ഡോ ജോസ് ജോസഫ്
കഥ പറയുമ്പോൾ, മാണിക്യക്കല്ല്, അരവിന്ദൻ്റെ അതിഥികൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എം മോഹനൻ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത മുഴുനീള കോമഡി ചിത്രമാണ് ഒരു ജാതി ജാതകം .
കോമഡി സൃഷ്ടിക്കാൻ സ്ഥാനത്തും അസ്ഥാനത്തും മെയിൽ ഷോവനിസം, സെക്സിസം, സ്വവർഗ്ഗാനുരാഗം, ബോഡി ഷെയിമിംഗ് തുടങ്ങിയവ അരോചകമായി തിരുകിക്കയറ്റിയിട്ടുണ്ട് സംവിധായകൻ. കല്യാണം കഴിക്കാൻ മുട്ടി നടക്കുന്ന നായകൻ്റെ പെണ്ണു കാണലുകളുമായി ബന്ധപ്പെട്ട സിറ്റുവേഷണൽ കോമഡികളിലൂടെയാണ് കഥ പുരോഗമിക്കുത്തത്.കഥയിൽ പുതുമയൊന്നുമില്ല.രാകേഷ് മാന്തോടിയുടെ തിരക്കഥ ദുർബ്ബലമാണ്.

തലശ്ശേരിക്കാരനായ മാമ്പറത്ത് ജയേഷിന് (വിനീത് ശ്രീനിവാസൻ) കല്യാണം കഴിച്ചു സ്വസ്ഥമായി ശിഷ്ടകാലം കഴിച്ചു കൂട്ടണം എന്നതാണ് ജീവിതാഭിലാഷം.2000 കിഡ്സ് വരെ കല്യാണം കഴിച്ചു സുഖിക്കുമ്പോൾ 38 കാരനായ ജയേഷിന് ഇതു വരെയും കല്യാണമായിട്ടില്ല. നല്ല ജോലി. പഴശ്ശിയുടെ പടക്കുറുപ്പന്മാരായിരുന്ന പൂർവ്വികരുടെ കുടുംബ പാരമ്പര്യം. എല്ലാ വെള്ളിയാഴ്ച്ച വൈകിട്ടും വീട്ടിലേക്ക് ട്രെയിൻ കയറും.ശനിയും ഞായറും പെണ്ണു കാണൽ. തിങ്കളാഴ്ച്ച കൃത്യമായി തിരികെ ജോലിയിൽ കയറും. വർഷങ്ങളായി ഇതാണ് ജയേഷിൻ്റെ ശീലം. കല്യാണം നടക്കാത്തതിന് പല കാരണങ്ങളുണ്ട്. കോടാങ്കി ശാസ്ത്രം മുതൽ ജാതകം വരെയുള്ള സകലതിൻ്റെയും വിശ്വാസിയാണ് ജയേഷ്.
ജയേഷിന് ചെറുപ്പക്കാരികളായ ‘നരിമാർക്ക് ‘ പെൺകുട്ടി തന്നെ വധുവായി വേണം. സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഒരു ക്ഷാമവുമില്ല ചിത്രത്തിൽ.പ്രായം 30 കഴിഞ്ഞാൽ സ്ത്രീകൾ പെൺകുട്ടികളല്ല, തള്ളച്ചികളാണെന്നാണ് ജയേഷിൻ്റെ ഭാഷ്യം. ഗർഭമുണ്ടാക്കാൻ വേറെ ആളെ നോക്കേണ്ടി വരുമത്രെ. പെൺകുട്ടിക്കു വേണ്ട യോഗ്യതകളെക്കുറിച്ച് ജയേഷിന് വേറെയും ഡിമാൻ്റുകളുണ്ട്.

കറുത്ത പെണ്ണ് വേണ്ട. നറും പാലിൻ്റെ നിറമായിരിക്കണം.ലക്ഷണ ശാസ്ത്ര പ്രകാരം നീളമുള്ള മുക്കായിരിക്കണം.2000 ൽ ദിനോസറിനെ തിരയുന്നതു പോലെയാണ് ജയേഷിൻ്റെ പെണ്ണ് അന്വേഷണമെന്നാണ് ഓഫീസ് മേധാവി ബാബുവേട്ടൻ (ബാബു ആൻ്റണി) കളിയാക്കുന്നത്. മാങ്ങയും തേങ്ങയും റംബുട്ടാനും ഒരു മരത്തിൽ നിന്നു കിട്ടണമെന്നാണ് വാശി.ലക്ഷണമൊത്ത മെയിൽ ഷോവിനിസ്റ്റ് കൂടിയാണ് ജയേഷ്
ഒരു കല്യാണം ഏകദേശം ഉറപ്പിച്ച ഘട്ടത്തിലാണ് വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്.തറവാടിയായ അച്ഛൻ രാഘവൻ മാഷ് (പി പി കുഞ്ഞികൃഷ്ണൻ ) മകൻ ജയേഷിന് ഈന്തപ്പഴവും ജാതിക്കയും ചേർത്ത ലേഹ്യം നൽകി മകനെ കല്യാണത്തിന് തയ്യാറെടുപ്പിക്കുന്നുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ജയേഷ് ‘ഗേ’ ആയി തെറ്റിദ്ധരിക്കപ്പെടുന്നു.തു ടർന്ന് ‘കുണ്ടൻ’.
സ്വവർഗ്ഗാനുരാഗം, മഴവില്ല്, തുടങ്ങിയ പ്രയോഗങ്ങളെല്ലാം കോമഡിക്കു വേണ്ടി തിരക്കഥാകൃത്ത് നിർലോഭം പ്രയോഗിക്കുന്നു. ‘ഗേ’യാണോ എന്നു പരിശോധിക്കാൻ ജയേഷ് ഇൻ്റർനെറ്റിലൂടെ നടത്തുന്ന സ്വയം പരീക്ഷണവും കാണാം. മകൻ കുണ്ടനാണെന്നുറപ്പിക്കാൻ അച്ഛൻ മകൻ്റെ ജെട്ടിയെടുത്ത് പിങ്ക് നിറമുള്ളതാണോ കളറുള്ള പുള്ളികളുള്ളതാണോ എന്ന് നടത്തുന്ന പരിശോധനയും കോമഡിക്കു വേണ്ടി കുത്തിക്കയറ്റിയിട്ടുണ്ട്. “കുണ്ടൻ’ കുരുക്കിൽ നിന്നും പുറത്തു വരുന്ന ജയേഷിൻ്റെ പെണ്ണുകാണൽ ഇപ്പോൾ തീരുമെന്ന് വിചാരിക്കുമ്പോഴും വീണ്ടും വീണ്ടും നീണ്ടു പോവുകയാണ്. അപ്രതീക്ഷിതമായ ട്വിസ്റ്റോ സസ്പെൻസോ ഒന്നും ചിത്രത്തിലില്ല.
കറുത്ത നിറമുൾപ്പെടെയുള്ള ബോഡി ഷെയിമിംഗ് പ്രയോഗങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും സുലഭമായ ചിത്രത്തിൽ എട്ടോളം നായികമാരാണ് വന്നു പോകുന്നത്. നിഖില വിമൽ ഉൾപ്പെടെ ആരും മനസ്സിൽ തങ്ങി നിൽക്കില്ല. പൊതുമനസ്സിൽ തങ്ങി നിൽക്കുന്ന വികലമായ ചില അബദ്ധ ധാരണകളെ മുതലെടുത്ത് അപക്വമായാണ് കോമഡി സൃഷ്ടിച്ചിരിക്കുന്നത്-

പുതിയ കാലത്തിനൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുമ്പോഴും സമീപനം പിന്തിരിപ്പനാണ്. കാഴ്ച്ചക്കാരിൽ അസ്വാരസ്യം സൃഷ്ടിക്കുന്ന പ്രയോഗങ്ങളും കാഴ്ച്ചകളും നിരുത്തരവാദപരമായി സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് കുത്തിനിറച്ചിരിക്കുന്നു. ഒരു കാരണവുമില്ലാതെ ജയേഷിനെ ട്രെയിൻ യാത്രക്കിടയിൽ സഹയാത്രികൻ ബലമായി ചുംബിക്കുന്ന രംഗം വെറുപ്പുണ്ടാക്കും. വിജ്റുംഭിതനായി നിൽക്കുന്ന ജയേഷിനെ നോക്കി സായൂജ്യമടയുന്ന അച്ഛനെയും ഇടയ്ക്കു കാണാം. തിരക്കഥയിൽ മുമ്പിറങ്ങിയ കുറെ സിനിമകളുടെ റെഫറൻസ് കുത്തിക്കയറ്റുന്നത് മലയാള സിനിമയിൽ ഇപ്പോഴൊരു ഫാഷനായി മാറിയിട്ടുണ്ട്.ഒരു ജാതി ജാതകത്തിലുമുണ്ട് കുറെ മലയാളം സിനിമകളുടെ റെഫറൻസുകൾ.
മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്, കുറുക്കൻ തുടങ്ങിയ ചിത്രങ്ങളിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച വിചിത്ര സ്വഭാവികളായ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളുടെ തുടർച്ചയാണ് ഒരു ജാതി ജാതകത്തിലെ മാമ്പറത്ത് ജയേഷ് .വിനീതിൻ്റെ മാനറിസങ്ങളുമായി ചേർന്നു പോകുന്ന കഥാപാത്രം വളരെ ലൗഡാണ്. സിനിമയുടെ അവസാനത്തിലാണ് ചെറുതായൊന്ന് അടങ്ങുന്നത്.
നിഖില വിമൽ, ഇഷ തൽവർ, കയദു ലോഹർ, ചിപ്പി ദേവസ്സി, സയനോര ഫിലിപ്പ്, ഐശ്വര്യ മിഥുൻ കോറോത്ത്, ഇന്ദു തമ്പി, ഹരിത, രജിതാ മധു തുടങ്ങി നായികമാരുടെ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. തമ്മിൽ ഭേദം മെറിനായി അഭിനയിച്ച ചിപ്പി ദേവസ്സിയും പല്ലവിയായി വന്ന ഇന്ദു തമ്പിയുമാണ്.പി പി കുഞ്ഞികൃഷ്ണൻ്റെ രാഘവൻ മാഷ് അദ്ദേഹത്തിൻ്റെ സ്ഥിരം ശൈലിയിലുള്ള വേഷമാണ്.ബാബു ആൻ്റണിക്കും കാര്യമായൊന്നും ചെയ്യാനില്ല.
നിഷ്കളങ്കമെന്നു തോന്നിപ്പിക്കുമെങ്കിലും അപക്വമായ കോമഡികൾ കുത്തി നിറച്ച ശരാശരി ചിത്രം മാത്രമാണ് ഒരു ജാതി ജാതകം. ചിത്രത്തിൻ്റെ അവസാനം ജാതകം കത്തിച്ച് പുരോഗമനം പ്രഘോഷിക്കുന്നുണ്ടെങ്കിലും അതു വരെയും സംവിധായകൻ വിളമ്പുന്നത് മനുഷ്യൻ്റെ സങ്കീർണ്ണമായ ചില ജീവിതാവസ്ഥകളെ നിസ്സാരവൽക്കരിച്ച് കളിയാക്കുന്ന ചീപ്പ് കോമഡികളാണ്.വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.വർണ് ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 220