സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം

തിരുവനന്തപുരം: സർക്കാർ മദ്യനയത്തിൽ  വരുത്തുന്ന ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു.

ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ബി. രാജേഷ്, സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്കി. മന്ത്രി രാജേഷ് രാജിഒവെയ്ക്കണം എന്ന് കെ പി സി സി പ്രസിഡണ്ട് ക്. സുധാകരൻ ആവശ്യപ്പെട്ടു .

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ൽ നിന്നും 12 ലേക്ക്) ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.

”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. -അനിമോൻ പറയുന്നു.

‘ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിന്റെ പേരും പ്രസിഡണ്ട് വെളിപ്പെടുത്തുന്നു”.

ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം കൊച്ചിയിൽ ചേർന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.

ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോൻ ഒഴിഞ്ഞുമാറി. കൊച്ചിയിൽ ബാർ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ പക്ഷേ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പറയുന്നത്.

യുഡിഎഫ് കാലത്ത് ബാർകോഴ പ്രതിപക്ഷമായ എൽഡിഎഫ് വൻതോതിൽ ഉയർത്തിയിരുന്നു. ഇന്ന് ഇടത് ഭരണകാലത്തെ മദ്യനയമാറ്റ സമയത്താണ് വീണ്ടും കോഴ ചർച്ചയാകുന്നത്.