കരുവന്നൂര്‍: പ്രതികളുടെ രക്ഷപെടല്‍ തന്ത്രം തുറന്നുകാട്ടി ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇ.ഡി. പ്രതികളാക്കിയവരില്‍ ചിലരുടെ രക്ഷപെടല്‍ തന്ത്രം കയ്യോടെ പൊക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇവര്‍ തട്ടിപ്പുപണംകൊണ്ട് ആരംഭിച്ച കമ്പനി പാപ്പരാക്കി കേസില്‍നിന്ന് തടിയൂരാന്‍ ശ്രമിച്ചെന്ന് ഇ.ഡി. റിപ്പോര്‍ട്ട്. ബാങ്കില്‍ ഏതാണ്ട് 12 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 14-ാംപ്രതി സി.എം. രാജീവന്‍, 32-ാം പ്രതി കെ.എ. അനിരുദ്ധന്‍, 31-ാംപ്രതി പി.പി. സതീഷ് എന്നിവരും മറ്റു മൂന്നുപേരുംകൂടി തൊട്ടിപ്പാളില്‍ ഗുഡ്വിന്‍ പായ്ക്പെറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആരംഭിച്ചത്. ഇത് നഷ്ടത്തിലാണെന്നും പൂട്ടാന്‍ പോകുകയാണെന്നും കാണിച്ച് പ്രചാരണം നടത്തിയെന്ന് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കരുവന്നൂര്‍ കള്ളപ്പണക്കേസ് ശക്തമായപ്പോള്‍, തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ ഡയറക്ടര്‍മാരായ ആറുപേരും ചേര്‍ന്ന് അപേക്ഷ നല്‍കി. ഡയറക്ടര്‍മാരായ കെ.എ. അനിരുദ്ധന്‍, മുരളി നാരായണന്‍, സി. രാജീവന്‍, പി.പി. സതീഷ്, സന്തോഷ് കുമാര്‍, സുരേഷ് ബാബു എന്നിവരാണ് കൊച്ചിയിലെ നാഷണല്‍ കമ്പനി ട്രിബ്യൂണലില്‍ 2021 ജനുവരി 11-ന് അപേക്ഷ നല്‍കിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണിത്.