January 18, 2025 7:47 pm

പിണറായി വെറുതെ: ആഭ്യന്തര വകുപ്പിൽ പി.ശശി സർവാധിപതി : അൻവർ

മലപ്പുറം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല, പൊളിററിക്കൽ സെക്രട്ടറി പി.ശശിയാണെന്ന് സി പി എം സ്വന്തന്ത്ര എം എൽ എ യായ പി.വി.അൻവർ ആരോപിച്ചു.

ശശിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നിലമ്പൂർ എം എൽ എ യായ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നടത്തിയത്.

അൻവറിൻ്റെ വാക്കുകൾ ഇങ്ങനെ:

ഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം എടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർഥമായും നിർവഹിച്ചിരുന്നെങ്കിൽ ഈ സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധി വരുന്ന പ്രശ്നമേയില്ല.

സർക്കാരിനെയും  സി പി എമ്മിനെയും ഇടതു മുന്നണിയെയും , പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ശശിയാണ്. അത് അടുത്ത ദിവസങ്ങളിൽ കാണാം. പ്രതിസന്ധി വന്നതിനാലാണ് ഈ കോലത്തിൽ ആകുന്നത്.

ഇതിലും വലിയ പ്രതിസന്ധികൾ സർക്കാർ മറികടന്നിട്ടുണ്ട്. ഇതൊരു ചീഞ്ഞ കേസായി പോയി. ഇങ്ങനെയൊരു മാനക്കേട് സർക്കാരിനു വരാതിരിക്കാൻ കാവലാളായി പ്രവർത്തിക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറി.

അദ്ദേഹം പരാജയമാണ്. അല്ലെങ്കിൽ  വേറെന്തെങ്കിലും അജണ്ടയുണ്ട്. അദ്ദേഹം കഴിവില്ലാത്ത വ്യക്തിയല്ല. കഴിവും ശേഷിയും കാഴ്ചപ്പാടും കണക്കിലെടുത്താണ് സി പി എം ഈ സ്ഥാനത്ത് ഇരുത്തിയത്. അങ്ങനെ ഒരാൾക്ക് ഈ വീഴ്ച പറ്റുമോ? അവിടെയാണ് വേറെ അ‍ജൻഡ ഉണ്ടോ എന്ന് പരിശോധിക്കേണ്ടി വരുന്നത്.

ഞാൻ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ല.  സി പി എം  നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കാണാനെത്തുമ്പോൾ ശശി കടത്തി വിടാറില്ല. അത് ഞാൻ പറഞ്ഞോളാം, മുഖ്യമന്ത്രി തിരക്കിലാണെന്ന് പറയും. മുഖ്യമന്ത്രിയും പൊതുസമൂഹവും പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന് മറയായിട്ടാണ് ശശി നിന്നിട്ടുള്ളത്.

പോലീസിന്റെ വയര്‍ലെസ് മെസേജടക്കം ചോര്‍ത്തിയയാള്‍ക്കെതിരേ നിയമ നടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവനാണ് ശശിയും എ ഡി ജി പി: എം ആർ. അജിത് കുമാറും. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അതിൽ ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ല.അജിത്കുമാറിന് കിട്ടിയെന്ന് ഉറപ്പാണ്.

വയര്‍ലെസ് ചോര്‍ത്തിയ കേസില്‍ കൃത്യമായ കുറ്റപത്രം കൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്താണ് പൊളിറ്റിക്കല്‍ സെക്രട്ടറി കൃത്യമായി ഇടപെടാത്തത്. അതുതന്നെയാണ് വിഷയം.

സോളർ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് .അജിത് കുമാർ തിരുവനന്തപുരം നഗരത്തിലെ പട്ടത്ത് ഫ്ലാറ്റ് വാങ്ങി. 33.80 ലക്ഷംരൂപയ്ക്കു വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷംരൂപയ്ക്ക് വിൽപ്പന നടത്തി. ഇതിലൂടെ 32 ലക്ഷംരൂപ കള്ളപ്പണം വെളുപ്പിച്ചു. 4 ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പും ഇടപാടിലൂടെ നടന്നു.

നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ്, 2016 ഫെബ്രുവരി 19നാണ് അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയത്.  , ആരാണ് ഫ്ലാറ്റിൽ താമസിക്കുന്നതെന്നും, വാടക ആരാണ് വാങ്ങുന്നതെന്നും മാധ്യമങ്ങൾ അന്വേഷിക്കണം. നിർമാണ കമ്പനി പ്രതിനിധിയാണ് ഫ്ലാറ്റ് തിരികെ വാങ്ങിയത്.

55 ലക്ഷംരൂപ വിലയുള്ളപ്പോഴാണ് 34 ലക്ഷത്തിന് കമ്പനി അജിത് കുമാറിന് ഫ്ലാറ്റ് വിറ്റത്. തിരികെ വാങ്ങിയത് 65 ലക്ഷത്തിനും. 32 ലക്ഷംരൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത് കുമാറിന് ലഭിച്ചു. ഇങ്ങനെ നിരവധി ഇടപാടുകൾ നടത്തി. കവടിയാറിൽ ആഡംബര വീട് നിർമിക്കുന്നതിനോട് ചേർന്ന് സഹോദരന്റെ പേരിൽ വസ്തു വാങ്ങി.

വസ്തു വാങ്ങിയാൽ‌ ആധാരം റജിസ്റ്റർ ചെയ്തു രേഖകൾ ലഭിക്കാൻ 15 ദിവസം ചുരുങ്ങിയത് വേണം. അജിത് കുമാറിന് വേഗം രേഖകൾ ലഭിച്ചു. ഫ്ലാറ്റ് ഇടപാടിലൂടെ ഭീകര നികുതി വെട്ടിപ്പും നടന്നു. ഒരു വസ്തു വാങ്ങി 90 ദിവസത്തിനകം മറ്റൊരാൾക്ക് വിറ്റാൽ സ്റ്റാംപ് ഡ്യൂട്ടിയുടെ ഇരട്ടി അടയ്ക്കണം. 2020വരെ ആ നിയമം ഉണ്ടായിരുന്നു.

അജിത്കുമാർ ഈ നികുതി കൃത്യമായി അടച്ചിട്ടില്ല. 4 ലക്ഷത്തിലധികം രൂപ ഇങ്ങനെ വെട്ടിച്ചു. ഇതെല്ലാം വിജിലൻസ് അന്വേഷിക്കണം. മൂന്ന് വീട് അജിത് കുമാറിനുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും വീട് വാങ്ങാൻ ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ല. ഭാര്യയുടെയും ഭാര്യാസഹോദരൻമാരുടെയും പേരിലുള്ള സ്വത്തിനെക്കുറിച്ച് അന്വേഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News