപ്പെട്ടത്.സ്വാഭാവികമായി പുതിയ മന്ത്രിസഭയിലും തനിക്ക് ഇടമുണ്ടാവുമെന്ന് അദ്ദേഹം കരുതി.രണ്ടാം മോദി സര്‍ക്കാരില്‍ ഐടി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം. ഇത്തവണ തോറ്റെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയാറെടുത്തിരുന്നു.

രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ച കുറിപ്പ്:

”എന്റെ 18 വര്‍ഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സര്‍ക്കാരില്‍ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എന്റെ 18 വര്‍ഷത്തെ പൊതുസേവനം അവസാനിപ്പിക്കാന്‍ ഞാന്‍ തീര്‍ച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാന്‍ കണ്ടുമുട്ടിയ എല്ലാവര്‍ക്കും, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊര്‍ജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും എന്റെ അഗാധമായ നന്ദി.

”കഴിഞ്ഞ 3 വര്‍ഷം സര്‍ക്കാരില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച എന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി. ഒരു ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഞാന്‍ തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും.”

രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിനോട് ശശി തരൂര്‍ എക്‌സില്‍ പ്രതികരിച്ചത് ഇങ്ങനെ: ”കേന്ദ്രമന്ത്രിയായിരുന്ന താങ്കളുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് ഈ രാജ്യത്തിന് പൊതുപ്രവര്‍ത്തനത്തിലൂടെ ഇനിയും സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിലെ ജയം പൊതുപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അക്കാര്യത്തിലും ഒരു അങ്കത്തിന് താങ്കള്‍ക്ക് ഇനിയും ബാല്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”