July 1, 2025 10:08 am

പാക് ഭീകര താവളങ്ങൾക്ക് കനത്ത നാശമെന്ന് ഉപഗ്രഹ ചിത്രങ്ങൾ

ന്യൂഡൽഹി : പാകിസ്ഥാൻ കയ്യടക്കിവെച്ചിരിക്കുന്ന കശ്മീരിലെ രണ്ടു രണ്ട് പ്രധാന ഭീകര പരിശീലന ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കൂടുതൽ വ്യക്തമായ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.

ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു എന്നാണ് വ്യക്തമാവുന്നതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മാക്‌സര്‍ ഉപഗ്രഹചിത്രങ്ങള്‍ ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ടിആര്‍ടി ഡച്ച് ആണ് പുറത്തുവിട്ടിരിക്കുന്നത്.

മുസഫറാബാദിലെ സയ്യിദ്നാ ബിലാൽ ക്യാമ്പ് ആയിരുന്നു ഇന്ത്യയുടെ ഒരു പ്രധാന ലക്ഷ്യം. കശ്മീരിലെ തങ്ധറിൽ നിന്ന് 36 കിലോമീറ്റർ പടിഞ്ഞാറാണ് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ ഈ തവളം. ആയുധ പരിശീലനം, വനത്തിലെ അതിജീവന പരിശീലനം, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യൽ എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു.

ഉപഗ്രഹ ചിത്രങ്ങളിൽ വലിയ കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്നത് കാണാം. എന്നാൽ സമീപപ്രദേശങ്ങളിൽ നാശനഷ്ടങ്ങളില്ല.

2023 ജൂണിൽ ഇവിടെ പ്രത്യേക പരിശീലനം ലഭിച്ച ഭീകരരെ കത്വയ്ക്കും രാംബനുമിടയിലുള്ള റെയിൽവേ പാലം തകർക്കാൻ ഇന്ത്യയിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് സൈന്യത്തിന് ലഭിച്ച വിവരം.

തുടർന്ന് 2024 മാർച്ചിനും മെയ് മാസത്തിനുമിടയിൽ ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി.കഴിഞ്ഞ വർഷം ജമ്മുവിൽ നടന്ന മിക്ക ഭീകരാക്രമണങ്ങളും നടത്തിയത് ഈ ഭീകരരായിരുന്നു.

മുഫ്തി അസ്ഗർ ഖാൻ കാശ്മീരി, അമീർ ജെഎം, അബ്ദുള്ള ജെഹാദി, ആഷിഖ് നെഗ്രു തുടങ്ങിയ പ്രമുഖ ജയ്ഷ്-ഇ-മുഹമ്മദ് നേതാക്കൾ ഈ ക്യാമ്പ് പതിവായി സന്ദർശിച്ചിരുന്നു.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഈ ക്യാമ്പിന് പിന്തുണയും സംരക്ഷണവും നൽകിയിരുന്നതായി സൈനിക വൃത്തങ്ങൾ പറയുന്നു.

ജമ്മുവിലെ രാജൗരിയിൽ നിന്ന് 40 കിലോമീറ്റർ പടിഞ്ഞാറുള്ള കോട്‌ലിയിലെ ഗുൽപൂരിലാണ് ഇന്ത്യ ആക്രമിച്ച വേറൊരു ഭീകര താവളം.ഇതൊരു ലഷ്കർ-ഇ-തൈബ ഭീകരരുടെ കേന്ദ്രമായിരുന്നു. ഇവിടെ ആത്മഹത്യാ സ്ക്വാഡുകൾ ഉൾപ്പെടെയുള്ള നിരവധി ഭീകരർക്ക് വിപുലമായ യുദ്ധ പരിശീലനം ലഭിച്ചിരുന്നുവത്രെ.

Latest and Breaking News on NDTV

ഉപഗ്രഹ ചിത്രങ്ങളിൽ 110 x 30 അടി വലുപ്പമുള്ള ഒരു കെട്ടിടം നടുവേ പിളർന്ന നിലയിലും,അതിനടുത്തുള്ള ചെറിയ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും കാണാം.

2023-ൽ പൂഞ്ചിലും കഴിഞ്ഞ വർഷം തീർത്ഥാടകരുടെ ബസ്സിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇവിടെ പരിശീലനം ലഭിച്ച ഭീകരരായിരുന്നുവെന്ന് സൈന്യം കരുതുന്നു.

ഈ ക്യാമ്പ് 2022 ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയിലാണ് നിർമ്മിച്ചത്.ഇവിടെ വിപുലമായ താമസ സൗകര്യങ്ങളുമുണ്ടായിരുന്നു, 30-50 ഭീകരരും അവരുടെ പരിശീലകരും ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

പൂഞ്ച്, രാജൗരി മേഖലകളിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ച ഭീകരർ ഈ ക്യാമ്പ് ഉപയോഗിച്ചിരുന്നു. ഇതൊരു ഗറില്ലാ യുദ്ധത്തിനുള്ള പരിശീലന കേന്ദ്രമായിരുന്നുവെന്നാണ് അറിവ്.

2019-ലെ ബാലാക്കോട്ട് ആക്രമണത്തിന് ശേഷം ഈ ക്യാമ്പ് താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നെങ്കിലും, 2020-ൽ ഭീകരർക്ക് പരിശീലനം പുനരാരംഭിച്ചുവെന്ന് സൈന്യം പറയുന്നു.

ഇപ്പോൾ പുറത്തുവന്ന ഈ ചിത്രങ്ങൾ സൈന്യത്തിന്റെ കൃത്യതയാർന്ന ആക്രമണ ശേഷി വ്യക്തമാക്കുന്നുവെന്ന് റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവ അഭിപ്രായപ്പെടുന്നുണ്ട്.

ഭീകരർ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നതിന് മുമ്പ് അവസാനവട്ട പരിശീലനവും ആസൂത്രണവും നടത്തുന്ന സ്ഥലങ്ങളാണ് ഈ ക്യാമ്പുകൾ എന്ന് റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡ പറഞ്ഞു,

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. 26 പേരാണ് ഈ ആക്രമണത്തിൽ മരണമടഞ്ഞത്.

ലഷ്കർ-ഇ-തൈബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ഒമ്പത് താവളങ്ങളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്.പുലർച്ചെ 1:05 മുതൽ 1:30 വരെയായിരുന്നു ആക്രമണം.

പാകിസ്ഥാനിലെ ബഹാവൽപൂർ, മുരിദ്കെ, സിയാൽകോട്ട്, ഷക്കർഗഡിനടുത്തുള്ള ഒരു ഗ്രാമം, പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദ്, കോട്‌ലി, ഭിംബർ, രാവൽക്കോട്ട്, ചക്സ്വരി എന്നിവിടങ്ങളിലായിരുന്നു തിരിച്ചടി.ഈ ആക്രമണങ്ങളിൽ 100-ലധികം ഭീകരർ കൊല്ലപ്പെട്ടു എന്നാണ് സൈന്യം കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News