കേന്ദ്രം അവഗണിച്ചു, കേരളവും വഞ്ചിച്ചു: പാംപ്ലാനി

In Editors Pick, കേരളം
January 06, 2024

കണ്ണൂര്‍: റബ്ബര്‍ ഇറക്കുമതി നികുതി 25 ശതമാനം കൂട്ടിയെന്ന് പറഞ്ഞ കേന്ദ്രവും 250 രൂപ തരുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ സംസ്ഥാന സര്‍ക്കാരും കര്‍ഷകരെ കബളിപ്പിച്ചുവെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഭരണത്തിലിരിക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കാന്‍ റബ്ബര്‍ കര്‍ഷകര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബര്‍ വിലയിടിവിനെതിരെ റബ്ബര്‍ ഉത്പാദകസംഘം കോ ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

റബ്ബറിന്റെ വില 300 രൂപയാക്കണമെന്ന് പറഞ്ഞപ്പോള്‍ കേരളത്തിലെ രണ്ടുമുന്നണികളും എനിക്കെതിരെ കലാപമുണ്ടാക്കി. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുള്ള 250 രൂപ തന്നാല്‍ മതി, സംതൃപ്തരാണെന്ന് പറഞ്ഞു. ഈ വാഗ്ദാനം വിശ്വസിച്ചാണ് 80 ലക്ഷത്തോളം വരുന്ന റബ്ബര്‍ കര്‍ഷകര്‍ ഇടതുമുന്നണിയെ വിജയിപ്പിച്ചത്. അധികാരത്തിലെത്തുമ്പോള്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഞങ്ങള്‍ ചോദിക്കുന്നത് ക്രിസ്മസിന് ‘കേക്കും വൈനു’മല്ല. എട്ടുമാസമായി റബ്ബര്‍ സബ്‌സിഡി വിതരണം ചെയ്തിട്ടില്ല.

ഇറക്കുമതി നികുതി 25 ശതമാനം കൂട്ടിയെന്ന് കേന്ദ്രം പറഞ്ഞു. 87 ശതമാനം റബ്ബറും ഇറക്കുമതി ചെയ്യുന്നത് ആസിയാന്‍ രാജ്യങ്ങളില്‍നിന്നാണ്. ഈ രാജ്യങ്ങള്‍ക്ക് നികുതി വര്‍ധന ബാധകമല്ല. കര്‍ഷകനുണ്ടാകുന്ന ദുരിതങ്ങള്‍ പരിഗണിക്കാതെ കരാറില്‍ ഒപ്പിട്ടത് സര്‍ക്കാരാണെങ്കില്‍ അതുവഴി കര്‍ഷകനുണ്ടാകുന്ന നഷ്ടം നികത്താനും അവര്‍ക്ക് ഉത്തരവാദിത്വമില്ലേ? ഒരു സംസ്ഥാനത്തിന്റെ മാത്രം വിഷയമാക്കി റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നത്തെ ഒതുക്കരുത്.

വനാതിര്‍ത്തികളില്‍ കാവലാകുകയാണ് വനപാലകരുടെ ചുമതല. കര്‍ഷകന്റെ നേര്‍ക്ക് കുതിരകയറുകയല്ല. റബ്ബര്‍ ടാപ്പിങ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭ ചേരണം. കാര്‍ഷികബജറ്റും വേണം -അദ്ദേഹം ആവശ്യപ്പെട്ടു.