മൽസ്യക്കുരുതിക്ക് കാരണം രാസമാലിന്യം

കൊച്ചി: പെരിയാറിലെ ജലത്തിൽ മാരകമായ അളവിൽ സൾഫൈഡ്, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്)യുടെ
പ്രാഥമിക റിപ്പോർട്ട്.

സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് സർവകലാശാല തള്ളി. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം അല്ലെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഈ ദുരന്തം മൂലം കർഷകർക്ക് പത്തു കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കണക്ക്.

പുഴയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കുഫോസ് പഠനസമിതി സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. 3.7 പിപിഎം അളവിലാണ് സൾഫൈഡിൻ്റെ സാന്നിധ്യം ജലത്തിൽ കണ്ടെത്തിയിരിക്കുന്നത്. അമോണിയയുടെ സാന്നിധ്യം 3.2 പിപിഎമ്മും ആണ്.

ഇവ രണ്ടിൻ്റെയും സാന്നിധ്യം അപകടകരമായ തോതിലാണെന്നാണ് റിപ്പോർട്ട്. ജലത്തിൽ ഓക്സിജൻ്റെ അളവ് കുറവാണെന്നും പറയുന്നു.

ജലത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കൾ എങ്ങനെ എത്തിയെന്ന് കണ്ടെത്താനായി വിശദമായ പരിശോധന ആവശ്യമാണെന്ന് കുഫോസിൻ്റെ റിപ്പോർട്ടിലുണ്ട്. ഇതിനായി മത്സ്യങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലവും ലഭിക്കേണ്ടതുണ്ട്.

രാസമാലിന്യത്തിൻ്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും ജലത്തിലെ ഓക്സിജൻ്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയതെന്നുമായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് സബ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പാതാളം ബണ്ടിൻ്റെ ഷട്ടർ തുറന്നതുമൂലം ബണ്ടിൻ്റെ താഴ് ഭാഗങ്ങളിൽ ഡിസോൾവ്ഡ് ഓക്സിജൻ കുറയാൻ കാരണമായെന്നായിരുന്നു റിപ്പോർട്ടിൽ മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയത്.

സംഭവം സംബന്ധിച്ചു മലിനീകരണ ബോർഡും ഫിഷറീസ് വകുപ്പും കുഫോസും അന്വേഷണം നടത്തുന്നുണ്ട്. ദുരന്തകാരണവും മത്സ്യക്കർഷകർക്ക് ഉണ്ടായ നഷ്ടവും അന്വേഷിക്കാൻ ജില്ലാ കളക്ടർ, ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News