ഇന്ന് ഗണപതി.. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ

കൊല്ലം : ‘‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും’’ ‘മിത്ത് വിവാദത്തിൽ’ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ.  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.

‘‘നിങ്ങൾ ശ്രദ്ധിക്കേണ്ടത്, ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. അതാണ് ഈ രാജ്യത്തിന്റെ ഭംഗി.

ഇനിയെങ്കിലും ഇത്തരം വിഷയത്തിൽ കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണം. ഇതൊരു ഓർമപ്പെടുത്തലാണ്. ചില കാര്യങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്കു വിഷമം തോന്നും. അതിനേക്കാളും വിഷമമാണ്, ഹിന്ദു വിശ്വാസികളുടെ ഈ മനോഭാവം. മറ്റുള്ളവരെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ അല്ല, നിങ്ങൾ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കണം. ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്നത് എന്തിനാണെന്നു ചിന്തിക്കണം. ഇവിടെയിരിക്കുന്ന എല്ലാവരുടെയും വീട്ടിൽ‌ ഒരു ഗണപതി വിഗ്രഹമോ ചിത്രമോ ഉണ്ടാകും.

വിഘ്നങ്ങളെല്ലാം ശരിയാക്കിത്തരണേ എന്നു പറയാനാണ് ഇവിടെ ക്ഷേത്രത്തിൽവന്നു പ്രാർഥിക്കുന്നത്. ഗണപതി ഇല്ലെന്ന് ആരെങ്കിലും പറയുമ്പോൾ, മര്യാദയുടെ പേരിലെങ്കിലും അദ്ദേഹത്തിനു വേണ്ടി നമ്മൾ സംസാരിക്കണം. അതുകൊണ്ടാണ് ഈ പരിപാടിയിലേക്കു വിളിച്ചപ്പോൾ ഓടിച്ചാടി വന്നത്. ദൈവം ഉണ്ടോ എന്നു പലയാളുകൾ പല സാഹചര്യത്തിൽ ചോദിച്ചിട്ടുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന, സിനിമയിൽ ഡ്യൂപ്പില്ലാതെ ആക്‌‍ഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇതിന്റെ ഭാഗമായി ഹനുമാൻ സ്വാമി ഭക്തനും കൂടിയാണ്.

ഹനുമാൻ ജയന്തിക്ക് ഞാനൊരു ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടിരുന്നു. എന്റെ സഹപ്രവർത്തകനായ ഒരു ചേട്ടൻ വന്നിട്ട്, ഹനുമാൻ കൊറോണ മാറ്റുമോയെന്നു ചോദിച്ചു. അതിനു ഞാനൊരു മറുപടിയും കൊടുത്തു. അതു വലിയ ചർച്ചയായി. നമ്മൾ ജനിച്ചു വളർന്ന സാഹചര്യത്തിൽ മാതാപിതാക്കൾ പറഞ്ഞ കാര്യമാണ്, ദൈവം ഉണ്ടെന്നത്. പക്ഷേ, ദൈവം എവിടെ ഉണ്ടെന്നു ചോദിച്ചാൽ നമുക്ക് അറിയില്ല. തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമിയുണ്ടെന്നു പറയുമ്പോൾ, സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് കേൾക്കുമ്പോൾ ചിലർക്കു ചിരി വരും.

ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നു പ്രാർഥിക്കുകയാണ്. നമ്മുടെ ആചാരങ്ങളെക്കുറിച്ചും ദൈവങ്ങളെപ്പറ്റിയും പറയുമ്പോൾ സംസാരിക്കാൻ മടിക്കരുത്. അതിനു ചങ്കൂറ്റം ആവശ്യമില്ല. സംസാരിക്കാനായി ആവേശത്തോടെയും ആർജവത്തോടെയും മുന്നോട്ടു വരണം.’’– ഉണ്ണി മുകുന്ദൻ പറഞ്ഞു.