മാലയൂരി മടങ്ങിയത് കപടഭക്തരെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. എം.വിന്‍സന്റ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ശബരിമലയില്‍ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്നതെന്ന് എം. വിന്‍സെന്റ് എം.എല്‍.എ ആരോപിച്ചു.

ഭക്തര്‍ക്ക് പമ്പയിലെത്തി മാല ഊരി സന്നിധാനത്ത് എത്താതെ മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമലയില്‍നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് മന്ത്രി ആരോപിച്ചു. യഥാര്‍ഥ ഭക്തര്‍ ആരും മാല ഊരിയിട്ടോ, തേങ്ങയുടച്ചോ പോയിട്ടില്ല. കപടഭക്തന്മാര്‍ മാത്രമാണ് അത് ചെയ്തിട്ടുള്ളത് എന്നായിരുന്നു മന്ത്രി പറഞ്ഞത്.