ഓണക്കിറ്റ് മഞ്ഞക്കാര്‍ഡിന് മാത്രം

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് അന്ത്യോദയ അന്ന യോജന (എ.എ.വൈ- മഞ്ഞ) കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും മാത്രം. തുണിസഞ്ചിയടക്കം 14 ഉത്പന്നങ്ങള്‍ ഉണ്ടാവും. ഗുരുതര സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം ഈ തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാനത്തെ 93 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 5.88 ലക്ഷം (5,87,691 പേര്‍) വരുന്ന എ.എ.വൈ കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലായുള്ള 20,000 താമസക്കാര്‍ക്കുമാണ് സൗജന്യ കിറ്റ് ലഭിക്കുക. മൊത്തം 6,07,691 കിറ്രുകള്‍ വിതരണം ചെയ്യും. കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. റേഷന്‍കടകള്‍ മുഖേനയായിരിക്കും കിറ്റ് വിതരണം.

കഴിഞ്ഞ വര്‍ഷം 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സംസ്ഥാനത്തെ നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്തിരുന്നു.ഇക്കുറി ഇനങ്ങളില്‍ വ്യത്യാസമുണ്ട്. 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കഴിഞ്ഞ തവണ ലഭിച്ചതായാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്ക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് എല്ലാവര്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന ഏര്‍പ്പാട് സംസ്ഥാനത്ത് ആരംഭിച്ചത്. പിണറായി സര്‍ക്കാരിന് തുടര്‍ഭരണമുറപ്പാക്കിയതില്‍ ഒരു ഘടകം ഇതും ആയിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്. ഇത്തവണത്തെ ഓണക്കിറ്റില്‍ ഏതൊക്കെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതിനെച്ചൊല്ലി ധനകാര്യ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ക്കിടയില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News