മന്ത്രിസഭ ഊര്ചുറ്റുന്ന സര്‍ക്കസ് ട്രൂപ്പായി ..

 

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള സദസിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും ലത്തീന്‍ കത്തോലിക്ക സഭയുടെ മുഖപത്രമായ ‘ജീവനാദം’.

സെക്രട്ടേറിയറ്റ് വിട്ട് സംസ്ഥാനപര്യടനത്തിനിറങ്ങിയ പിണറായി മന്ത്രിസഭ ‘സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി’ മാറിയെന്നും ഇത്തരത്തില്‍ ഒരു മന്ത്രിസഭ പരിഹാസ്യമാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

”സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് ചോദിക്കുന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് 20 മന്ത്രിമാരോടൊപ്പം രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി, കേരളത്തിലെ 136 നിയോജകമണ്ഡലങ്ങളിലൂടെ ഏതാണ്ട് 1.15 കോടി രൂപ ചെലവില്‍ കാരവാന്‍ ശൈലിയില്‍ മോടിപിടിപ്പിച്ച ഭാരത് ബെന്‍സ് കോച്ചില്‍ രാജകീയ എഴുന്നള്ളത്തിനിറങ്ങിയത്”-

പോലീസിൽ നിന്ന് ക്രമസമാധാന ചുമതല ഡി വൈ എഫ് ഐ ഏറ്റെടുത്തത് ജനം കണ്ടെന്നും, പെരുമ്പാവൂരിലെ ഷൂ ഏറിൽ വധശ്രമത്തിന് കേസെടുത്തതും, അത് റിപ്പോർട്ട് ചെയ്ത വനിത മാധ്യമ പ്രവർത്തകയെ ഗൂഢാലോചന കേസിൽപ്പെടുത്തിയതും, ജനകീയ പ്രശ്നം ഉന്നയിക്കാൻ ശ്രമിച്ച സഖ്യകക്ഷി എം പി യോടുള്ള സമീപനവുമടക്കം ആളുകൾക്കിടയിൽ ‘നല്ല മതിപ്പ്’ യാത്രയിലുടനീളം ഉണ്ടാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞെന്നും ജീവനാദം വിമർശിക്കുന്നുണ്ട്.

സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പാ തിരിച്ചടവിന് ഇളവ് തേടിയ സാധാരണക്കാരന് 515 രൂപ നൽകി പരിഹസിച്ച മുഖ്യമന്ത്രിയും മന്ത്രിസഭയും ”പൗരപ്രമുഖർ”ക്കായി അഞ്ചു തരം പായസം ഉൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന ഓണ സദ്യ ഒരുക്കിയതിന് ചിലവായ 26.86 ലക്ഷം രൂപ നൽകിയത് സംസ്ഥാന ഖജനാവിൽ നിന്നാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

നവകേരള കെട്ടുകാഴ്ച്ചയും ചോരക്കളിയും ആർക്കും അംഗീകരിക്കാനാവില്ലന്നും, ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ് സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട ജനസമ്പർക്ക പരിപാടി ഓർമ്മയുള്ള സാധാരണക്കാരൻ ഇതിനെതിരെ പ്രതികരിക്കുമെന്നും മുഖപ്രസംഗം പറയുന്നു.

പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറവായിരുന്ന 2023 കടന്നുപോകുമ്പോള്‍, 36 ദിവസം നീണ്ടുനിന്ന നവകേരള സദസ് എന്ന പിണറായി മന്ത്രിസഭയുടെ ജനസമ്പര്‍ക്ക യാത്ര സംസ്ഥാനം നേരിട്ട മറ്റൊരു ദുരന്തമായിമാറിയെന്നും മുഖപ്രസംഗം വിമർശിച്ചു.

സി എം ആർ എൽ മാസപ്പടി വിവാദത്തെ മുൻനിർത്തിയും മുഖ്യമന്ത്രിക്കെതിരെ ജീവനാദം മുഖപ്രസംഗം കടുത്ത ആരോപണം ഉയർത്തുന്നുണ്ട്. മാസപ്പടി വിവാദം പുറത്ത് കൊണ്ടുവന്ന മാത്യു കുഴൽനാടൻ എം എൽ എയുടെ കൈ തല്ലി ഒടിക്കാൻ നവകേരള മർദന പരമ്പരകളുടെ കൂട്ടത്തിൽ ശ്രമം നടന്നുവെന്നാണ് ജീവനാദത്തിന്റെ ആരോപണം.