അഭിമാനം സൂര്യനരികെ… സൗരദൗത്യം അവസാന ഘട്ടത്തിലേക്ക്

In Editors Pick, ഇന്ത്യ
January 06, 2024

തിരുവനന്തപുരം: 127 ദിവസം, 15 ലക്ഷം കിലോമീറ്റര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ഇന്ന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്ക് (എല്‍1) അടുക്കും. അതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4നു നടക്കും.

അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തുക. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍1 ബിന്ദുവിലെ പ്രത്യേക സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തിയാല്‍ പിന്നീട് അധികം ഇന്ധനം ഉപയോഗിക്കാതെ ദീര്‍ഘകാലത്തേക്കു പേടകത്തെ അവിടെ നിലനിര്‍ത്താം.

സൂര്യനെ കൂടുതല്‍ അടുത്തുനിന്നു നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബര്‍ 2നു ശ്രീഹരിക്കോട്ടയില്‍നിന്നാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്.

ആദിത്യ എത്തുന്ന എല്‍1 ബിന്ദുവില്‍നിന്നു സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.