ലോക്‌സഭ തെരഞ്ഞെടുപ്പ്: സഖ്യം അനിവാര്യമെന്ന് സിപിഎം വിലയിരുത്തല്‍

In Main Story, ഇന്ത്യ
January 29, 2024

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുനില മെച്ചപ്പെടുത്തണമെങ്കില്‍ ദേശീയതലത്തില്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാനാകണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തല്‍. പലസംസ്ഥാനങ്ങളിലും സംഘടനാസംവിധാനം ശക്തിപ്പെടുത്താനാകുന്നുണ്ടെങ്കിലും അത് സീറ്റാക്കി മാറ്റാനുള്ള സാഹചര്യം ഉറപ്പാക്കാനായിട്ടില്ല. കഴിഞ്ഞതവണ 71 സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്താണ് ജയിക്കാനായത്. ഇത്തവണ ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതിനൊപ്പം, പാര്‍ട്ടിയുടെ സീറ്റുനില ഉയര്‍ത്തേണ്ടതും അനിവാര്യമാണെന്നാണ് സി.പി.എം. കണക്കാക്കുന്നത്.

പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ഞായറാഴ്ചതന്നെ കേന്ദ്രകമ്മിറ്റിയോഗം തുടങ്ങി. രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള സഖ്യത്തിന്റെ ഭാഗമായാല്‍ ജയസാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

ബിഹാറില്‍ ബി.ജെ.പി. വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു. ബി.ജെ.പി. പാളയത്തേക്ക് മാറിയാലും എതിര്‍മുന്നണിക്ക് സാധ്യതയുണ്ട്. ഇത് സി.പി.എമ്മിനും പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ ഇടതുപാര്‍ട്ടികള്‍ക്ക് രണ്ടുസീറ്റുകളാണ് പറഞ്ഞിരുന്നത്. അത് സി.പി.ഐ.(എം.എല്‍) സി.പി.ഐ. എന്നീ പാര്‍ട്ടികള്‍ക്ക് ലഭിക്കാനായിരുന്നു സാധ്യത. ജെ.ഡി.യു. മാറിയതോടെ സി.പി.എമ്മിനും സീറ്റുകിട്ടിയേക്കും.

രാജസ്ഥാനില്‍ രണ്ടുസീറ്റെങ്കിലും മുന്നണിയില്‍നിന്ന് പാര്‍ട്ടി നേടേണ്ടതുണ്ട്. ശ്രീ ഗംഗാനഗര്‍, ചുരു എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണയുണ്ടെങ്കില്‍ ജയിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്രയില്‍ പാല്‍ഗര്‍, ബിന്തോരി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനം മെച്ചപ്പെടുത്താനായിട്ടുണ്ടെങ്കിലും ഇന്ത്യ സംഖ്യത്തില്‍നിന്ന് സീറ്റ് ഉറപ്പാക്കാനായിട്ടില്ല. ബംഗാളിലും ത്രിപുരയിലും സംഘടന മെച്ചപ്പെടുന്നുണ്ടെങ്കിലും വിജയപ്രതീക്ഷ പാര്‍ട്ടിക്കില്ല. തമിഴ്നാട്ടില്‍ ഡി.എം.കെ. മുന്നണിയില്‍നിന്ന് മത്സരിച്ചാണ് കഴിഞ്ഞതവണ രണ്ട് എം.പി.മാരെ സി.പി.എം നേടിയത്. ഈ രണ്ടുസീറ്റും ഉറപ്പാക്കാനുള്ള ശ്രമം നടത്തണം. കമല്‍ഹാസന്റെ പാര്‍ട്ടികൂടി ഇത്തവണ മുന്നണിയിലേക്ക് വന്നിട്ടുണ്ട്. സി.പി.എം. ജയിച്ച കോയമ്പത്തൂര്‍ സീറ്റാണ് കമല്‍ഹാസനും ലക്ഷ്യമിടുന്നത്.