‘മഞ്ഞുമ്മല്‍ ബോയ്സ്’: അന്വേഷിക്കാൻ ഇ ഡി രംഗത്ത്

കൊച്ചി: കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 200 കോടിയ്ക്ക് മേല്‍ വരുമാനം ലഭിച്ച ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമ്മാതാക്കൾക്ക് എതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇഡി) അന്വേഷണം ആരംഭിച്ചു

സിനിമാ നിർമ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്. .സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, വേറൊരു നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിന് അകത്തും പുറത്തും വലിയ ശ്രദ്ധനേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു. 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പറവ ഫിലിംസിന്‍റേയും(സൗബിന്‍) പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.

അതേസമയം, നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.