March 24, 2025 5:47 am

നവീൻ ബാബുവിൻ്റെ ആത്മഹത്യ; പ്രശാന്ത് ജോലിയിൽ നിന്ന് പുറത്ത്

കണ്ണൂർ:  ജില്ല അഡീഷണൽ മജിസ്ട്രേട്ട്  ആയിരുന്ന പ്രശാന്ത് ബാബുവിന് എതിരെ വ്യാജ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ താൽക്കാലിക ജോലിയിൽ  നിന്ന് ആരോഗ്യ വകുപ്പ് സസ്പെൻ്റ് ചെയ്തു.

സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  പ്രശാന്തിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത് ഗുരുതര കുറ്റങ്ങളായിരുന്നു. പ്രശാന്ത് ഈ മാസം പത്ത് മുതൽ അനധികൃത അവധിയിലാണ്. പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനെന്ന നിലയിൽ  ബിസിനസിൽ ഏര്‍പ്പെട്ടത് സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.
കാര്യസാധ്യത്തിനായി കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തുക കൂടി ചെയ്തതോടെ പൊലീസ് അന്വേഷണത്തിന് കൂടി ശുപാര്‍ശ ചെയ്യുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം അന്വേഷണവും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.  ഗുരുതര കുറ്റകൃത്യങ്ങൾ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് കിട്ടിയ ഉടനെയാണ് പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെന്‍റെ ചെയ്‌തത്.

പരിയാരം മെിക്കൽ കോളേജ് 2019 ൽ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാരുടെ ലയന നടപടികൾ പൂര്‍ത്തിയായിട്ടില്ല. ഇലട്രിക്കൽ സെഷൻ ജീവനക്കാരനായ  പ്രശാന്തിന്‍റെ തസ്തികയിൽ തുടരുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിശദമായ നിയമോപദേശം തേടും.

സസ്പെൻഷൻ പ്രാഥമിക നടപടി മാത്രമാണെന്നും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കി അതിശക്തമായ നടപടി പിന്നാലെ ഉണ്ടാകുമെന്നുമാണ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അറിയിച്ചത്.

അതിനിടെ ഇന്ന് പരിയാരം മെഡിക്കൽ കോളേജിലെത്തിയ  പ്രശാന്ത് പത്ത് ദിവസത്തെ അവധി അപേക്ഷ നൽകി മടങ്ങി.  27,000 രൂപമാസ ശമ്പളം ഉള്ള പ്രശാന്തിന് പെട്രോൾ പമ്പ് തുടങ്ങാൻ പണമെവിടെ നിന്ന് എന്നതാണ് ഉയർന്ന പ്രധാന ചോദ്യം.

എഡിഎമ്മിന്‍റെ മരണ ശേഷം പ്രശാന്തിന്‍റെതേന്ന് പ്രചരിച്ച കള്ളപ്പരാതിയുടെ ഉറവിടം, കൈക്കൂലി ആരോപണത്തിന് തെളിവ് നൽകാൻ  പ്രശാന്തിന് കഴിയാത്തതിൻ്റെ കാരണം, സി പി എം നേതാവ് പിപി ദിവ്യയുടെ വിവാദ ഇടപെടലിനുള്ള കാരണവും അതിനുള്ള സാഹചര്യവും അടക്കം ചോദ്യങ്ങൾ നിവധിയുണ്ട്. ഇതിനൊന്നും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. പോലീസ് തിരയുന്ന ദിവ്യയാകട്ടെ ഇപ്പോഴും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News