കൊച്ചി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ (പി.എം ശ്രീ) പദ്ധതിയില്‍ ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള മേഖലയില്‍ 32 സ്‌കൂളുകള്‍ക്ക് അംഗീകാരം. ഓരോ സ്‌കൂളിലും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ രണ്ടരക്കോടി രൂപവീതം ലഭിക്കും.
കേരളത്തിലെ 31ഉം ലക്ഷദ്വീപിലെ ഒന്നും കേന്ദ്രീയ വിദ്യാലയങ്ങളെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പി.എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നാലു സ്‌കൂളുകളെക്കൂടി പരിഗണിക്കുന്നുണ്ട്. നിലവിലെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആദ്യവര്‍ഷം 1.15 കോടി രൂപവീതം സ്‌കൂളുകള്‍ക്ക് ലഭിക്കും. അത്യാധുനിക സാങ്കേതികവിദ്യ, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കായികപരിപാടികള്‍ എന്നിവയും ഒരുക്കും. നാലുവര്‍ഷംകൊണ്ട് രണ്ടരക്കോടി രൂപവീതം ഓരോ സ്‌കൂളിനും ലഭിക്കും.
ആദ്യഘട്ടത്തില്‍ 27 സംസ്ഥാനങ്ങളിലെ 6,207 സ്‌കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തില്‍ സി.ബി.എസ്.ഇ, സംസ്ഥാന സിലബസ് സ്‌കൂളുകളെയും പരിഗണിക്കും. 14,500 പി.എം ശ്രീ സ്‌കൂളുകള്‍ സ്ഥാപിച്ച് 20 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
2022 സെപ്തംബര്‍ 7നാണ് പി.എം ശ്രീ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. നാലുവര്‍ഷംകൊണ്ട് മാതൃകാ സ്‌കൂളുകളായി ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന സ്‌കൂളുകളെയാണ് തിരഞ്ഞെടുക്കുക. നിലവിലുള്ള സ്‌കൂളുകളെ ശക്തിപ്പെടുത്തി 14,500 പി.എം ശ്രീ സ്‌കൂളുകളാക്കി മാറ്റും.