സി പി എം വിട്ടുവീഴ്ച: കേരള കോൺഗ്രസ്സിന് രാജ്യസഭാ സീററ്

തിരുവനന്തപുരം: രാജ്യസഭയിലേക്ക് തങ്ങൾക്ക് അവകാശപ്പെട്ട സീററ് കേരള കോൺഗ്രസ്സ് (എം) ന് വിട്ടു കൊടുക്കാൻ സി പി എം സമ്മതിച്ചു.അങ്ങനെ ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന തർക്കം പരിഹരിച്ചു.

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് വരുന്നത്. അതിൽ രണ്ടെണ്ണം ഇടതുമുന്നണിക്ക് ലഭിക്കും. ഒന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ ഒഴിവിൽ വരുന്നതാണ്. രണ്ടാമത്തെ സീററ് സി പി എമ്മിന് ലഭിക്കാനുള്ളതായിരുന്നു. സി പി ഐയുടെ സീററിൽ കേരള കോൺഗ്രസ് അവകാശവാദം ഉന്നയിച്ചതാണ് തർക്ക കാരണം.

സിപിഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്.

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന വിഷയം. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തര്‍ക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കുകയായിരുന്നു.

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനമാണിതെന്ന് ഇടതുമുന്നണി കൺവീനർ
ഇപി ജയരാജൻ വിശദീകരിച്ചു.